ദോഹ: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്ന് കോവിഷീൽഡ് വാക്സിെൻറ ആദ്യഡോസ് സ്വീകരിച്ചവർക്ക് ഖത്തറിൽനിന്ന് രണ്ടാംഡോസ് സ്വീകരിക്കാൻ പ്രത്യേക സംവിധാനം. ഇത്തരക്കാർക്ക് കോവിഷീൽഡിന് സമാനമായ ആസ്ട്രസെനക വാക്സിനാണ് രണ്ടാംഡോസ് നൽകുക. ആസ്ട്രസെനക പോലെ തന്നെ ഓക്സ്ഫെഡ് യൂനിവേഴ്സിറ്റിയുടെ സഹകരണത്തോടെ ഇന്ത്യയിൽ നിർമിക്കുന്നതാണ് കോവിഷീൽഡ്.
രണ്ടും ഒരു വാക്സിൻ തന്നെയാണ്. പേര് മാത്രമാണ് വ്യത്യസ്തം. ഖത്തർ പൊതുജനാരോഗ്യമന്ത്രാലയം നേരത്തേ തന്നെ ആസ്ട്രസെനകക്കും കോവിഷീൽഡിനും അംഗീകാരം നൽകിയിട്ടുണ്ട്. രാജ്യത്ത് ഈ വാക്സിൻ നൽകുകയും ചെയ്തിട്ടുണ്ട്. നിലവിൽ ഇന്ത്യയിൽ കോവിഷീൽഡ് ആദ്യ ഡോസ് എടുക്കുന്നവർക്ക് ഏറെ ദിവസങ്ങൾ കഴിഞ്ഞാണ് രണ്ടാം ഡോസ് നൽകുന്നത്. ഇതിനിടയിൽ ഖത്തറിലേക്ക് മടങ്ങേണ്ടവർ ഏറെ പ്രയാസത്തിലായിരുന്നു. ഇതിനാൽതന്നെ രണ്ടാം ഡോസിന് ഖത്തറിൽ സൗകര്യമേർപ്പെടുത്തിയത് ഇന്ത്യക്കാർക്ക് ഏറെ ആശ്വാസകരമാണ്.
ഇതിനായി പ്രാഥമികാരോഗ്യകേന്ദ്രങ്ങളെയാണ് (പി.എച്ച്.സി) സമീപിക്കേണ്ടത്. ഇവരെ ഹമദ് മെഡിക്കൽ കോർപറേഷെൻറ കമ്യൂണിക്കബിൾ ഡിസീസ് സെൻററിലേക്ക് (സി.ഡി.സി) അയക്കണമെന്നാണ് ആശുപത്രികളിൽ കിട്ടിയ അറിയിപ്പ്. ഇന്ത്യയിൽനിന്ന് ആദ്യ ഡോസ് എടുത്ത് ഖത്തറിലേക്ക് വരുന്നവർ രണ്ടാംഡോസിനായി തങ്ങളുെട ഹെൽത്ത് കാർഡ് പ്രകാരമുള്ള പി.എച്ച്.സിയിൽ എത്തുകയാണ് വേണ്ടത്.
ഖത്തർ അംഗീകരിച്ച വാക്സിനുകളുടെ രണ്ടുഡോസും വിദേശത്തുനിന്ന് എടുത്ത് മടങ്ങിവരുന്നവർ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അവരുടെ രേഖകളിൽ ചേർക്കേണ്ടതുണ്ട്. ഇതിനായി ആരോഗ്യമന്ത്രാലയവുമായാണ് ബന്ധപ്പെടേണ്ടത്. ഇ- ഹെൽത്ത് സിസ്റ്റത്തിൽ ഇത്തരം വിവരങ്ങൾ രേഖപ്പെടുത്താനുള്ള ചുമതല ആരോഗ്യമന്ത്രാലയത്തിനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.