ദോഹ: വായുടെയും പല്ലിെൻറയും ആരോഗ്യം ഏറ്റവും പ്രധാനപ്പെട്ടതാണെന്ന സന്ദേശവുമായി ദേശീയ കാമ്പയിൻ. പൊതുജനാരോഗ്യ മന്ത്രാലയമാണ് ദേശീയ വായ്, ദന്ത ആരോഗ്യ കാമ്പയിൻ നടത്തുന്നത്. കാമ്പയിനിൽ ആഭ്യന്തര മന്ത്രാലയവും അണിചേർന്നു. മന്ത്രാലയത്തിലെ മെഡിക്കൽ സർവിസ് ഡിപ്പാർട്ട്മെൻറാണ്(ദന്തരോഗ വിഭാഗം) ഇതിൽ പങ്കെടുക്കുന്നത്.
'എെൻറ പുഞ്ചിരിയാണ് എെൻറ ആരോഗ്യം' എന്ന തലക്കെട്ടിൽ ഒൺലൈൻ വഴിയാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. സമൂഹത്തിൽ വായ്, ദന്ത ആരോഗ്യത്തിെൻറ പ്രാധാന്യം ഉയർത്തിക്കൊണ്ടുവരുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ, വിവിധ മെഡിക്കൽ സ്ഥാപനങ്ങളിലെ ദന്ത സേവനവിഭാഗവും പ്രതിരോധ വിഭാഗങ്ങളും തമ്മിലുള്ള ആശയവിനിമയം വർധിപ്പിക്കുകയും കാമ്പയിെൻറ ഉദ്ദേശ്യങ്ങളിൽ പെടുന്നു. കുട്ടികളിലും യുവതലമുറകളിലും പ്രായമായവരിലും ദന്തപരിചരണത്തിെൻറ പ്രാധാന്യം സംബന്ധിച്ചും ഭക്ഷണ, പാനീയങ്ങളിൽ പഞ്ചസാരയുടെ അളവ് കുറക്കുന്നതുമായി ബന്ധപ്പെട്ടും ബോധവത്കരണം ഊർജിതമാക്കുകയെന്നതും ഇതിെൻറ ഭാഗമാണ്.
മന്ത്രാലയത്തിലെ ജീവനക്കാർക്കും കുടുംബങ്ങൾക്കും ആരോഗ്യ സേവനം ഉറപ്പുവരുത്തുകയാണ് മന്ത്രാലയത്തിനുകീഴിലെ മെഡിക്കൽ സർവിസ് വകുപ്പിെൻറ പ്രധാന ചുമതല. മന്ത്രാലയത്തിലെ ജീവനക്കാർക്കിടയിൽ കാമ്പയിെൻറ ലക്ഷ്യങ്ങൾ ഉയർത്തിക്കൊണ്ടുവരുകയെന്നതും മെഡിക്കൽ സർവിസ് വിഭാഗത്തിെൻറ ചുമതലയാണ്. ഡിസംബർ 16ന് ആരംഭിച്ച കാമ്പയിൻ ഡിസംബർ 31 വരെ നീണ്ടുനിൽക്കും. ദന്തരോഗവുമായും ദന്ത ആരോഗ്യവുമായും ബന്ധപ്പെട്ട പൊതുജനങ്ങളുടെ അന്വേഷണങ്ങൾക്കും ചോദ്യങ്ങൾക്കും ആരോഗ്യമന്ത്രാലയത്തിെൻറ വെബ്സൈറ്റിലൂടെ മറുപടി ലഭിക്കും.
കാമ്പയിെൻറ ഭാഗമായി വായ്, ദന്ത ആരോഗ്യവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ പ്രസിദ്ധീകരണങ്ങൾ ആരോഗ്യമന്ത്രാലയത്തിെൻറ സമൂഹ മാധ്യമ പേജുകളിൽ പ്രസിദ്ധീകരിക്കുന്നുണ്ട്. കുട്ടികളുടെ പല്ലുകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി പ്രത്യേക ടിപ്സുകളും മന്ത്രാലയം നൽകിയിട്ടുണ്ട്.
ദോഹ: കുട്ടികളുടെ വായ്ക്കകത്തെ ആരോഗ്യം സംബന്ധിച്ച് അതിശ്രദ്ധ നൽകണമെന്നും പല്ലുകളുടെ ജീർണത, മോണ പഴുപ്പ് എന്നിവയിൽ നിന്ന് അവരെ സംരക്ഷിക്കണമെന്നും ഇത്തരം രോഗങ്ങൾ കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നതോടെ വിദ്യാഭ്യാസ മികവ് പുലർത്താൻ കഴിയാതെ വരുമെന്നും ഹമദ് മെഡിക്കൽ കോർപറേഷൻ രക്ഷിതാക്കളോട് നിർദേശിക്കുന്നു. വായ്ക്കകത്തുണ്ടാകുന്ന വേദനയും അസ്വസ്ഥതകളും കുട്ടികളെ സംബന്ധിച്ച് കഠിനമാണ്.
ഇത് പാഠ്യപ്രവർത്തനങ്ങളിൽ അവരെ ബാധിക്കും. അവധിയെടുക്കാൻ നിർബന്ധിതരാക്കും.കുട്ടികളുടെ പല്ലുകളുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ ശ്രദ്ധിക്കണം. കുട്ടികളുടെ ദിവസേനയുള്ള വായ് ശുചീകരണം ഉറപ്പുവരുത്തണം. വായ് ആരോഗ്യത്തെ സംബന്ധിച്ചും വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ടും കുട്ടികളെ ചെറുപ്പം മുതൽ പഠിപ്പിക്കാൻ രക്ഷിതാക്കൾ ശ്രമിക്കണം. വലുതാകുമ്പോൾ അതവരിൽ വലിയ മാറ്റം വരുത്തും.
വായ് കഴുകുന്നതിനും ബ്രഷ് ചെയ്യുന്നതിനും രക്ഷിതാക്കൾ കുട്ടികളെ നിർബന്ധമായും സഹായിക്കണം. ഫ്ലൂറൈഡ് ടൂത്ത്പേസ്റ്റ് ഉപയോഗിച്ച് ദിവസേന മൂന്ന് പ്രാവശ്യമെങ്കിലും ബ്രഷ് ചെയ്യിപ്പിക്കണം. ഭക്ഷണം കഴിച്ചതിനുശേഷം വായ് നല്ലവണ്ണം കഴുകിവൃത്തിയാക്കാൻ അവരെ ഉപദേശിക്കണം.
മൂന്നു മാസത്തിലൊരിക്കൽ ബ്രഷ് മാറ്റണം. വായ്ക്കകത്തെ അനാരോഗ്യ പ്രവണതകൾ മുഴുവൻ ആരോഗ്യത്തെതന്നെ ബാധിക്കും. ഭക്ഷണരീതികളും ഭക്ഷണങ്ങളുടെ തെരഞ്ഞെടുപ്പും വായ് ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്. കുട്ടികളുടെ ഭക്ഷണരീതിയിലും പോഷകങ്ങളടങ്ങിയ ഭക്ഷ്യവിഭവങ്ങൾ നൽകുന്നതിലും രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും എച്ച്്.എം.സി അധികൃതർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.