റിയാദ്: രണ്ടാമത് ആഗോള 'നിർമിതബുദ്ധി' (ആർട്ടിഫിഷൽ ഇൻറലിജൻസ്) ഉച്ചകോടിക്ക് സെപ്റ്റംബർ 13 മുതൽ 15വരെ റിയാദ് ആതിഥ്യമരുളും. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ രക്ഷാധികാരിയും ചെയർമാനുമായ സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷൽ അതോറിറ്റി (എസ്.ഡി.എ.ഐ.എ) സംഘാടകരാകുന്ന അന്താരാഷ്ട്ര സമ്മേളനത്തിന് റിയാദിലെ കിങ് അബ്ദുൽ അസീസ് ഇൻറർനാഷനൽ കോൺഫറൻസ് സെൻറർ വേദിയാകും.
'മാനവികതയുടെ നന്മക്ക് നിർമിതബുദ്ധി' എന്നതാണ് ഉച്ചകോടിയുടെ പ്രമേയം. രാജ്യത്തിന്റെ താൽപര്യത്തിന്റെയും സ്ഥിരതയുടെയും ചട്ടക്കൂടിനുള്ളിൽനിന്നുകൊണ്ട് ഉച്ചകോടിയുടെ സംഘാടനത്തിന് നൽകുന്ന പിന്തുണക്കും രക്ഷാകർതൃത്വത്തിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന് അതോറിറ്റി പ്രസിഡൻറ് ഡോ. അബ്ദുല്ല ബിൻ ഷറഫ് അൽഗംദി നന്ദിയും അഭിനന്ദനവും അറിയിച്ചു. സാങ്കേതികവിദ്യകൾ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും അത് സ്വാധീനംചെലുത്തുകയാണ്.
സൗദിയുടെ സമഗ്രപരിവർത്തന പദ്ധതിയായ വിഷൻ 2030ന്റെ ലക്ഷ്യങ്ങളിൽ സുപ്രധാനമാണ് ഈ ആധുനിക സാങ്കേതികമേഖലയിലെ രാജ്യവളർച്ച.2020ൽ നടന്ന ആദ്യ ഉച്ചകോടിയുടെ വിജയത്തിനുശേഷം ഇപ്പോൾ രണ്ടാം പതിപ്പിനും റിയാദ് സാക്ഷ്യംവഹിക്കുന്നതോടെ ആർട്ടിഫിഷൽ ഇൻറലിജൻസിൽ ലോകത്തിലെ ഒരു പ്രധാന ഫോറമായി ഇത് മാറും.
ഇന്നത്തെ യാഥാർഥ്യത്തിൽനിന്ന് നിർമിതബുദ്ധി സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ഉച്ചകോടി ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ രംഗത്തെ ആഗോളവിദഗ്ധർ, സർക്കാർ ഏജൻസികളിലെയും ലോകത്തിലെ പ്രമുഖ സാങ്കേതിക കമ്പനികളിലെയും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ഉച്ചകോടിയിൽ സംബന്ധിക്കും.
നിർമിതബുദ്ധി വിഷയത്തിലെ ഏറ്റവും പുതിയ ഗവേഷണഫലങ്ങളും നൂതന സാങ്കേതികവിദ്യകളും വിദഗ്ധരുടെ മേഖലയിലെ അനുഭവങ്ങൾ ഫോറത്തിൽ അവതരിപ്പിക്കപ്പെടും. നിക്ഷേപ അവസരങ്ങൾ കണ്ടെത്തുകയും ഫോറത്തിന്റെ ലക്ഷ്യമാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന 100 വിദഗ്ധർ റിയാദിലെ ഒറ്റ മേൽക്കൂരക്ക് കീഴിൽ നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രഭാഷണം നടത്തും.
ശിൽപശാലകളും പാനൽ ചർച്ചകളും ഒപ്പം നടക്കും.2020ൽ നടന്ന ആദ്യ ഉച്ചകോടിയിൽ പ്രഭാഷണങ്ങളിലും പാനൽ ചർച്ചകളിലുമായി 200 വിദഗ്ധരും പ്രമുഖരും പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.