ദമ്മാം: കെ.എം.സി.സി കിഴക്കൻ പ്രവിശ്യ കമ്മിറ്റി എജു വിങ്ങിെൻറ ആഭിമുഖ്യത്തിൽ ‘പ്രസൻറ് ആൻഡ് ഫ്യൂച്ചർ എജുക്കേഷൻ: ചലഞ്ചസ് ആൻഡ് ഓപർച്യൂണിറ്റീസ്’ പാനൽ ചർച്ച സംഘടിപ്പിച്ചു. വിവിധ മേഖലയിൽനിന്നുള്ള പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. കോവിഡ് കാലഘട്ടത്തിനുശേഷം വിദ്യാർഥികളുടെ പെരുമാറ്റത്തിലും സമീപനത്തിലും സഹിഷ്ണുതയിലും പ്രകടമായ മാറ്റം ദൃശ്യമാണെന്നും അതുകൊണ്ടുതന്നെ അധ്യാപനം കൂടുതൽ സമ്മർദം നിറഞ്ഞതായിരിക്കുന്നുവെന്നും അമിതമായ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം ഇതിന് കാരണമായിരിക്കാമെന്നും അധ്യാപക പ്രതിനിധി ഡോ. സിന്ധു ബിനു അഭിപ്രായപ്പെട്ടു.
രക്ഷിതാക്കളും ബന്ധുക്കളും സാഹചര്യങ്ങൾ മനസ്സിലാക്കി അനുഭാവപൂർവം വിദ്യാർഥികളോട് ഇടപെടണമെന്ന് വിദ്യാർഥി പ്രതിനിധി അൽമുന ഇന്റർനാഷനൽ സ്കൂൾ വിദ്യാർഥി ഹനാൻ ഹനീഷ് പറഞ്ഞു. മൊബൈൽ ഉപയോഗത്തിന് ഒരു കോഡ് ഓഫ് കണ്ടക്ട് വീട്ടിൽ പാലിക്കുക, രക്ഷിതാക്കൾ മക്കൾക്ക് മാതൃകയാവുക തുടങ്ങി നിരവധി നിർദേശങ്ങൾ രക്ഷാകർതൃ പ്രതിനിധി ദമ്മാം ഇന്ത്യൻ സ്കൂൾ ചെയർമാൻ മുഅസ്സം അബ്ദുൽഖാദർ അവതരിപ്പിച്ചു.
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് നിത്യജീവിതത്തിെൻറ ഭാഗമാണെന്നും അതിെൻറ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും എന്നാൽ, മനുഷ്യബുദ്ധിക്കും വിവേകത്തിനും പകരമാവില്ലെന്നും സാങ്കേതിക രംഗത്ത് നിന്നുള്ള പ്രതിനിധി അഫ്താബ് സി. മുഹമ്മദ് അഭിപ്രായപ്പെട്ടു. വിദ്യാർഥിയുടെ അഭിരുചി മനസ്സിലാക്കാതെ വലിയ തുക നൽകി വിദ്യാർഥികളെ ഇഷ്ടമില്ലാത്ത പ്രഫഷനൽ കോഴ്സുകൾക്ക് അയക്കാതിരിക്കുക, എ.ഐ കമ്യൂണിക്കേഷൻ, കൊളാബറേഷൻ, ക്രിറ്റിക്കൽ തിങ്കിങ് തുടങ്ങിയ രംഗത്ത് പകരമല്ല, വിദ്യാർഥികൾക്ക് ആവശ്യമായ രാഷ്ട്രീയ വിദ്യാഭ്യാസം ലഭിക്കുന്നില്ല, ഈസ്റ്റേൺ പ്രോവിൻസിലെ സ്കൂളുകളിലെ നിലവിലെ ക്ലാസ്റൂമുകളും സ്റ്റാഫ് റൂമുകളും കൂടുതൽ വിദ്യാർഥിസൗഹൃദമായ രീതിയിൽ കാലോചിതമായി പരിഷ്കരിക്കേണ്ടതായിട്ടുണ്ടെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
എജു വിങ് കോഓഡിനേറ്ററും സിജി ഇൻറർനാഷനൽ ചെയർമാനുമായ എം.എം. അബ്ദുൽ മജീദ് മോഡറേറ്ററായിരുന്നു. മിർസ സഹീർ ബൈഗ്, ജമാൽ വില്യാപ്പള്ളി, മുഹമ്മദ് നജാത്തി, ഷബീർ ചാത്തമംഗലം, അബ്ദുൽ മജീദ്, സലിം, ഇമിലാഖ് അഹ്മദ് ഡൽഹി, നജീബ് ചീക്കിലോട്, എ.കെ.എം. നൗഷാദ് എന്നിവരും സംസാരിച്ചു. കെ.എം.സി.സി കിഴക്കൻ പ്രവിശ്യ ഓർഗനൈസിങ് സെക്രട്ടറി റഹ്മാൻ കാര്യാട് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.