മക്കയില്‍ ഭീകര വേട്ട; നാലുപേര്‍ കൊല്ലപ്പെട്ടു

മക്ക: മക്കയില്‍ സുരക്ഷാ വിഭാഗം നടത്തിയ സൈനിക നീക്കത്തിനിടെ നാലു ഭീകരര്‍ കൊല്ലപ്പെട്ടതായി ആഭ്യന്തര വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച രാവിലെ മക്ക -ത്വാഇഫ് റോഡില്‍ 25 കീ. മീറ്റര്‍ അകലെ വാദി നുഅ്മാനിലെ ഒരു വിശ്രമകേന്ദ്രത്തിലാണ് സംഭവം. ഭീകരര്‍ ഒളിവില്‍ കഴിയുന്നതായി വിവരം കിട്ടിയതിനെ തുടര്‍ന്ന് പൊലീസ് സങ്കേതം വളഞ്ഞപ്പോള്‍ അകത്തുനിന്ന് വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ തിരിച്ചടിയിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടത്. 10 മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഭീകരരെ വധിച്ചത്. ശക്തമായ ചെറുത്തുനില്‍പിനൊടുവിലാണ് ഇവരെ വധിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടുന്നതിന് മുമ്പായി രണ്ടുപേര്‍ സ്ഫോടക വസ്തുക്കള്‍ ശരീരത്തില്‍ കെട്ടി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. അതിരാവിലെ തന്നെ പ്രദേശം സുരക്ഷാ ഉദ്യോഗസ്ഥര്‍ വളയുകയും തീവ്രവാദികളോട് സ്വയം കീഴടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സംഭവത്തില്‍ പരിസരത്തുള്ളവര്‍ക്കോ, കാല്‍നടക്കാര്‍ക്കോ, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കോ പരിക്കേറ്റിട്ടില്ല. സുരക്ഷാഭീഷണി ഉയര്‍ത്തുന്നവരെ പിടികൂടുന്നതിന്‍െറ ഭാഗമായാണ് മക്കയിലെ സൈനിക നടപടിയെന്ന് ആഭ്യന്തര മന്ത്രാലയ സുരക്ഷാ വക്താവ് പറഞ്ഞു. ഐ.എസ് ഭീകരര്‍ക്കെതിരെ വാദി നുഅ്മാനില്‍ നടത്തിയ സൈനിക നീക്കം വിജയകരമായിരുന്നുവെന്ന് മക്ക ഗവര്‍ണറേറ്റും ഒൗദ്യോഗിക വെബ്സൈറ്റിലൂടെ അറിയിച്ചു. മക്ക, അല്‍ഹദ, ത്വാഇഫ് റോഡിലാണ് ഈ വിശ്രമകേന്ദ്രം. ജിദ്ദ മേഖലയില്‍ ഒരു  ഭീകരകേന്ദ്രം പരിശോധിക്കുകയും രണ്ടുപേരെ പിടികൂടുകയും ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് ഭീകരസംഘടനകളും പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും വക്താവ് പറഞ്ഞു. രണ്ടു സ്ഥലങ്ങളിലും കൂടുതല്‍ സുരക്ഷാ പരിശോധന തുടരുകയാണ്. പ്രദേശത്ത് മറ്റു സ്ഫോടക വസ്തുക്കളുണ്ടോയെന്ന് പരിശോധിക്കാനും  അവ നീക്കംചെയ്യാനും സുരക്ഷാ സംഘം രംഗത്തുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ബീഷ മേഖലയിലും സമാനമായ ഓപറേഷന്‍ നടത്തുകയും ഭീകരാക്രമണ ശ്രമം തടയുകയും ചെയ്തിരുന്നു. മക്കയിലേത് അതിന്‍െറ തുടര്‍ച്ചയാണെന്നും ആഭ്യന്തരമന്ത്രാലയ സുരക്ഷാ വക്താവ് പറഞ്ഞു. അടിയന്തര സേന, സുരക്ഷാ പട്രോളിങ് വിഭാഗം, മക്ക പൊലീസ് എന്നിവര്‍ക്കുപുറമെ സുരക്ഷാവിമാനങ്ങളും സൈനിക നീക്കത്തില്‍ പങ്കെടുത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.