ദോഹ: ജനാധിപത്യത്തിന്റെ ഭാവി എന്ന ശീർഷകത്തിൽ കെ.എം.സി.സി ഖത്തർ കോഴിക്കോട് ജില്ല കമ്മിറ്റി ഉപഘടകമായ ദിശ സെമിനാർ സംഘടിപ്പിച്ചു. തുമാമ കെ.എം.സി.സി ആസ്ഥാനത്തു നടന്ന പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി സലിം നാലകത്ത് ഉദ്ഘാനം ചെയ്തു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഭരണഘടന ഏറ്റവും മനോഹരമാണെങ്കിലും പിൽക്കാലത്തു മതാന്ധത ബാധിച്ചവരുടെ കൈകളിൽ എത്തുന്ന പക്ഷം അത് ഇന്ത്യൻ ജനാധിപത്യത്തിന്റെയും ബഹുസ്വരതയുടെയും അന്തഃസത്ത തകർന്നുപോകാൻ വഴിയൊരുക്കുമെന്ന് ഭരണഘടന ശിൽപികൾതന്നെ അഭിപ്രായപ്പെട്ടിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ദിശ വിങ് ചെയർമാൻ അജ്മൽ നബീൽ അധ്യക്ഷത വഹിച്ചു. പി.സി. മജീദ് ഖിറാഅത്ത് നടത്തി. ഫൈസൽ അബൂബക്കർ കവിത ആലപിച്ചു. ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി അതീഖ് റഹ്മാൻ മോഡറേറ്ററായിരുന്നു.
ജനാധിപത്യം ജനങ്ങൾ തിരഞ്ഞെടുക്കുന്നത് ആണെങ്കിലും അത് ജനങ്ങളുടേതല്ലാതായിട്ട് നാളുകൾ ഏറെ ആയെന്ന് വിഷയാവതരണത്തിനു തുടക്കം കുറിച്ച് കൊണ്ട് കെ.എം.സി.സി ഖത്തർ ഉപദേശക സമിതി വൈസ് ചെയർമാൻ എസ്.എ.എം ബഷീർ പറഞ്ഞു.
സംസ്കൃതി ഖത്തർ കേന്ദ്ര കമ്മിറ്റി അംഗം ശ്രീനാഥ് ശങ്കരൻ കുട്ടി, ഇൻകാസ് കോട്ടയം ജില്ല പ്രസിഡന്റ് അജാത്ത് എബ്രഹാം, സിദ്ധിഹ, മാധ്യമപ്രവർത്തകരായ ഷഫീഖ് ആലിങ്ങൽ, ഫൈസൽ ഹംസ, ഫാറൂഖ് കെ എന്നിവർ സംസാരിച്ചു.
അധികാരത്തിനു വേണ്ടി പ്രാദേശിക കക്ഷികൾ ഫാഷിസ്റ്റുകളെ കൂട്ടുപിടിച്ചതും, ഇടത് കക്ഷികളുടെ അന്ധമായ കോൺഗ്രസ് വിരോധവും, കോൺഗ്രസിന്റെ ഏക പാർട്ടി സ്വപ്നവും ഫാഷിസ്റ്റുകൾക്ക് കേവലം രണ്ട് സീറ്റിൽ നിന്നും അധികാരത്തിലേക്കുള്ള വഴി എളുപ്പമാക്കി എന്നും എന്നാൽ നിലവിൽ ഇന്ത്യയിലെ മതേതര പ്രതിപക്ഷ കക്ഷികളുടെ ഐക്യം ആശാവഹമാണെന്നും ചർച്ചകൾ നിയന്ത്രിച്ചു കൊണ്ട് മോഡറേറ്റർ അതീഖ് സെമിനാർ സംഗ്രഹിച്ചു. സദസ്സിൽ നിന്നുള്ള ചോദ്യങ്ങൾക്ക് പാനലിസ്റ്റുകൾ മറുപടി നൽകി. പരിപാടിയിൽ സംസ്ഥാന, ജില്ല, മണ്ഡലം നേതാക്കളും ദിശ ഭാരവാഹികളും സന്നിഹിതരായിരുന്നു. ദിശ ജനറൽ കൺവീനർ ഷംസുദ്ദീൻ വാണിമേൽ സ്വാഗതവും കൺവീനർ സഈദ് കടമേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.