ആണ്ടറുതിക്ക് ഒരു ആഗസ്റ്റ് 15ന് ഉയർത്തപ്പെടുന്ന ദേശീയ പതാകക്ക് ചുവട്ടിൽനിന്ന് ചൊല്ലിപ്പിരിയേണ്ട ഒന്നാണോ ഇന്ത്യയുടെ മതസൗഹാർദം എന്നത് നമ്മളിനി പേർത്തും പേർത്തും ആലോചിക്കണം
പുലരികൾ പുതുമയാൽ പിറവിയെടുക്കുന്ന ഈ കാലത്ത്, പ്രവചനങ്ങൾക്കതീതമായി, കണക്കുകൂട്ടലുകൾ തെറ്റിച്ച് നീങ്ങുകയാണ് ഇന്ന് നമ്മുടെ ഇന്ത്യ. രാത്രിയുടെ കാവലാൾ ചട്ടങ്ങളിൽ, ഉള്ളുനൊന്ത് ഉറങ്ങാതിരിക്കുന്ന ഇന്നത്തെ ‘ഇന്ത്യ’യെയാണോ നാം സ്വതന്ത്ര ഇന്ത്യയെന്ന് വിളിക്കുന്നത്? മതങ്ങളുടെ മതിൽക്കെട്ടിന് പുറത്ത് പരസ്പര സാഹോദര്യവും സ്നേഹവും ഊട്ടിയുറപ്പിക്കുന്നതാവണം ഇന്ത്യ.
ഇന്ത്യ എന്റെ രാജ്യമാണെന്നും എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ -സഹോദരന്മാരുമാണെന്നും ഓരോ സ്കൂൾ അസംബ്ലികളിലും പ്രതിജ്ഞ ഏറ്റുപറഞ്ഞു വളർന്ന നമ്മൾതന്നെ ഇന്ത്യയുടെ ഭാവിതലമുറയെ ഉടച്ചുകളയുന്നത് പോലെയാണ് സാമൂഹമാധ്യമങ്ങളിൽ നമ്മുടെ സഹോദരന്മാരുടെ അക്കൗണ്ടുകളിൽനിന്നുള്ള ഓരോ മെസേജുകളും.
രാജ്യം നടുങ്ങിയ പ്രകൃതിദുരന്തം നടന്ന വയനാട്ടിൽ, ജീവനുകൾക്കായി തിരച്ചിൽ നടക്കുമ്പോൾ ഒരു കൂട്ടം മനുഷ്യരുടെ വിദ്വേഷജനകമായ പോസ്റ്റുകൾ കാണേണ്ടി വരുന്നത് എത്ര ദൗർഭാഗ്യകരമാണ്.
വർഗീയതയുടെ വിഷംപേറുന്ന ഒരു കൂട്ടം രാജ്യദ്രോഹികൾ പടച്ചുവിടുന്ന ക്രൂരതകൾക്ക് മുന്നിൽ ഒരടിപോലും പതറാതെ മുന്നേറുന്ന പൗരന്മാർ ബാക്കിയുണ്ട് എന്നതാണ് ആശ്വാസകരം. ഈ തിരിച്ചറിവ് വർഗീയവാദികൾക്ക് ഉണ്ടായേ തീരൂ. ഈ ഇരുട്ടിന്റെ ശക്തികൾക്ക് മുന്നിൽ സ്നേഹത്തിന്റെ കണ്ണികൾ അയഞ്ഞുകൊടുക്കാൻ നാം അനുവദിച്ചു കൂടാ.
രാജ്യം വിറച്ച പ്രകൃതി ദുരന്തത്തിൽ ഹിന്ദുവെന്നോ മുസ്ലിമെന്നോ ക്രിസ്ത്യനെന്നോ നോക്കാതെയാണ് ആശ്വാസ കിരണങ്ങളുമായി മനുഷ്യർ ഒഴുകിയെത്തിയത്. ഇന്ത്യ എന്നാൽ അതൊരു മതേതര രാഷ്ട്രമാണെന്ന് ഭരണഘടന ലിഖിതമായി തന്നെ പ്രഖ്യാപിച്ചതാണ്. 1976 ലെ ഇന്ത്യൻ ഭരണഘടനയുടെ 42ാം ഭേദഗതിയിലാണ് ആ പ്രഖ്യാപനമുണ്ടായത്. അതിന്നും അനിഷേധ്യമായി തുടരുന്നു.
ഇനിയും അങ്ങനെ തുടരുകതന്നെ ചെയ്യും. മതേതരത്വ നിലപാടുള്ളതിനാൽ എല്ലായ്പോഴും ആധുനിക ഇന്ത്യയുടെ ആവേശവും ആർജവവുമായി ഈ ഭേദഗതി മാറിയിട്ടുണ്ടെന്ന് ഇന്ത്യയുടെ ചരിത്രത്താളുകളിൽനിന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കും.
അതേസമയം പാശ്ചാത്യ സെക്കുലർ സങ്കൽപങ്ങളിൽനിന്ന് വ്യത്യസ്തമാണ് നമ്മുടെ മതേതരത്വ പരികൽപന. അത് ലോകം വാഴ്ത്തിയ അഭിമാനകരമായ സങ്കൽപമാണ് താനും. പക്ഷേ ആ യശ്ശസിനെ തകർക്കാനും ഒരു മതരാഷ്ട്രമാക്കി മാറ്റാനുമുള്ള ശ്രമമാണ് വർഗീയവാദികൾ നടത്തുന്നത്.
വസ്ത്രത്തിന്റെയും ആഘോഷങ്ങളുടെയും മതഗ്രന്ഥങ്ങളുടെയും പേരിൽ നമ്മുടെ ഭാവി തലമുറയെ വിഭജിച്ച് ആ മതേതരത്വം തകർക്കാനുള്ള ശ്രമം ഇരുട്ട് ശക്തികൾ അവിരാമം തുടരുന്നുണ്ട്. ഗാന്ധിജിയും മറ്റ് പൂർവ സൂരികളും സ്വപ്നം കണ്ട്, ത്യാഗം സഹിച്ച് പടുത്തുയർത്തിയ നമ്മുടെ ഇന്ത്യയെ ആ ശക്തികൾക്ക് തച്ചുടക്കാൻ വിട്ടുകൊടുക്കാൻ പാടില്ല.
ആണ്ടറുതിക്ക് ഒരു ആഗസ്റ്റ് 15ന് ഉയർത്തപ്പെടുന്ന ദേശീയ പതാകക്ക് ചുവട്ടിൽനിന്ന് ചൊല്ലിപ്പിരിയേണ്ട ഒന്നാണോ ഇന്ത്യയുടെ മതസൗഹാർദം എന്നത് നമ്മളിനി പേർത്തും പേർത്തും ആലോചിക്കണം.
മതങ്ങൾക്കപ്പുറം രക്തത്തിലലിഞ്ഞുചേർന്ന ദേശഭക്തി വിഭജനത്തിന് എതിരായ പ്രതിരോധമായി നാം ശക്തിപ്പെടുത്തണം. അല്ലാമ ഇക്ബാലിന്റെയും നെഹ്റുവിന്റെയും ഭഗത്സിങ്ങിന്റെയും രാജാറാം മോഹൻ റായിയുടെയുമെല്ലാം മൊഴിമുത്തുകൾ സ്വായത്തമാക്കിയ നാം നമ്മുടെ പ്രവൃത്തികളും ജീവിതവും ഒരു ദേശസ്നേഹിയുടെ അടയാളപ്പെടുത്തലായി ഇവിടെ ഈ ഭൂമിയിൽ കുറിച്ചിടണം.
വേഷധാരണത്തിലും ഭക്ഷണത്തിലുമൊന്നും ഭീതി പൗരന്മാരെ നിയന്ത്രിക്കുന്ന ഒരു അവസ്ഥയുണ്ടാവരുത്. അതിനെ പ്രതിരോധിച്ചേ മതിയാവൂ.
മത വർഗീയകലാപങ്ങളിൽ വിറളിപൂണ്ട് ചോരചിന്തുന്ന രാജ്യമായി പടച്ചെടുക്കാൻ സ്വപ്നം കാണുന്ന ഓരോ ദേശദ്രോഹിക്കും അവരുടെ ഭരണത്തിൽ അടിച്ചമർത്തി ഇന്ത്യയെ അവർ വരച്ച വരയിൽ പൂരിപ്പിക്കാൻ ഒരിക്കലും ഒരു രാജ്യസ്നേഹിയും വിട്ടുകൊടുക്കരുത്.
ഭൂമിയിൽ പിറന്നുവീഴുന്ന ഓരോ കുഞ്ഞിനും അമ്മിഞ്ഞപ്പാൽ കുടിക്കാൻ സ്വാതന്ത്ര്യം ഉള്ളതുപോലെത്തന്നെ ഇന്ത്യയെന്ന ഈ ജനനിയുടെ സംരക്ഷണവലയത്തിനുള്ളിൽ ജീവിക്കാനുള്ള അധികാരവും അവകാശവുമുണ്ട്. അത്തരത്തിൽ ഈ പ്രബുദ്ധ ഇന്ത്യയിൽ വിളക്കുമരങ്ങളായി ഓരോ പൗരന്റെയും ചരിത്രവും ജീവിതവും നാളെയുടെ പുതുകാല ചക്രവാളത്തിൽ സന്ദേശമായി പിറവിയെടുക്കാൻ നമുക്ക് ഒറ്റക്കെട്ടായി പരിശ്രമിക്കാൻ സാധിക്കട്ടെ!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.