വന്‍ തീവ്രവാദ വേട്ട; മൂന്ന് വിദേശികള്‍ ഉള്‍പ്പെടെ 17 പേര്‍ പിടിയില്‍

റിയാദ്: ഐ.എസ് ബന്ധമുള്ള 17 അംഗ സംഘം സുരക്ഷ വിഭാഗത്തിന്‍െറ പിടിയിലായതായി ആഭ്യന്തര മന്ത്രാല വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ മന്‍സൂര്‍ അത്തുര്‍ക്കി വ്യക്തമാക്കി. രാജ്യത്തെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ആക്രമണം നടത്താനും പണ്ഡിതരെയും പ്രമുഖരെയും സുരക്ഷ ഭടന്മാരെയും ആക്രമിക്കാനും ചവേര്‍ ആക്രമണങ്ങളിലൂടെ പൊതുജനങ്ങളില്‍ ഭീതി പരത്താനും സംഘം പദ്ധതിയിട്ടിരുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു വനിത ഉള്‍പ്പെടെ 14 പേര്‍ സ്വദേശികളും ഫലസ്തീന്‍, യമന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ ഓരോ പൗരന്മാരുമാണുള്ളത്. സൗദിയുടെ വിവിധ പ്രദേശങ്ങളില്‍ നടന്ന തീവ്രവാദ, ഐ.എസ് ആക്രമണത്തില്‍ ഇവര്‍ക്ക് പല തരത്തില്‍ ബന്ധമുള്ളതായി തെളിഞ്ഞിട്ടുണ്ട്. കൂടാതെ ചില ചാവേര്‍ ആക്രമണങ്ങളും സംഘം പദ്ധതിയിട്ടിരുന്നു. തലസ്ഥാനത്തെ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരെ ലക്ഷ്യമാക്കി ഫെബ്രുവരി 22ന് ആക്രമണം നടത്താന്‍ സംഘം നടത്തിയ നീക്കം സുരക്ഷാവിഭാഗം പരാജയപ്പെടുത്തുകയായിരുന്നു. ഫെബ്രുവരി 24ന് സൈനിക പരിശീലന കേന്ദ്രത്തില്‍ നടത്താനുള്ള ശ്രമം അന്തിമ ഘട്ടത്തില്‍ താവളത്തിന്‍െറ കവാടത്തില്‍ വെച്ച് പിടിക്കപ്പെടുകയായിരുന്നു. 
ഉസാമ അബ്ദുല്ല സര്‍സൂര്‍ എന്ന ഫലസീതീനിയും അബ്ദുറഹ്മാന്‍ ഫാരിസ് ആമിര്‍ എന്ന യമനിയും ഉമര്‍ അബ്ദു അബ്ദുല്‍ ഹമീദ് എന്ന ഈജിപ്ഷ്യനുമാണ് 17 അംഗ പട്ടികയിലെ വിദേശികള്‍. ഖലൂദ് മുഹമ്മദ് മന്‍സൂറാണ് പിടിയിലായ സ്വദേശി വനിത. തീവ്രവാദ പട്ടികയിലെ 17ാമനായ നസ്സാര്‍ അബ്ദുല്ല മുഹമ്മദ് അല്‍മൂസ ചാവേര്‍ ആക്രമണത്തിന് അണിഞ്ഞ സ്ഫോടക ബെല്‍റ്റുമായാണ് പിടിയിലായതെന്ന് വക്താവ് വിശദീകരിച്ചു. 
കിഴക്കന്‍ പ്രവിശ്യയിലെ ഇമാം റിദാ പള്ളിയില്‍ ജനുവരി 29ന് നടന്ന ചാവേര്‍ ആക്രമണത്തില്‍ പങ്കാളികളായ ചാവേറുകളായവര്‍ക്ക് അഭയം നല്‍കുകയും പള്ളിയും പരിസരവും മുന്‍കൂട്ടി നിരീക്ഷിച്ച് വിവരം നല്‍കുകയും ചെയ്തവരും പിടിയിലാവരില്‍ ഉള്‍പ്പെടുന്നു. 
റിയാദിലെ അല്‍ഹാഇര്‍ പ്രദേശത്ത് കഴിഞ്ഞ വര്‍ഷം ഈദുല്‍ ഫിത്റിന് ചാവേര്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടവരും റിയാദില്‍ നിന്ന് 200 കി.മീറ്റര്‍ അകലെയുള്ള ഖുവൈഇയ്യയില്‍ തീവ്രവാദ ആക്രമണത്തിനും സരക്ഷാ ഭടന്മാരെ ആക്രമിക്കാനും പദ്ധതിയിട്ടവരും പിടിയിലായിട്ടുണ്ട്. ആസൂത്രിതമായ വിലവീശലിലൂടെയാണ് വന്‍ സംഘം ഐ.എസ് തീവ്രവാദികള്‍ പടിയിലായതെന്ന് സുരക്ഷ വക്താവ് പറഞ്ഞു. ചാവേര്‍ ആക്രമണത്തിനുള്ള സ്ഫോടക വസ്തുക്കള്‍, ബെല്‍റ്റുകള്‍, ആയുധങ്ങള്‍, ആറ് ലക്ഷം സൗദി റിയാല്‍ എന്നിവ ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.