ജിദ്ദ: ഫലസ്തീൻ ജനതക്കുനേരെ തുടരുന്ന ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ആവശ്യപ്പെട്ടു. ഫലസ്തീനിലെ രക്തരൂഷിതമായ സംഭവങ്ങളും ഇസ്രായേൽ ആക്രമണങ്ങളും മറ്റും ചർച്ചചെയ്യുന്നതിന് സൗദി അറേബ്യയുടെ ക്ഷണപ്രകാരം ഒ.െഎ.സി അംഗരാജ്യങ്ങളിലെ വിദേശകാര്യമന്ത്രിതല എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ അടിയന്തര യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു സൗദി വിദേശകാര്യമന്ത്രി.
അന്താരാഷ്ട്ര മാനുഷിക നിയമത്തിെൻറ അടിസ്ഥാനത്തിലുള്ള എല്ലാ അന്താരാഷ്ട്ര പ്രമേയങ്ങളും തീരുമാനങ്ങളും ലംഘിക്കുന്നതാണ് ഫലസ്തീനിലും മുസ്ലിംകളുടെ പവിത്രമായ സ്ഥലങ്ങൾക്കും അവിടെയെത്തുന്ന ആരാധകർക്കും സാധാരണക്കാർക്കു നേരെയും ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണമെന്ന് സൗദി വിദേശകാര്യമന്ത്രി പറഞ്ഞു.
വിശ്വാസ സ്വാതന്ത്ര്യത്തിനും എല്ലാ മതാനുയായികൾക്കും അവരുടെ മതപരമായ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും ഉറപ്പുനൽകുന്ന നിയമങ്ങൾക്കെതിരെയുള്ള ലംഘനവുമാണത്. അധിനിവേശ സേന ജറൂസലമിൽ താമസക്കാരുടെ വീടുകളും സ്ഥലങ്ങളും നിർബന്ധിതമായി പിടിച്ചെടുക്കുന്നു. നിർബന്ധിത നാടുകടത്തലിനെയാണ് ഇതു പ്രതിനിധാനംചെയ്യുന്നത്.
യു.എൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയങ്ങൾ ഉൾപ്പെടെ എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ഇതിനെ ശക്തമായി നിരസിക്കുകയും അപലപിക്കുകയും ചെയ്യുന്നു. കിഴക്കൻ ജറൂസലം ആർക്കും തൊടാൻ അവകാശമില്ലാത്ത ഫലസ്തീെൻറ ഭൂമിയാണെന്ന് പ്രമേയത്തിലുണ്ടെന്നും സൗദി വിദേശകാര്യമന്ത്രി വ്യക്തമാക്കി.
കിഴക്കൻ ജറൂസലമിലെ ഫലസ്തീൻ വീടുകൾ ബലമായി ഒഴിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രകോപനപരമായ ഇസ്രായേലി പദ്ധതികളെയും നടപടികളെയും സൗദി അറേബ്യ പൂർണമായും നിരസിക്കുകയും ശക്തമായി അപലപിക്കുകയും ചെയ്യുന്നു. പരമാധികാരം അടിച്ചേൽപ്പിക്കുന്നതും നിരപരാധികളായ കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള സിവിലിയന്മാർക്ക് നാശനഷ്ടങ്ങൾക്ക് കാരണമാകുന്നതുമായ എല്ലാ സൈനിക നടപടികളും സമാധാന പ്രക്രിയ പുനരംരംഭിക്കാനുള്ള സാധ്യതയെയും അറബ് സമാധാന സംരംഭം നടപ്പാക്കാനുള്ള എല്ലാ നടപടികളെയും മേഖലയിൽ സുരക്ഷ, സ്ഥിരത എന്നിവ കൈവരിക്കുക ലക്ഷ്യമിട്ടുള്ള എല്ലാ അന്താരാഷ്ട്ര ശ്രമങ്ങളെയും ദുർബലപ്പെടുത്തുന്നുവെന്നും സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു.
എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും ഉടമ്പടികളും ലംഘിച്ചുള്ള ഇസ്രായേലിെൻറ അപകടകരമായ നീക്കത്തിനെതിരെ നടപടി സ്വീകരിക്കാൻ ഖുദുസ്- ഫലസ്തീൻ സേവനം മുഖ്യദൗത്യമായിക്കണ്ട് സ്ഥാപിച്ച ഒ.െഎ.സിയുടെ വേദിയിൽനിന്ന് അന്താരാഷ്ട്ര സമൂഹത്തോടും മനുഷ്യാവകാശ സംഘടനകളോടും ആവശ്യപ്പെടുന്നു.
ഖുദ്സും നിരപരാധികളായവരുടെ രക്തവും സംരക്ഷിക്കുക എന്നത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ഫലസ്തീനിലെ ജനങ്ങൾക്ക് നേരെയുള്ള സൈനിക നടപടികൾ ഉടനടി നിർത്തലാക്കണം, പരിക്കേറ്റവരെ സഹായിക്കുകയും ചികിത്സിക്കുകയം ചെയ്യുക, അന്താരാഷ്ട്ര പ്രമേയങ്ങൾക്കും അറബ് സമാധാന സംരംഭത്തിനും അനുസൃതമായി ചർച്ച പുനരാരംഭിക്കണം എന്നിവ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുന്നു.
വെടിനിർത്തൽ ലക്ഷ്യമിട്ടുള്ള ഇൗജിപ്ത്, ജോർഡൻ രാജ്യങ്ങൾ നടത്തിവരുന്ന എല്ലാ ശ്രമങ്ങളെയും രാജ്യം പിന്തുണക്കുന്നുവെന്നും സൗദി വിദേശകാര്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.