റിയാദ്: 10 മാസം മുമ്പ് റിയാദിലെത്തിയ അഫ്സലും കുടുംബവും അനുഭവിച്ചത് ഒരായുസ്സിന്റെ ദുരിതങ്ങൾ. കൊല്ലം ഇരവിപുരം സ്വദേശി അഫ്സൽ റിക്രൂട്ടിങ് ഏജൻസി വഴി തൊഴിൽ വിസയിലാണ് റിയാദിലെത്തുന്നത്. തരക്കേടില്ലാത്ത ജോലിയും വാഗ്ദാനം ചെയ്ത ശമ്പളവും ലഭിച്ചു തുടങ്ങിയതോടെ തന്റെ ജീവിതപങ്കാളിയേയും മൂന്ന് വയസ്സുള്ള മകനെയും സന്ദർശന വിസയിൽ കൊണ്ടുവരുകയും ചെയ്തു. ആദ്യ മൂന്ന് മാസം കഴിഞ്ഞ് വിസ പുതുക്കുകയും ചെയ്തു.
ഈ അവസരത്തിലാണ് അഫ്സൽ ജോലി ചെയ്യുന്ന കമ്പനിയിലേക്ക് വിസ മാറ്റാൻ റിക്രൂട്ടിങ് കമ്പനി ആവശ്യപ്പെടുന്നത്. ഒരു മാസത്തെ സമയപരിധിയും നൽകി. എന്നാൽ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ പ്രതിസന്ധി കാരണം പറഞ്ഞ സമയത്തിനുള്ളിൽ വിസ മാറ്റാനായില്ല. തുടർന്ന് റിക്രൂട്ടിങ് ഏജൻസി സൗദി പാസ്പോർട്ട് ഡയറക്ടറേറ്റിൽ ഒളിച്ചോടിയെന്ന പരാതി (ഹുറൂബ്) രജിസ്റ്റർ ചെയ്തതോടെ തൊഴിൽ നഷ്ടപ്പെട്ടു.
ഈ പ്രതിസന്ധിഘട്ടത്തിൽ കുടുംബത്തിന്റെ വിസ പുതുക്കാൻ സാധിച്ചില്ല. വിസ പുതുക്കാത്തതിനാലും അഫ്സലിന്റെ ഹുറൂബ് നിയമപ്രശ്നവും കാരണം കുടുംബത്തെ തിരിച്ചയക്കാനും കഴിഞ്ഞില്ല. വാടക കരാർ പുതുക്കാത്തതിനാൽ താമസസ്ഥലത്തുനിന്നും ഇവരെ ഇറക്കി വിട്ടു. താമസ സ്ഥലത്തിനായി പലരെയും സമീപിച്ചെങ്കിലും കുടുംബസമേതമായതിനാൽ ആരും സഹായിച്ചില്ല. കേളി കലാ സാംസ്കാരിക വേദി ബദീഅ ഏരിയ ജീവകാരുണ്യ കൺവീനർ ജേർണറ്റ് നെൽസനെ സുഹൃത്തുക്കൾ വിവരം ധരിപ്പിച്ചതിനെ തുടർന്ന് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുകയും ബദീഅ ഏരിയ വൈസ് പ്രസിഡൻറ് പ്രസാദ് വഞ്ചിപ്പുര താമസസൗകര്യം ഏർപ്പാടാക്കുകയും ചെയ്തു. കേളി പ്രവർത്തകർ ആവശ്യമായ ഭക്ഷണ സാമഗ്രികൾ എത്തിച്ചു നൽകി.
സൗദി പാസ്പോർട്ട് ഓഫിസിൽ ഇന്ത്യൻ എംബസിയുടെ നിരന്തര ഇടപെടലിന്റെ ഫലമായി 15 ദിവസത്തിനകം 700 റിയാൽ പിഴയൊടുക്കി കുടുംബത്തെ തിരിച്ചയക്കാനുള്ള രേഖകൾ ശരിയാക്കി. പിഴ തുകക്കും ടിക്കറ്റിനും ആവശ്യമായ പണം നാട്ടിൽനിന്നും തരപ്പെടുത്തി. രണ്ടാഴ്ചക്കുള്ളിൽ അഫ്സലിന്റെ തിരിച്ച് പോക്കിനാവശ്യമായ രേഖകളും എംബസി ശരിയാക്കി നൽകി. 1700 റിയാൽ ട്രാഫിക് പിഴയും ടിക്കറ്റും ശരിയാക്കി കഴിഞ്ഞദിവസം അഫ്സലും കുടുംബവും നാട്ടിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.