റിയാദ്: 2030ൽ ലോജിസ്റ്റിക് സോണുകൾ 59 ആയി ഉയർത്താനാണ് ലക്ഷ്യമെന്ന് സൗദി ഗതാഗത-ലോജിസ്റ്റിക്സ് മന്ത്രി എൻജി. സ്വാലിഹ് അൽജാസർ പറഞ്ഞു. റിയാദിൽ ആരംഭിച്ച വിതരണ ശൃംഖല സമ്മേളനത്തിൽ (സപ്ലൈ ചെയിൻ കോൺഫറൻസ്) നടത്തിയ പ്രസംഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. 2030ഓടെ ലോജിസ്റ്റിക് മേഖലകളുടെ എണ്ണം നിലവിലെ 22ൽനിന്ന് 59ലേക്ക് എത്തിക്കാൻ ഗതാഗത-ലോജിസ്റ്റിക് സംവിധാനം പരിശ്രമം തുടരുകയാണ്.
ഇത് മത്സരശേഷി വർധിപ്പിക്കുന്നതിനും വാണിജ്യ, വ്യവസായിക പ്രസ്ഥാനങ്ങളെ പിന്തുണക്കുന്നതിനും വിവിധ ഗതാഗത സംവിധാനങ്ങളെ ഏകീകരിക്കാനാണെന്നും മന്ത്രി പറഞ്ഞു. ഭരണകൂട പിന്തുണയിലൂടെ ദേശീയ സമ്പദ്വ്യവസ്ഥയെ പിന്തുണക്കാനുള്ള ലോജിസ്റ്റിക് ശേഷി ശക്തിപ്പെടുത്തുന്നതിൽ സൗദി വിജയിച്ചു. തുറമുഖങ്ങളിൽ 18 ലോജിസ്റ്റിക്സ് സോണുകൾ സ്ഥാപിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചു.
നിരവധി ലോജിസ്റ്റിക്സ് സോണുകളിൽ നിക്ഷേപിക്കാൻ തദ്ദേശീയവും അന്തർദേശീയവുമായ സ്വകാര്യ കമ്പനികൾ വലിയ താൽപര്യമാണ് പ്രകടിപ്പിക്കുന്നത്. സ്വകാര്യ മേഖലയിൽനിന്നുള്ള മൊത്തം നിക്ഷേപം ആയിരം കോടി റിയാൽ കവിഞ്ഞു. ലോജിസ്റ്റിക്സ് മേഖല സാക്ഷ്യംവഹിച്ച വലിയ വികസനത്തിലൂടെ ആഗോള വിതരണ ശൃംഖലയിൽ അതിന്റെ സന്നദ്ധത നിലനിർത്തുന്നതിൽ സൗദി വിജയിച്ചതായും ഗതാഗത മന്ത്രി സൂചിപ്പിച്ചു.
ആഗോള വിതരണ ശൃംഖലകളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിലും മേഖലയിലെ വിതരണ ശൃംഖലകളുടെയും ചരക്കുകളുടെയും ഒഴുക്ക് ഉറപ്പാക്കുന്നതിനാവശ്യമായ ഘടകങ്ങൾ സ്ഥാപിക്കുന്നതിലും വലിയതും വളരുന്നതുമായ ലോജിസ്റ്റിക്കൽ കഴിവുകൾ പ്രയോജനപ്പെടുത്തുന്നതിലും സൗദി ഫലപ്രദമായ പങ്കുവഹിച്ചുവെന്നും ഗതാഗത മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.