റിയാദ്: ദഅ്വ ആൻഡ് അവൈർനസ് സൊസൈറ്റിയുടെ അംഗീകാരത്തോടെ റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച 25ാമത് ലേൺ ദി ഖുർആൻ ദേശീയ സംഗമത്തിന് പ്രൗഢോജ്വല സമാപനം. സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകളും ലേൺ ദി ഖുർആൻ പഠിതാക്കളും ഇസ്ലാഹീ സെന്റർ പ്രതിനിധികളും രാവിലെ മുതൽ നടന്ന ദേശീയ സംഗമത്തിൽ പങ്കെടുത്തു. റിയാദിലെ അൽമനാഖ് ഫുട്ബാൾ ഗ്രൗണ്ടിൽ പ്രത്യേകം തയാറാക്കിയ വേദിയിൽനടന്ന സമാപന സമ്മേളനവും, സമ്മാനദാനവും ദഅ്വ ആൻഡ് അവൈർനസ് സൊസൈറ്റിയുടെ വിദ്യാഭ്യാസ വിഭാഗം മേധാവി ശൈഖ് ഡോ. ഇബ്രാഹിം യഹിയ ഉദ്ഘാടനം ചെയ്തു. വ്യക്തിജീവിതത്തിലും, സാമൂഹിക ജീവിതത്തിലും, കുടുംബ ജീവിതത്തിലും തനതായ ഇസ്ലാമിക സംസ്കാരം നിലനിർത്തിക്കൊണ്ട് നന്മകളിൽ മാതൃകയാകുവാൻ ഓരോ വ്യക്തിക്കും സാധിക്കണമെന്ന് അദ്ദേഹം ഉണർത്തി.
കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ഹനീഫ് കായക്കൊടി, ജാമിഅ നദവിയ ഡയറക്ടർ ആദിൽ അത്വീഫ് സ്വലാഹി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ലേൺ ദി ഖുർആൻ ദേശീയ സംഘാടക സമിതി ചെയർമാൻ അബ്ദുൽ ഖയ്യും ബുസ്താനി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ മുഹമ്മദ് സുൽഫിക്കർ സ്വാഗതവും അബ്ദുറസാഖ് സ്വലാഹി നന്ദിയും പറഞ്ഞു. ഹാഫിള് റാമിൻ യാക്കൂബ് ഖിറാഅത്ത് നടത്തി. 2023 ലെ ലേൺ ദി ഖുർആൻ അന്താരാഷ്ട്ര ഓൺലൈൻ പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള കാഷ് പ്രൈസുകളും, സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്ററിന് കീഴിൽ രണ്ട് പതിറ്റാണ്ടായി പ്രവർത്തിക്കുന്ന ബത്ഹ റിയാദ് സലഫി മദ്റസയിൽനിന്ന് കഴിഞ്ഞ അക്കാദമിക്ക് വർഷം കെ.എൻ.എം അഞ്ച്, ഏഴ് പൊതുപരീക്ഷയിൽ ഉന്നതമാർക്ക് നേടിയ കുട്ടികളെയും, ഹിഫ്ള് അക്കാദമിയിൽനിന്ന് ഉന്നത വിജയം നേടിയ കുട്ടികളെയും, സംഗമത്തിൽ ആദരിച്ചു. മദ്റസ പ്രിൻസിപ്പൽ അംജദ് അൻവാരി നേതൃത്വം നൽകി.
റിയാദിലെ തറാഹിദ് ഇസ്തിറാഹ, അൽമനാഖ് ഫുട്ബാൾ ഗ്രൗണ്ട് എന്നിവിടങ്ങളിലെ അഞ്ച് വേദികളിലായി സംഘടിപ്പിച്ച പരിപാടിയിൽ നടന്ന വളണ്ടിയർ മീറ്റിന് ക്യാപ്റ്റൻ ഇഖ്ബാൽ വേങ്ങര നേതൃത്വം നൽകി. ദേശീയ സംഗമ ജനറൽ കൺവീനർ നിർദ്ദേശങ്ങൾ നൽകി. എം.എസ്.എം റിയാദിന്റെ നേതൃത്വത്തിൽ ടീനേജ് ഗാതറിഗിന് ഫർഹാൻ കാരക്കുന്ന്, ആദിൽ അത്വീഫ് സ്വലാഹി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. അഫ്സൽ സ്വാഗതവും, നാദിർ ഹുസൈൻ, നന്ദിയും പറഞ്ഞു. ലേൺ ദി ഖുർആൻ ദേശീയ സമ്മേളനം ഇന്ത്യൻ ഇസ്ലാഹി സെൻറർ സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി കബീർ സലഫി പറളി ഉദ്ഘാടനം ചെയ്തു. 'കേരള നവോത്ഥാന ചരിത്രത്തിൽ ഇസ്ലാഹി പ്രസ്ഥാനങ്ങളുടെ പങ്ക്' എന്ന വിഷയത്തിൽ ബഷീർ സ്വലാഹി മണ്ണാർക്കാട് മുഖ്യപ്രഭാഷണം നടത്തി. പി. നൗഷാദ് അലി അധ്യക്ഷത വഹിച്ചു. അഡ്വ. അബ്ദുൽ ജലീൽ സ്വാഗതവും അബ്ദുൽ വഹാബ് പാലത്തിങ്ങൽ നന്ദിയും പറഞ്ഞു. ഹാഫിള് അബ്ദുസമീഹ് ഖിറാഅത്ത് നടത്തി. 'ഫ്രോലിക്ക്' കളിത്തട്ട് വേദികളിൽ കുട്ടികൾക്ക് വേണ്ടി ബത്ഹ റിയാദ് സലഫി മദ്റസ അധ്യാപിക, അധ്യാപകന്മാരുടെ നേതൃത്വത്തിൽ വൈവിധ്യമായ മത്സരങ്ങൾ നടന്നു. ബാസിൽ പുളിക്കൽ, വാജിദ്, ആത്തിഫ് ബുഖാരി, നാജിൽ, ഫർഹാൻ കാരക്കുന്ന്, വാജിദ് ചെറുമുക്ക്, മുജീബ് ഇരുമ്പുഴി, സി.വി റജീന, റുക്സാന, നസ്റിൻ, റംല, ജുമൈല, സിൽസില, ഹഫ്സത്ത്, നദാ ഫാത്തിമ, ദിൽഷാ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.