ഖുലൈസ്: ഖത്തറില്‍നിന്ന് ഹയ്യാ കാര്‍ഡില്‍ സൗദിയിലെത്തി തിരിച്ചുപോകാൻ കഴിയാതെ പ്രതിസന്ധിയിലായ തമിഴ്നാട് സ്വദേശി നൂറുല്‍ അമീനും ഭാര്യക്കും സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ ഒടുവിൽ ഖത്തറിലേക്ക് തിരിച്ചുപോകാൻ കഴിഞ്ഞു.
സഹോദരന് മുഹമ്മദ് സമീറിനൊപ്പം ഉംറ നിര്‍വഹിക്കാന്‍ നൂറുല്‍ അമീനും ഭാര്യയും സൗദിയിലെത്തിയപ്പോൾ മക്കയിലേക്കുള്ള യാത്രയില്‍ അവരുടെ വാഹനം അപകടത്തില്‍പെടുകയും സഹോദരൻ മുഹമ്മദ് സമീര്‍ മരണപ്പെടുകയും ചെയ്തു. സഹോദരന്റെ മയ്യിത്ത് ഖബറടക്കി തിരിച്ചുപോകാൻ കഴിയാതെ സമീറും കുടുംബവും പ്രതിസന്ധിയിലായി. നൂറുല്‍ അമീന് വാഹനാപകടവുമായി ബന്ധപ്പെട്ട് കേസുള്ളതായി പൊലീസ് റിപ്പോർട്ട് ചെയ്തതിനാലാണ് യാത്രക്ക് വിലങ്ങുതടിയായത്. കേസ് നടത്താനും വേണ്ട നിയമസഹായങ്ങൾ നൽകാനും സാമൂഹിക പ്രവർത്തകർ ഇടപെട്ടതിനാലാണ് ആറു മാസത്തോളം സൗദിയില്‍ കുടുങ്ങിയ നൂറുൽ അമീന് ജോലിസ്ഥലമായ ഖത്തറിലേക്ക് മടങ്ങാൻ കഴിഞ്ഞത്.
ഖുലൈസിന്റെ സമീപ പ്രദേശത്തുവെച്ച് സംഭവിച്ച അപകടത്തില്‍ സഹായവുമായി ഖുലൈസ് കെ.എം.സി.സി രംഗത്തുവരുകയും മുഹമ്മദ് സമീറിന്റെ മരണാനന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മക്കയില്‍ മറവ് ചെയ്യുകയും ചെയ്തു. കേസ് നടത്താനുള്ള അറിവോ സൗദി ഭാഷാപരിജ്ഞാനമോ താമസ സൗകര്യമോ ഇല്ലാത്ത സഹചര്യത്തിലാണ് ഖുലൈസ് കെ.എം.സി.സി ഈ ജീവകാരുണ്യ പ്രവര്‍ത്തനം ഏറ്റെടുത്തത്. ഖുലൈസ് കെ.എം.സി.സി സീനിയര്‍ നേതാവ് ഇബ്രാഹീം വന്നേരി, ജിദ്ദ കെ.എം.സി.സി വൈസ് പ്രസിഡന്റ് സലീന ഇബ്രാഹീം എന്നിവർ നൂറുല്‍ അമീനും ഭാര്യക്കും സംരക്ഷണ തണല്‍ ഒരുക്കുകയായിരുന്നു.
കോടതി, ഇന്ത്യൻ കോണ്‍സുലേറ്റ്, ട്രാഫിക് പൊലീസ്, ഗവര്‍ണറേറ്റ് തുടങ്ങിയ നിരവധി സൗദി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്ന് ഖുലൈസ് കെ.എം.സി.സി ഭാരവാഹികൾ ഇടപെട്ട് ആവശ്യമായ നടപടികൾ എടുത്ത് വലിയ നിയമതടസ്സം നീക്കുകയായിരുന്നു. ഷാഫി മലപ്പുറം, റഷീദ് എറണാകുളം, ഷുക്കൂര്‍ ഫറോക്ക്, മുസ്തഫ കാസര്‍കോട്, നാസര്‍ ഓജര്‍, ആരിഫ് പഴയകത്ത് എന്നിവരും പ്രദേശത്തെ സുമനസ്സുകളായ സൗദി പൗരന്മാരും നൂറുല്‍ അമീന്റെ പ്രശ്നപരിഹാരത്തിനും അവരുടെ ഖത്തറിലേക്കുള്ള തിരിച്ചുപോക്ക് സാധ്യമാക്കാനും രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.