ഐ.എസിനെ തൂത്തെറിയാന്‍ കരയുദ്ധത്തിനും തയ്യാര്‍ –സൗദി

റിയാദ്: ഇറാഖിലും സിറിയയിലും ഭീതി വിതക്കുന്ന ഐ.എസിനെതിരെ കരയുദ്ധത്തിനും ഒരുക്കമെന്ന് സൗദി അറേബ്യ. നിലവില്‍ ഐ.എസിനെതിരെ സിറിയയില്‍ വ്യോമാക്രമണം നടത്തുന്ന അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യത്തിന്‍െറ ഭാഗമാണ് സൗദി. ഐ.എസ് വിരുദ്ധ സഖ്യം സിറിയയില്‍ കരയുദ്ധത്തിന് തുനിഞ്ഞാല്‍ രാജ്യം അതിന്‍െറ ഭാഗമാകുമെന്ന് പ്രതിരോധമന്ത്രിയുടെ  ഉപദേഷ്ടാവ് ബ്രിഗേഡിയര്‍ ജനറല്‍ അഹ്മദ് അസ്സീരി അല്‍ അറബിയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. 
യമനില്‍ ഇടപെടുന്ന സൗദിയുടെ നേതൃത്വത്തിലുള്ള സംയുക്ത സൈന്യത്തിന്‍െറ വക്താവുമാണ് അദ്ദേഹം. ഐ.എസിനെതിരായ യു.എസ് സഖ്യത്തില്‍ 2014 മുതല്‍ സൗദി ക്രിയാത്മകമായ പങ്കുവഹിച്ചുവരികയാണെന്നും അസ്സീരി സൂചിപ്പിച്ചു. 
ഇതിനകം 190 ലേറെ വ്യോമാക്രമണങ്ങള്‍ സൗദി യുദ്ധവിമാനങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ വ്യോമാക്രമണങ്ങള്‍ കൊണ്ടുമാത്രം അവിടെ കാര്യമില്ല. ഐ.എസിനെതിരെ ശാശ്വതമായ വിജയം നേടണമെങ്കില്‍ വ്യോമ നടപടികള്‍ക്കൊപ്പം കരയുദ്ധവും വേണ്ടിവരും. 
അതിനായി സഖ്യത്തിന്‍െറ നേതൃത്വത്തില്‍ അഭിപ്രായ ഐക്യം ഉണ്ടാകേണ്ടതുണ്ടെന്നും ധാരണ ഉരുത്തിരിഞ്ഞാല്‍ സൗദി മടിച്ചുനില്‍ക്കില്ളെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.