ദോഹ: കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്നതായി പൊതുജനാരോഗ്യ മന്ത്രാലയം സാംക്രമികരോഗ നിവാരണ, ആരോഗ്യസംരക്ഷണ വിഭാഗം മേധാവി ഡോ. ഹമദ് അൽ റുമൈഹി. ബൂസ്റ്റർ ഡോസിനെതിരായ തെറ്റായ പ്രചാരണങ്ങൾ അവഗണിക്കണം. ഏറ്റവും സുരക്ഷിതവും ആദ്യ രണ്ട് ഡോസുകളുടെ മാത്രം പാർശ്വഫലങ്ങളുള്ളതുമാണ് ബൂസ്റ്റർ ഡോസ്. ഒമിക്രോണിനെതിരെ ആരോഗ്യസുരക്ഷ നേടാൻ ബൂസ്റ്റർ ഡോസ് ഫലപ്രദമാവും -അദ്ദേഹം പറഞ്ഞു.
രോഗവ്യാപനത്തെ നേരിടാൻ ആശുപത്രികൾ സജ്ജമാണെന്നും ആവശ്യം വരുകയാണെങ്കിൽ നേരത്തേ കോവിഡ് രോഗികൾക്ക് ചികിത്സ ലഭ്യമാക്കിയ ആശുപത്രികളും ചികിത്സക്കായി വിട്ടുനൽകുമെന്നും ഡോ. ഹമദ് അൽ റുമൈഹി വ്യക്തമാക്കി. ബൂസ്റ്റർ ഡോസിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് കോവിഡിന്റെ ഒമിക്രോൺ വകഭേദത്തെ പ്രതിരോധിക്കുകയാണെന്നും ലോകത്ത് ഇതിനകം 107 രാജ്യങ്ങളിൽ ഒമിക്രോൺ വ്യാപിച്ചതായും ഡോ. അൽ റുമൈഹി വിശദീകരിച്ചു.
കഴിഞ്ഞ രണ്ടുമാസത്തിനിടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിച്ചു വരുകയാണെന്നും കുട്ടികളിൽ രോഗം വ്യാപിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും രണ്ടാം ഡോസ് സ്വീകരിച്ച് ആറുമാസം പിന്നിട്ടവരിൽ രോഗ വ്യാപനം കൂടാൻ സാധ്യതയുണ്ടെന്നും ശൈത്യകാലം രോഗാണുക്കൾക്ക് വ്യാപിക്കുന്നതിനുള്ള അനുകൂല കാലാവസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തെ 86 ശതമാനം ആളുകളും കോവിഡ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. ഇതുവരെ 52 ലക്ഷം ഡോസ് വാക്സിൻ വിതരണം ചെയ്തു. സെപ്റ്റംബർ 15 മുതൽ ഇതുവരെയായി രണ്ടരലക്ഷത്തിലേറെ പേർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.