ദോഹ: ലുസൈലിലെ അന്താരാഷ്ട്ര സർക്യൂട്ടിൽ ശബ്ദത്തെയും തോൽപിക്കുന്ന വേഗത്തിൽ കാറുകൾ ചീറിപ്പാഞ്ഞ മണിക്കൂറുകൾ. ഗാലറി നിറഞ്ഞ അരലക്ഷത്തോളം വരുന്ന കാണികൾക്ക് മുന്നിൽ 57 ലാപുകളിലായി ലോകത്തെ അതിവേഗക്കാർ മിന്നൽപിണർ വേഗത്തിൽ ചീറിപ്പാഞ്ഞ ഒന്നരമണിക്കൂർ സമയം.
ഒടുവിൽ, ഫോർമുല വൺ ഖത്തർ ഗ്രാൻഡ്പ്രീയുടെ മൂന്നാം സീസണിലും റെഡ്ബുളിലെ മാക്സ് വെസ്റ്റപ്പൻതന്നെ ഖത്തറിലെ കിരീടാവകാശിയായി. തുടർച്ചയായി രണ്ടാം തവണയാണ് മാക്സ് വെസ്റ്റപ്പൻ ഖത്തർ ഗ്രാൻഡ്പ്രീയിൽ കിരീടം ചൂടുന്നത്. നേരത്തേ ക്വാളിഫയിങ് റൗണ്ടിൽ മികച്ച സമയം നേടിയ വെസ്റ്റപ്പൻ രണ്ടാം സ്ഥാനക്കാരനായാണ് സ്റ്റാർട്ടിങ് ഗ്രിഡിൽനിന്ന് ഓട്ടം തുടങ്ങിയത്. യോഗ്യത റൗണ്ടിൽ മികച്ച സമയവുമായി മേഴ്സിഡസിന്റെ ജോർജ് റസലായിരുന്നു മുന്നിൽ.
എന്നാൽ, ഓട്ടത്തിന് തുടക്കം കുറിച്ചപ്പോൾ വെസ്റ്റപ്പന് വേഗം കൂടി. തുടക്കത്തിൽ നേടിയ ലീഡ് ആദ്യവസാനംവരെ നിലനിർത്തിയായിരുന്നു ഖത്തറിൽ ചാമ്പ്യൻ പട്ടം ഉറപ്പിച്ചത്. 1:31:05.323 സമയത്തിലായിരുന്നു ഫിനിഷ്. ഫെരാറിയുടെ ചാൾസ് ലെക്ലർക് രണ്ടും മക്ലരന്റെ ഓസ്കർ പിയാസ്ട്രി മൂന്നും സ്ഥാനക്കാരായി. മുൻ ചാമ്പ്യൻ ലൂയിസ് ഹാമിൽട്ടന് 12ാം സ്ഥാനക്കാരനായേ ഫിനിഷ് ചെയ്യാൻ കഴിഞ്ഞുള്ളൂ. ചാമ്പ്യൻഷിപ് കിരീടം നേരത്തേ നിലനിർത്തിയാണ് വെസ്റ്റപ്പൻ ഖത്തറിൽ വളയം പിടിക്കാനെത്തിയത്.
മൂന്നുദിവസമായി ഖത്തറിലെ കാറോട്ട പ്രേമികൾ ആഘോഷമാക്കിയ റേസിന്റെ ഫൈനലിസ് സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രി ഉൾപ്പെടെ ഉന്നതർ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.