അൽ ബാഹ: കോടമഞ്ഞിൻ താഴ്വരയിൽ രാക്കടമ്പ് പൂക്കുേമ്പാൾ അൽ ബാഹയിലെ കുന്നിൻ നിരകളിൽനിന്നൊരു പിശറൻ കാറ്റ് ഹൃദയ ജാലകവാതിലിൽ വന്ന് മുട്ടി വിളിക്കും, ഇറങ്ങി വരൂ ഈ സ്വർഗീയ കാഴ്ചകളിലേക്ക്... അതെ സൗന്ദര്യമെന്ന വാക്ക് മതിയാവില്ല, പച്ച തെഴുത്തതിന്മേൽ മഞ്ഞുടയാട ചുറ്റിയ പർവതനിരകളും താഴ്വരകളും ചേർന്ന് വരച്ചിട്ട പ്രകൃതിയുടെ രമണീയ കാഴ്ചകളെ വർണിക്കാൻ.
ഹൃദയവാതിലുകൾ തുറന്നെല്ലാം അതിനുള്ളിലേക്ക് ആവാഹിക്കാൻ ആളുകൾ ഒഴുകുകയാണിപ്പോൾ അൽ ബാഹയുടെ മനോഹരമായ കാടകങ്ങളിലേക്ക്. കുന്നിൻ ചരിവുകളിലെ കുറ്റിക്കാടുകൾക്കും മരങ്ങൾക്കുമിടയിൽ അഴിഞ്ഞുലഞ്ഞ് കിടക്കുന്ന വെള്ളപ്പുടവ പോലുള്ള മൂടൽമഞ്ഞിന്റെ കാഴ്ചകൾ മനം മയക്കുന്നതാണ്. ഉൾക്കുളിര് പകരും കാഴ്ചകൾ ആനന്ദം സമ്മാനിക്കും. എല്ലാം മറന്ന് ഒരു സ്വർഗീയാനുഭൂതി നുകരാനാവും.
സൗദി വിദ്യാലയങ്ങളിൽ ഹ്രസ്വകാലത്തേക്ക് അവധി പ്രഖ്യാപിച്ചതോടെ ഈ ദിനങ്ങൾ ചെലവഴിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകൾ സകുടുംബം അൽ ബാഹയിലേക്ക് പ്രവഹിക്കുകയാണ്. 10 ഡിഗ്രി സെൽഷ്യസിന് താഴെയാണ് നിലവിൽ ഇവിടുത്തെ താപനില. സ്വതവേ പച്ചപ്പ് നിറഞ്ഞ പ്രദേശമാണ് അൽ ബാഹ.
മാനംമുട്ടി നിൽക്കുന്ന പർവത ശിഖരങ്ങളെ മേഘങ്ങളുടെ അഴിയാചേലകൾ ചുറ്റിയ കാഴ്ച കൂടിയാവുേമ്പാൾ സ്വർഗം താണിറങ്ങി വന്നതോ എന്ന് വിസ്മയിച്ച് കണ്ടുനിന്നുപോകും. രാജ്യത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് അൽ ബാഹയോട് ചേർന്നുകിടക്കുന്ന അബഹയിലെ അൽ സൗദ. അബഹ പട്ടണത്തിൽനിന്ന് 28 കി.മീ ചുരം കയറിയാൽ അൽ സൗദയുടെ ഉച്ചിയിലെത്താം. സമുദ്രനിരപ്പിൽനിന്ന് 3015 മീറ്റർ ഉയരത്തിലാണിത്.
365 ദിവസവും ഏറിയും കുറഞ്ഞും തണുപ്പനുഭവപ്പെടുന്ന മേഖലയാണിത്. മലനിരകളെ ചുറ്റിവരിഞ്ഞ അരഞ്ഞാണം പോലുള്ള റോഡിലൂടെയുള്ള യാത്ര തന്നെ വ്യത്യസ്ത കാഴ്ചാനുഭവം ഒരുക്കുന്നു. റോഡിന്റെ കറുപ്പ്നിറം പോലും കോടമഞ്ഞിൽ വെൺമയണിയും. കോടമഞ്ഞ് ഒഴുകുന്നതും പതഞ്ഞ് പൊങ്ങുന്നതുമായ കാഴ്ച വിസ്മയകരമായ അനുഭൂതി പകരുന്നതാണ്.
നോക്കെത്താ ദൂരത്തുള്ള ദൃശ്യവിരുന്നിനേക്കാൾ കാഴ്ച മറച്ചുകൊണ്ടുള്ള ഇടക്കിടെ വന്നും പോയും കൊണ്ടിരിക്കുന്ന കോടമഞ്ഞിൻ കാഴ്ചകൾ തന്നെയാണ് ഇപ്പോൾ സന്ദർശകർക്ക് ഏറെ പ്രിയം. കോടമഞ്ഞ് മൂടിയ വഴികളിലൂടെയുള്ള യാത്രയും മലമുകളിൽനിന്നുള്ള താഴ്വരക്കാഴ്ചകളും സന്ദർശകർക്ക് അനിർവചനീയ അനുഭൂതി പകരുമെന്ന കാര്യത്തിൽ സംശയമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.