മക്ക ഭീകരാക്രമണം; കൊല്ലപ്പെട്ടത് നിരവധി കേസുകളിലെ പ്രതികള്‍

റിയാദ്: മക്കയില്‍ വ്യാഴാഴ്ചയുണ്ടായ ഭീകരവേട്ടയില്‍ കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങള്‍ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. സയ്യിദ് ആയിദ് സഈദ് അല്‍ദീര്‍ (46), മുബാറക് അബ്ദുല്ല ഫഹദ് അല്‍ദോസരി (25), മുഹമ്മദ് സുലൈമാന്‍ ഹാകിശ് അന്‍സി (46), ആദില്‍ അബ്ദുല്ല ഇബ്രാഹീം (27) എന്നിവരാണ് സുരക്ഷ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. നാലുപേരും സ്വദേശികളാണ്.
രാജ്യത്ത് അടുത്തിടെയുണ്ടായ പ്രമാദമായ ഭീകരാക്രമണ കേസുകളില്‍ പ്രതികളും പിടികിട്ടാപ്പുള്ളികളുമാണിവര്‍. സയ്യിദ് ആയിദ് അസീറില്‍ പ്രത്യേക സുരക്ഷ വിഭാഗത്തിന്‍െറ ക്യാമ്പിനകത്തെ പള്ളിയിലുണ്ടായ ചാവേര്‍ സ്ഫോടന കേസിലെ പ്രതിയാണ്. 2015 ആഗസ്റ്റ് ആറിനുണ്ടായ സംഭവത്തില്‍ 12 സുരക്ഷ ഭടന്മാരും മൂന്ന് ജീവനക്കാരുമാണ് മരിച്ചത്. നജ്റാനിലെ പള്ളിയിലുണ്ടായ ബോംബ് സ്ഫോടനം, വിരമിച്ച സൈനികനെ വധിച്ച കേസ് എന്നിവയിലും ഇയാള്‍ പ്രതിയാണ്. അല്‍അഹ്സ, ഖതീഫ്, ദമ്മാം എന്നിവിടങ്ങളില്‍ കഴിഞ്ഞ വര്‍ഷം നടന്ന ചാവേര്‍ ആക്രമണങ്ങളിലെ പ്രതിയാണ് മുഹമ്മദ് സുലൈമാന്‍. കഴിഞ്ഞ വര്‍ഷം ദമ്മാമിലും ഖതീഫിലും അടുത്തടുത്ത വെള്ളിയാഴ്ചകളിലാണ് പള്ളികളില്‍ സ്ഫോടനം നടന്നത്.
ഖസീമില്‍ രാജ്യവിരുദ്ധമായ മുദ്രാവാക്യങ്ങള്‍ വിളിച്ച് പ്രകടനം നടത്തുകയും തടവിലുള്ള തീവ്രവാദികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട പ്രതികളില്‍ നാലാമനായ ആദില്‍ അബ്ദുല്ല. കഴിഞ്ഞ ദിവസം ബീഷയില്‍ കൊല്ലപ്പെട്ട തീവ്രവാദികളിലൊരാളുടെ ബന്ധുകൂടിയാണ് ഇയാള്‍. ബോംബ് ശരീരത്തില്‍ വെച്ചുകെട്ടി സ്ത്രീ വേഷം ധരിച്ചായിരുന്നു ഇയാള്‍ യാത്ര ചെയ്തിരുന്നത്.
പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ സ്ഥലത്തു നിന്ന് എ.കെ 47 തോക്കുകളും സ്ഫോടക വസ്തുക്കളും മറ്റും പിടിച്ചെടുത്തു. വ്യാഴാഴ്ച രാവിലെയാണ് മക്കയെ നടുക്കിയ ഭീകര വേട്ട നടന്നത്. മക്ക -ത്വാഇഫ് റോഡില്‍ 25 കീ. മീറ്റര്‍ അകലെ വാദി നുഅ്മാനിലെ ഒരു വിശ്രമ കേന്ദ്രത്തിലാണ് ഭീകരര്‍ ഒളിച്ചിരുന്നത്. പൊലീസ് സങ്കേതം വളഞ്ഞപ്പോള്‍ അകത്തു നിന്ന് വെടിയുതിര്‍ക്കുയായിരുന്നു. സുരക്ഷ ഉദ്യോഗസ്ഥര്‍ പിടികൂടുന്നതിന് മുമ്പായി രണ്ടു പേര്‍ സ്ഫോടക വസ്തുക്കള്‍ ശരീരത്തില്‍ കെട്ടി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ബാക്കി രണ്ടു പേര്‍ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. അതിരാവിലെ തന്നെ പ്രദേശം സുരക്ഷ ഉദ്യോഗസ്ഥര്‍ വളയുകയും തീവ്രവാദികളോട് സ്വയം കീഴടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
മക്ക, അല്‍ഹദ, താഇഫ് റോഡിലാണ് ഈ വിശ്രമ കേന്ദ്രം. അടിയന്തര സേന, സുരക്ഷ പട്രോളിങ് വിഭാഗം, മക്ക പൊലീസ് എന്നീ വിഭാഗങ്ങളാണ് സൈനിക നീക്കത്തില്‍ പങ്കെടുത്തത്. പരിസരത്ത് നടത്തിയ തെരച്ചിലിലാണ് ആയുധങ്ങളും മറ്റും കണ്ടത്തെിയത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.