ജിദ്ദ: മക്കയിലും മദീനയിലും 100 ചരിത്രസ്ഥലങ്ങൾ പൊതുജനങ്ങൾക്ക് സന്ദർശിക്കാനുതകുംവിധം വിപുല സൗകര്യമൊരുക്കും. വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് സൗകര്യങ്ങൾ ഉയർന്ന നിലവാരത്തിൽ വിപുലീകരിക്കുന്നതെന്ന് ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു. ഹിറ കൾചറൽ ഡിസ്ട്രിക്ടിൽ നടന്ന പാർട്ണേഴ്സ് പ്രോഗ്രാമിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഈ രാജ്യത്തെയും ഇവിടത്തെ ജനങ്ങളേയും ഇരു ഹറമുകൾക്കും ഇസ്ലാമുമായി ബന്ധപ്പെട്ട ചരിത്രകേന്ദ്രങ്ങൾക്കും സേവനം ചെയ്യാൻ ദൈവം അനുഗ്രഹിച്ചിരിക്കുന്നു.
ഹജ്ജ്, ഉംറ തീർഥാടകരുടെയും അനുഭവങ്ങൾ വികസിപ്പിക്കുന്നതിനും അവർക്ക് മക്കയിലും മദീനയിലും അവിസ്മരണീയമായ അനുഭവമാക്കി മാറ്റുന്നതിനാണ് ‘ഗെസ്റ്റ് ഓഫ് ഗോഡ്’ പ്രോഗ്രാം പ്രവർത്തിക്കുന്നത്. മക്കയ്ക്കും മദീനയ്ക്കും മഹത്തായ ചരിത്രമുണ്ടെന്നും അതിനെക്കുറിച്ച് പഠിക്കാൻ മുസ്ലിംകൾ ഉത്സുകരാണെന്നും മന്ത്രി പറഞ്ഞു. ഹിറ ഗുഹ സ്ഥിതിചെയ്യുന്ന അൽനൂർ മലയുടെ ചുവട്ടിലൊരുക്കിയ വേദിയിൽ നടന്ന പാർട്ണേഴ്സ് പ്രോഗ്രാമിൽ നിരവധി കരാറുകൾ ഒപ്പുവെക്കപ്പെട്ടു. ചടങ്ങിൽ മക്കയിലെയും മദീനയിലെയും സാംസ്കാരിക പദ്ധതികളെക്കുറിച്ചുള്ള ഒരു ഹ്രസ്വചിത്രം പ്രദർശിപ്പിച്ചു. മക്കയിലെ ചരിത്രപരവും സാംസ്കാരികവുമായ സ്ഥലങ്ങൾ സന്ദർശിക്കാൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള ‘ഹയാ യാ ഹല’ പ്ലാറ്റ്ഫോമിന്റെ പ്രഖ്യാപനം ചടങ്ങിൽ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.