ദമ്മാം: മുൻവർഷങ്ങളെ അപേക്ഷിച്ച് 2021ൽ നിക്ഷേപ ലൈസൻസുകളുടെ വിതരണത്തിൽ 400 ശതമാനത്തിന്റെ വർധന ഉണ്ടായതായി സൗദി നിക്ഷേപ മന്ത്രാലയത്തിലെ സാമ്പത്തികകാര്യ-നിക്ഷേപ പഠന ഉപമന്ത്രി ഡോ. സാദ് അൽഷഹ്റാനി പറഞ്ഞു. നിക്ഷേപത്തിലെ നിയമനിർമാണ പരിഷ്കാരങ്ങളെ സഹായിക്കാൻ നാഷനൽ ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജി (എൻ.ഐ.എസ്) ആരംഭിച്ച 40ഓളം സംരംഭങ്ങളാണ് ഇത്രയേറെ നിക്ഷേപകരെ സൗദിയിലേക്ക് ആകർഷിച്ചത്. 2030ഓടെ 100 ശതകോടി ഡോളർ (388 ശതകോടി റിയാൽ) കവിയാൻ ലക്ഷ്യമിട്ട് രാജ്യത്തേക്ക് വിദേശ നിക്ഷേപം ആകർഷിക്കുകയാണ് നിയമനിർമാണ പരിഷ്കരണ സംരംഭം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2030ഓടെ സൗദി അറേബ്യയുടെ വിദേശ നിക്ഷേപം 388 ശതകോടി റിയാലിലേക്ക് എത്തിക്കുക എന്നതാണ് ദേശീയ നിക്ഷേപ തന്ത്രമെന്നും അദ്ദേഹം വിശദീകരിച്ചു. വിനോദസഞ്ചാരം, വിനോദം, സംസ്കാരം, കായികം, ഗതാഗതം, ലോജിസ്റ്റിക്സ്, വിദ്യാഭ്യാസം തുടങ്ങി നിരവധി മേഖലകളിൽ നിക്ഷേപസാധ്യതകൾ കാത്തിരിക്കുന്നുവെന്നും ഡോ. അൽഷഹ്റാനി പറഞ്ഞു. 2021ന്റെ ആദ്യ മൂന്ന് പാദങ്ങളിൽ വിദേശ നിക്ഷേപ ഒഴുക്ക് 65 ശതമാനത്തിലധികം വർധിച്ചുവെന്നത് ശ്രദ്ധേയമാണ്. സൗദി അറേബ്യയെ ലോകത്തിലെ ഏറ്റവും വലിയ 15 സമ്പദ്വ്യവസ്ഥകളിലൊന്നാക്കി മാറ്റാനാണ് ദേശീയ നിക്ഷേപ തന്ത്രം ശ്രമിക്കുന്നതെന്ന് ഡോ. അൽഷഹ്റാനി പറഞ്ഞു.
2030ഓടെ രാജ്യത്ത് തൊഴിലില്ലായ്മ ഏഴ് ശതമാനത്തിൽ താഴെയായി കുറക്കുകയും മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജി.ഡി.പി) സ്വകാര്യ മേഖലയുടെ സംഭാവന 65 ശതമാനമായി ഉയർത്തുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൗദിയിൽ ബിനാമി സ്ഥാപനങ്ങൾക്ക് പദവി ശരിയാക്കാനുള്ള സമയപരിധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സാധാരണക്കാരായ നിരവധി ചെറുകിട കച്ചവടക്കാർ ആശങ്കയിലാണ്. വലിയ തുക മുടക്കി പദവി ശരിയാക്കാൻ സാധിക്കാത്ത ആളുകൾ സ്ഥാപനങ്ങൾ അടച്ച് നാടുവിടുകയാണ്.
നേരത്തെ കണ്ടിരുന്ന നിരവധി ചെറുകിട ഹോട്ടലുകളും ബൂഫിയകളുമാണ് അധികവും അടഞ്ഞുപോയത്. സ്ഥാപനങ്ങൾ പൂട്ടിപ്പോകുന്നുവെന്ന് ഒരുവശത്ത് പ്രവാസികൾ പരിതപിക്കുമ്പോഴാണ് സൗദി അറേബ്യ പുതിയ നിക്ഷേപ നേട്ടങ്ങൾ കൈവരിക്കുന്നത്. കൃത്യമായ നിയമ വഴിയിലൂടെയല്ലാതെ സൗദിയിൽ കച്ചവട സ്ഥാപനങ്ങൾ നടത്തുക സാധ്യമല്ലെന്ന് ഏതാണ്ട് ബോധ്യമായിക്കഴിഞ്ഞു. ഇലക്ട്രിക് ബില്ലുകൾക്കായുള്ള സോഫ്റ്റ്വെയറുകൾക്ക് വലിയ ഡിമാൻഡാണ് ഇപ്പോൾ. കൃത്യസമയത്ത് ഇതിനായി ആളുകളെ കിട്ടുന്നില്ല എന്നാണ് പലരുടേയും പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.