സൗദി നയതന്ത്ര സ്ഥാപനങ്ങള്‍ ആക്രമിച്ചതിനെ ഒ.ഐ.സി അപലപിച്ചു

ജിദ്ദ: ഇറാനിലെ തെഹ്റാനിലും മശ്ഹദിലും സൗദി അറേബ്യയുടെ നയതന്ത്രകാര്യാലയങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പറേഷന്‍ (ഒ.ഐ.സി) വിദേശകാര്യ മന്ത്രിമാരുടെ കൗണ്‍സില്‍ യോഗം അപലപിച്ചു. നയതന്ത്ര ബന്ധങ്ങള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും വേണ്ടി 1961 ലും ,63 ലും ഉണ്ടാക്കിയ വിയന്ന കരാറുകളുടെ ലംഘനമാണ് സംഭവിച്ചതെന്ന് ജിദ്ദയില്‍ ഒ.ഐ.സി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിനൊടുവില്‍ പുറത്തിറക്കിയ പ്രസതാവനയില്‍ കുറ്റപ്പെടുത്തി. രാജ്യങ്ങള്‍ക്കിടയില്‍ സമാധാനവും സ്നേഹവുമുണ്ടാക്കുന്നതിനും, അഭിപ്രായ വ്യത്യാസങ്ങള്‍ സൗഹാര്‍ദപരമായി പരിഹരിക്കുന്നതിനും, ഏതെങ്കിലും രാജ്യത്തിന്‍െറ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരാതിരിക്കുന്നതിനുമുള്ള കരാറുകളുടെ നിഷേധമാണിത്. സൗദിയില്‍ ഭീകരാക്രമണ കുറ്റത്തിലേര്‍പ്പെട്ടവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ കൈകൊണ്ടതില്‍ ഇറാന്‍ നടത്തിയ പ്രസ്താവനങ്ങളെ യോഗം തള്ളി. സൗദിയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള കടന്നുകയറ്റമാണിത്. ഒ.ഐ.സിയുടെയും യു.എന്നിന്‍െറയും കരാറുകളുടെ ലംഘനമാണെന്നും വിലയിരുത്തി. മേഖലയിലേയും അംഗരാജ്യങ്ങളായ ബഹ്റൈന്‍, യമന്‍, സിറിയ, സോമാലിയ രാജ്യങ്ങളുടെയും ആഭ്യന്തര കാര്യങ്ങളില്‍  ഇറാന്‍െറ ഇടപെടലുകളേയും ഭീകരതക്ക് സഹായം നല്‍കുന്നതിനെയും നേതാക്കള്‍ ശക്തമായി അപലപിച്ചു. സൗദിയും ഒ.ഐ.സി അംഗരാജ്യങ്ങളും ഭീകരത നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള ശ്രമങ്ങളെ ശക്തമായി പിന്തുണക്കുകയും സഹായിക്കുകയും ചെയ്യും. ഇറാനിലെ നയതന്ത്ര സ്ഥാപനങ്ങള്‍ക്കെതിരെ ആക്രമണമുണ്ടായപ്പോള്‍ ഒ.ഐ.സി അംഗരാജ്യങ്ങളും അല്ലാത്തവരും അറബ് ലീഗും അന്താരാഷ്ട്ര സുരക്ഷ കൗണ്‍സിലും ഗള്‍ഫ് സഹകരണ കൗണ്‍സിലുമെല്ലാം ശക്തമായി രംഗത്തു വന്നത് ഭീകരതക്കെതിരെ തങ്ങള്‍ ഒറ്റക്കെട്ടാണെന്നതിന്‍െറ തെളിവാണ്. രാജ്യങ്ങളുടെ സമാധാനത്തിനും സ്ഥിരതക്കും ഭീഷണിയാകുന്ന പക്ഷപാതിത്വവും വിഭാഗീയതയും പിഴുതെറിയാന്‍ നിലകൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.