ജി.സി.സി ഉച്ചകോടി: വിദേശമന്ത്രിമാര്‍ തിങ്കളാഴ്ച സമ്മേളിക്കും

ജിദ്ദ: അടുത്ത ബുധനാഴ്ച റിയാദില്‍ ആരംഭിക്കുന്ന 26 ാം ജി.സി.സി ഉച്ചകോടിയുടെ മുന്നോടിയായി അംഗരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ തിങ്കളാഴ്ച യോഗം ചേരും. കഴിഞ്ഞ ഒരു വര്‍ഷത്തെ ജി.സി.സിയുടെ പ്രവര്‍ത്തനം അവലോകനം ചെയ്യുന്ന യോഗം ഉച്ചകോടിയുടെയും വരും വര്‍ഷത്തെയും ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ലത്തീഫ് സയാനി അറിയിച്ചു. സിറിയ, യമന്‍ പ്രതിസന്ധികളും ഫലസ്തീനിലെ ഇസ്രായേല്‍ അതിക്രമവുമായിരിക്കും ഉച്ചകോടിയുടെ മുഖ്യ അജണ്ടയെന്ന് ‘ഉക്കാള്’ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. പശ്ചിമേഷ്യയിലെയും ആഗോളതലത്തിലെയും പ്രശ്നങ്ങളും റിയാദ് ഉച്ചകോടിയുടെ പരിഗണനക്കു വരും. സഹകരണം കടന്ന് ഐക്യത്തിലേക്ക് എന്ന അന്തരിച്ച സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്‍െറ പ്രഖ്യാപനത്തിന്‍െറ ചുവടു പിടിച്ച് ഏകീകൃത ഗള്‍ഫ് എന്ന ലക്ഷ്യത്തിലേക്കുള്ള ചര്‍ച്ച പുരോഗമിക്കുകയാണെന്ന് ജി.സി.സി സെക്രട്ടറി ജനറല്‍ അറിയിച്ചു. ഇതു സംബന്ധിച്ച കൂടുതല്‍ പഠനങ്ങള്‍ക്കായി സമിതി രൂപവത്കരിച്ചിട്ടുണ്ട്. ജി.സി.സി അംഗരാഷ്ട്രങ്ങള്‍ക്കിടയില്‍ കൂടിയാലോചനകള്‍ നടന്നുവരികയാണെന്നും ഏകീകൃത ഗള്‍ഫ് എന്ന ലക്ഷ്യത്തിലത്തെുന്നതു വരെ ഇത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. 
ഐക്യഗള്‍ഫിനു വേണ്ടിയുള്ള പ്രമേയം ജി.സി.സി ചര്‍ച്ചക്കെടുക്കുന്നതു വരെ വിശ്രമമില്ല. ഇതുമായി ബന്ധപ്പെട്ട് വിവിധ തുറകളില്‍ വേണ്ട യോജിപ്പിലേക്ക് വഴിതുറക്കുന്നതിന് സമവായവും ഏകോപനവും ഉണ്ടാക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. അറബ് മേഖലയിലും ആഗോളതലത്തിലും പല വിധ വെല്ലുവിളികളും നേരിടുന്നുണ്ടെങ്കിലും ജി.സി.സി എന്ന ഒറ്റക്കുടക്കീഴില്‍ ഏതു ഗള്‍ഫ് പൗരനും അഭിമാനിക്കാവുന്ന അവസരം ആഗതമാവുക തന്നെ ചെയ്യുമെന്ന് ഡോ. സയാനി ആത്മവിശ്വാസം പ്രകടിപ്പിച്ചു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.