എയർ അറേബ്യ യാംബു സർവിസ്​ പുനരാരംഭിക്കുന്നു, നവംബർ 28 മുതൽ

യാംബു: യാംബുവിനും ഷാർജക്കുമിടയിലുള്ള വിമാന സർവിസുകൾ പുനരാരംഭിക്കാൻ എയർ അറേബ്യ. മലയാളികളടക്കമുള്ള യാംബുവിലെ ഇന്ത്യൻ പ്രവാസികൾ നാട്ടിലെത്താൻ കൂടുതൽ ആശ്രയിച്ചിരുന്ന ബജറ്റ് എയർലൈനായ എയർ അറേബ്യ ഒരു വർഷം മുമ്പാണ്​ ചില സാങ്കേതിക കാരണങ്ങളാൽ ഈ റൂട്ടിലെ സർവിസ്​ നിർത്തിവെച്ചത്​. തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിലായിരുന്നു നേരത്തെ സർവിസ്​. ഇത് നിർത്തിയത്​ ഈ റൂട്ടിലെ യാത്രക്കാർക്ക് ഇരുട്ടടിയായി.

ഖത്തർ എയർവേയ്​സ്​ ഈ റൂട്ടിൽ കഴിഞ്ഞ ഡിസംബറിൽ സർവിസ്​ ആരംഭിച്ച പശ്ചാത്തലത്തിൽ സർവിസ്​ ഷെഡ്യൂളുകളിൽ മാറ്റം വേണമെന്ന എയർപോർട്ട് അതോറിറ്റിയുടെ നിർദേശം പാലിക്കാൻ പറ്റാതെ വന്നപ്പോഴാണ്​ എയർ അറേബ്യ സർവിസ്​ താൽക്കാലികമായി നിർത്തിവെച്ചത്. പുനരാരംഭിക്കു​മ്പോൾ ആഴ്​ചയിൽ രണ്ട്​ സർവിസായിരിക്കും. വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ 9.45ന് ഷാർജയിൽനിന്ന് പുറപ്പെട്ട്​ രാവിലെ 11.55ന്​ യാംബുവിലും തിരികെ ഉച്ചക്ക് 12.55ന് പുറപ്പെട്ട്​ വൈകീട്ട്​ 4.25ന് ഷാർജയിലും എത്തുംവിധമാണ്​ സർവിസ്​ ക്രമീകരണം.

കണക്ഷൻ വിമാനങ്ങൾ വഴിയാണെങ്കിലും യാംബുവിൽനിന്ന് കോഴിക്കോ​ട്ടേക്കും കൊച്ചിയിലേക്കുമൊക്കെ എയർ അറേബ്യ സർവിസുണ്ടാകും എന്നതാണ് ഈ മേഖലയിലെ​ മലയാളി യാത്രക്കാർക്കുള്ള ആശ്വാസം. ബജറ്റ്​ എയർ​ലൈൻ ആയതിനാൽ യാത്രാചെലവ്​ കുറവുമാണ്​. 


Tags:    
News Summary - Air Arabia resumes Yambu service from November 28

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.