ദമ്മാം: ഏതെങ്കിലും സംസ്ഥാനത്തെ സൈബർ സെല്ലിലോ പൊലീസ് സ്റ്റേഷനിലോ അജ്ഞാതർ നൽകുന്ന പരാതിയുടെ അടിസ്ഥാനത്തിൽ കേരളത്തിലെ പൗരന്മാരുടെ അക്കൗണ്ടുകൾ മരവിപ്പിക്കുന്ന നടപടി പ്രതിഷേധാർഹവും ഗൗരവം അർഹിക്കുന്നതുമാണെന്ന് പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് സെൻട്രൽ കമ്മിറ്റി വ്യക്തമാക്കി. ഇരകളാക്കപ്പെട്ടവരിൽ പ്രവാസികളും ഉണ്ട്.
മരവിപ്പിക്കപ്പെട്ട കച്ചവടക്കാരുടെ അക്കൗണ്ടുകളിൽ പലതും ഉപഭോക്താക്കൾ നടത്തിയ നൂറോ ഇരുനൂറോ രൂപയുടെ ട്രാൻസാക്ഷനുകളുടെ പേരിലാണ്. പലതിലും ക്രൈം രജിസ്റ്റർ പോലും ചെയ്യപ്പെട്ടിട്ടില്ല. അക്കൗണ്ട് ഹോൾഡറെ അറിയിക്കുകയോ വിശദീകരണം ആരായുകയോ പോലും ചെയ്യാതെ പൊലീസ് നിർദ്ദേശം എന്ന പേരിൽ സാധാരണക്കാരുടെയും ചെറുകിട കച്ചവടക്കാരുടെയും അക്കൗണ്ടുകൾ മരവിപ്പിക്കുന്നത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണ്. പല കേസുകളിലും വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി അക്കൗണ്ട് മരവിപ്പിക്കൽ മാറ്റിക്കൊടുത്ത സംഭവങ്ങളും അതിെൻറ ദൃശ്യങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഫെഡറൽ ബാങ്കിലെ ഉപഭോക്താക്കളുടെ അക്കൗണ്ടുകളാണ് മരവിപ്പിക്കപ്പെട്ടവയിൽ ഏറെയും. ഇത് സംബന്ധിച്ച് ഉത്തരവാദിത്വം ഒഴിഞ്ഞുകൊണ്ട് ഫെഡറൽ ബാങ്ക് നൽകിയ വിശദീകരണം പൗരന്മാരുടെ ആശങ്ക വർദ്ധിപ്പിക്കുന്നതാണ്. ഡിജിറ്റൽ പണമിടപാട് വ്യാപകമാവുകയും യു.പി.ഐ ഇടപാടുകൾ സർവസാധാരണമാകുകയും ചെയ്ത ഈ ഘട്ടത്തിൽ എവിടെ ഏതെങ്കിലും ഒരു ട്രാൻസാക്ഷെൻറ പേരിൽ അനിശ്ചിത കാലത്തേക്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്ന നടപടി നാട്ടിലെ സാമ്പത്തിക ക്രയവിക്രയങ്ങളെ ഗുരുതരമായി പരിക്കേൽപ്പിക്കുന്ന കാര്യമാണ്.
ജനങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വത്തെയാണ് അത് ബാധിക്കുന്നത്. ഇടത്തരം - മധ്യവർഗ കുടുംബങ്ങൾക്ക് ബാങ്കുകളിലും ഡിജിറ്റൽ ഇടപാടുകളിലുമുള്ള വിശ്വാസം നഷ്ടപ്പെടുകയും സുതാര്യമായ സാമ്പത്തിക ഇടപാടുകളെ ബാധിക്കുകയും ചെയ്യും. തീർത്തും നിയമവിരുദ്ധവും അന്യായവുമായ അക്കൗണ്ട് മരവിപ്പിക്കലിെൻറ പിറകിലെ ഗൂഢാലോചന പുറത്തുകൊണ്ട് വരാൻ സംസ്ഥാന സർക്കാർ ഉന്നത തല അന്വേഷണം പ്രഖ്യാപിക്കണം. മരവിപ്പിച്ച അക്കൗണ്ടുകൾ പുനഃസ്ഥാപിക്കാനുള്ള നടപടികൾ കൈക്കൊള്ളുകയും വേണമെന്ന് വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.