ദോഹ: ലോകകപ്പ് വേളയിൽ രാജ്യത്തിന്റെ നിരത്തിലോടാനുള്ള ഇലക്ട്രിക് ബസുകളുടെ അവസാന ബാച്ചും ഖത്തറിലെത്തി. കാണികളുടെ യാത്രാ സൗകര്യത്തിനായി മുവാസലാത്തിനു (കർവ) കീഴിൽ ഓടുന്ന ഇലക്ട്രിക് ബസുകളിൽ അവസാന ബാച്ചായി 131 ബസുകൾ കൂടിയാണ് തിങ്കളാഴ്ച ഹമദ് തുറമുഖത്തെത്തിയത്.
ഇതോടെ പൊതുഗതാഗത മന്ത്രാലയം ആവശ്യപ്പെട്ടത് പ്രകാരമുള്ള 741 ബസുകളും രാജ്യത്ത് എത്തിക്കഴിഞ്ഞു. ലോകകപ്പ് കഴിഞ്ഞാലും ഖത്തർ നൽകുന്ന പരിസ്ഥിതി സൗഹൃദമെന്ന പൈതൃകം തുടരുന്നതിന്റെ ഭാഗമായി ഏറെ നിർണായകമാണ് ഇലക്ട്രിക് ബസുകളുടെ സാന്നിധ്യം. ലോകകപ്പിനായി രാജ്യത്ത് എത്തിക്കുന്ന ബസുകൾ തുടർന്നും ഖത്തറിന്റെ നിരത്തുകളിൽ സജീവ സാന്നിധ്യമായി തുടരും. പൊതുഗതാഗത സംവിധാനങ്ങൾ സമ്പൂർണമായി വൈദ്യുതീകരിക്കുന്ന ആദ്യ രാജ്യമെന്ന പദവിയിലേക്ക് നിർണായകമാണ് ലോകകപ്പ് കാലത്തെ ഇലക്ട്രിക് ബസുകളുടെ ഉപയോഗം.
നവംബർ -ഡിസംബർ മാസത്തിൽ ലോകകപ്പ് നടക്കുമ്പോൾ മെട്രോ ലിങ്ക്, ലൈൻ റൂട്ട് എന്നിവയിലാവും ഇലക്ട്രിക് ബസുകൾ ഉപയോഗിക്കുക. ലോകകപ്പ് വേദികൾ നിലനിൽക്കുന്ന ദോഹ, ലുസൈൽ, അൽ ഖോർ എന്നീ മേഖലകളിലേക്കാണ് ഇലക്ട്രിക് ബസുകൾ സർവിസ് നടത്തുക. ടെക്നിക്കൽ - അഡ്മിനിസ്ട്രേറ്റിവ് വിഭാഗത്തിൽ 200ഓളം പേരും ഡ്രൈവർമാരായി 3000ത്തോളം പേരും ഇലക്ട്രിക് ബസിൽ ജീവനക്കാരായുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.