ഹജ്ജ് സമ്മേളനം മക്കയില്‍ തുടങ്ങി

ജിദ്ദ: ഹജ്ജ് മഹാസമ്മേളനം മക്കയില്‍ സൗദി ഹജ്ജ്-ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബന്‍തന്‍ ഉദ്ഘാടനം ചെയ്തു.  അമേരിക്കയടക്കം വിവിധ ലോകരാജ്യങ്ങളില്‍നിന്നുള്ള ചിന്തകരും പണ്ഡിതന്മാരും ഗവേഷകരും അടങ്ങുന്ന 200ല്‍പരം പ്രമുഖ വ്യക്തികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
ഇസ്ലാമിന്‍െറ തനതായ മൂല്യങ്ങള്‍ ലോകസമൂഹത്തിന് പകര്‍ന്നുനല്‍കുകയും മുസ്ലിം ചിന്തകരിലൂടെയും പണ്ഡിതരിലൂടെയും സമൂഹത്തിന്‍െറ സഹകരണവും ഐക്യവും സാധ്യമാക്കുകയുമാണ് സമ്മേളനത്തിന്‍െറ മുഖ്യ ലക്ഷ്യമെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് ഹജ്ജ് മന്ത്രി പറഞ്ഞു. രാജ്യം മുറുകെ പിടിക്കുന്ന മധ്യമനിലപാടിനെ പരിപോഷിപ്പിക്കാനും സമ്മേളനം സഹായകമാകും. ഇസ്ലാം ശാന്തിയുടെയും സമാധാനത്തിന്‍െറയും ദര്‍ശനമാണ്. അത് ലോകത്തെ ബോധ്യപ്പെടുത്താന്‍ കഴിയണം. ഇരു ഹറമുകളുടെയും പുണ്യപ്രദേശങ്ങളുടെയും വികസനപ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ ഭരണകൂടം സുപ്രധാനമായി കാണുന്നു.
ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്ക് അവരുടെ പുണ്യകര്‍മങ്ങള്‍ അനായാസം ചെയ്യാനാവശ്യമായ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്താന്‍ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്നും ഹജ്ജ് മന്ത്രി പറഞ്ഞു.  
ഏകദേശം രണ്ടു ദശലക്ഷം വരുന്ന ഹജ്ജ് തീര്‍ഥാടകരുടെ സേവനവുമായി ബന്ധപ്പെട്ട ഹജ്ജ് വേളയിലെ അനുഭവങ്ങള്‍ തങ്ങളുടെ സമൂഹവുമായി പങ്കുവെക്കാനും അദ്ദേഹം അതിഥികളോട് ആവശ്യപ്പെട്ടു.
എല്ലാ ഹജ്ജ് വേളകളിലും മക്കയില്‍ വിവിധ ലോക രാജ്യങ്ങളില്‍നിന്നുള്ള ഇസ്ലാമിക വ്യക്തിത്വങ്ങളെ ഉള്‍പ്പെടുത്തി ഹജ്ജ് മഹാസമ്മേളനങ്ങള്‍ നടത്തിവരുന്നുണ്ട്.
സൗദി ഗ്രാന്‍ഡ് മുഫ്തിയും ഉന്നത പണ്ഡിതസഭ അധ്യക്ഷനുമായ അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല ആലുശൈഖ്, ഈജിപ്ഷ്യന്‍ മുഫ്തി ഡോ. ശൗഖി അല്ലാം, ഇരു ഹറം കാര്യാലയ മേധാവിയും മക്ക മസ്ജിദുല്‍ ഹറാം ഇമാമും ഖതീബുമായ ഡോ. അബ്ദുറഹ്മാന്‍ അസ്സുദൈസ്, സുഡാന്‍ ഫിഖ്ഹ് അക്കാദമി അധ്യക്ഷന്‍ ഡോ. ഇസ്സാം അല്‍ബഷീര്‍, മസ്ജിദുല്‍ ഹറാം ഇമാമും ഖതീബുമായ ഡോ. സ്വാലിഹ് ബിന്‍ ഹുമൈദ്, അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നടക്കം വിവിധ പ്രമുഖ വ്യക്തിത്വങ്ങളും ഈ വര്‍ഷത്തെ ഹജ്ജ് സമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.