ബാങ്കിടപാടുകാരെ തോക്കുചൂണ്ടി കൊള്ളയടിക്കുന്ന വിദേശി സംഘം അറസ്റ്റിൽ

റിയാദ്: തോക്കുചൂണ്ടി ബാങ്ക് ഇടപാടുകാരെ കൊള്ളയടിക്കുന്ന വിദേശി സംഘത്തെയും സഹായികളെയും റിയാദ് പൊലീസ് സാഹസികമായി അറസ്റ്റ് ചെയ്തു. ഇത്യോപ്യ, സിറിയ, ബംഗ്ലാദേശ് എന്നീ രാജ്യക്കാരാണ് അറസ്റ്റിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത്യോപ്യക്കാരിൽ അഞ്ചുപേർ അതിർത്തിലംഘിച്ച് രാജ്യത്തേക്ക് നുഴഞ്ഞുകയറിയവരാണ്. റിയാദിന്റെ വിവിധ ഭാഗങ്ങളിൽ ബാങ്ക് ഇടപാടുകാരെ പിന്തുടർന്ന് തോക്കുചൂണ്ടി കൈവശമുള്ള പണം അപഹരിച്ച പരാതികൾ ലഭിച്ചതിനെ തുടർന്ന് നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് സംഘത്തെ കായികമായി നേരിട്ട് പൊലീസ് കീഴടക്കിയത്.

പ്രതികളെ ചോദ്യംചെയ്തതിൽനിന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇവരെ പാർപ്പിച്ചതിനും സിം കാർഡ് സംഘടിപ്പിച്ചുനൽകിയതിനും ഇത്യോപ്യ, സിറിയ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നുള്ള നാലുപേരെ കൂടി പിന്നീട് പൊലീസ് പിടികൂടി. മോഷ്ടിച്ച നാല് വാഹനങ്ങളാണ് കുറ്റകൃത്യങ്ങൾക്ക് സംഘം ഉപയോഗിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കാറുകൾ കണ്ടെടുത്തതായി പൊലീസ് സ്ഥിരീകരിച്ചു. കൂടാതെ സംഘാംഗങ്ങളിൽനിന്ന് 387 സിം കാർഡുകളും ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ ഏറ്റുമുട്ടലിലൂടെ കീഴടക്കുന്നതടക്കമുള്ള വിഡിയോ ഔദ്യോഗിക ട്വിറ്റർ പേജിൽ മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കിയ കുറ്റവാളികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Tags:    
News Summary - Gang that robbed bank customers at gunpoint has been arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.