റിയാദ്: സൗദിയിലെ നാഷനൽ ഹൗസിങ് കമ്പനിയും ചൈനീസ് സിറ്റിക് കൺസ്ട്രക്ഷൻ ഗ്രൂപ്പുമായി ഒരു വ്യാവസായിക നഗരവും 12 ഫാക്ടറികളുൾപ്പെടുന്ന നിർമാണ സാമഗ്രികൾക്കായുള്ള ലോജിസ്റ്റിക് സോണുകളും സ്ഥാപിക്കുന്നതിനുള്ള സഹകരണ കരാറിൽ ഒപ്പുവെച്ചു. മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന മന്ത്രി മാജിദ് അൽഹുഖൈലിന്റെ ചൈന സന്ദർശനത്തിന്റെ ഭാഗമായാണിത്. താമസ പദ്ധതികൾക്കായി സാമഗ്രികളുടെ വിതരണം സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കരാർ ഒപ്പുവെച്ചത്. നാഷനൽ ഹൗസിങ് സി.ഇ.ഒ മുഹമ്മദ് അൽബാത്വിയാണ് കമ്പനിയെ പ്രതിനിധീകരിച്ച് ഒപ്പിടൽ ചടങ്ങിൽ പങ്കെടുത്തത്.
നിർമാണ സാമഗ്രികളിൽ വൈദഗ്ധ്യമുള്ള ഏറ്റവും വലിയ ഫാക്ടറികളെ സൗദിയിലേക്ക് ആകർഷിച്ചും ചൈനീസ് അനുഭവങ്ങളിൽനിന്ന് പ്രയോജനം നേടിക്കൊണ്ട് ഉയർന്ന നിലവാരമുള്ള റെസിഡൻഷ്യൽ പ്രോജക്ടുകൾ അതിവേഗം നടപ്പാക്കുന്നത് ഉറപ്പാക്കുകയുമാണ് ചൈനീസ് കൺസ്ട്രക്ഷൻ ഗ്രൂപ്പുമായുള്ള സഹകരണ കരാറുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനി വിശദീകരിച്ചു. റിയൽ എസ്റ്റേറ്റ് മേഖലയുടെ സാമ്പത്തികവും വികസനപരവുമായ സ്വാധീനം പരമാവധി വർധിപ്പിക്കുന്നതിനും ഭവന പദ്ധതികൾ വികസിപ്പിക്കുന്നതിനും അവയുടെ ഗുണനിലവാരം ഉയർത്തുന്നതിനും വ്യാവസായിക നഗരങ്ങളിലൂടെയും ലോജിസ്റ്റിക് മേഖലകളിലൂടെയും കെട്ടിടനിർമാണ മേഖലയിലെ ദേശീയ പരിവർത്തനം പ്രോത്സാഹിപ്പിക്കുന്നതിനും കരാർ സഹായിക്കുമെന്നും കമ്പനി പറഞ്ഞു. റിയൽ എസ്റ്റേറ്റ് മേഖലയിൽ രാജ്യത്തെ നിക്ഷേപ അവസരങ്ങളിൽനിന്ന് പ്രയോജനം നേടുകയെന്ന ലക്ഷ്യത്തോടെ നിരവധി പ്രമുഖ ചൈനീസ് നിർമാണ കമ്പനികളുമായി മന്ത്രാലയം രണ്ട് ദിവസം മുമ്പ് നിരവധി കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.