റിയാദ്: ഇന്ന് ഉച്ചക്ക് 12.45ന് കോഴിക്കോേട്ടക്ക് പറക്കുന്ന എയർ ഇന്ത്യാ വിമാനത്തിലേക്കുള്ള യാത്രക്കാരെല്ലാം റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിലെത്തിക്കഴിഞ്ഞു. 12 മണിയോടെ എല്ലാ നടപടികളും പൂർത്തിയാകുമെന്നും കൃത്യം എത്ര യാത്രക്കാരാണുള്ളതെന്ന് അപ്പോൾ അറിയാമെന്നും എയർ ഇന്ത്യയുടെ എയർപ്പോർട്ടിലെ ഡ്യൂട്ടി മാനേജർ സിറാജുദ്ദീൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. കോവിഡ് പ്രതിസന്ധിയിൽ സൗദിയിൽ കുടുങ്ങിയ ഇന്ത്യാക്കാരെ തിരിച്ചുകൊണ്ടുപോകാൻ കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതി പ്രകാരമുള്ള ആദ്യ വിമാനമാണ് റിയാദിൽ നിന്ന് ഉടൻ പുറപ്പെടുന്നത്. രാവിലെ ഒമ്പത് മുതൽ തന്നെ യാത്രക്കാർ എയർപ്പോർട്ടിൽ എത്തിത്തുടങ്ങിയിരുന്നു. സമൂഹ അകലം പാലിച്ച് ബോർഡിങ്, ലേഗേജ് ചെക്കിൻ, എമിഗ്രേഷൻ നടപടികൾക്ക് വരി നിന്ന യാത്രക്കാർ ഒടുവിൽ ശരീരോഷ്മാവ് പരിശോധിക്കുന്ന തെർമൽ സ്ക്രീനിങ്ങും കഴിഞ്ഞ് വിമാനത്തിലേക്കുള്ള ഗേറ്റ് തുറക്കുന്നതും കാത്ത് ടെർമിനലിലെ വെയ്റ്റിങ് ഹാളുകളിൽ ഇരിക്കുകയാണ്. ഇന്ത്യൻ എംബസിയിൽ നിന്ന് അനുമതി ലഭിച്ച ആദ്യ യാത്രാസംഘത്തിൽ കൂടുതലും സ്ത്രീകളാണ്. വിവിധ കാലയളവുകളിലെ ഗർഭാവസ്ഥകളിലുള്ളവരാണ് അവരെല്ലാം. അതിൽ അധികവും നഴ്സുമാരാണ്. മറ്റ് രോഗങ്ങൾ മൂലം പ്രായസപ്പെടുന്നവരും യാത്രക്കാരിലുണ്ട്. കൊല്ലം മടത്തറ സ്വദേശി ഷാജു രാജൻ അർബുദ ചികിത്സക്ക് വേണ്ടിയാണ് നാട്ടിലേക്ക് പോകുന്നത്.
റിയാദിൽ ഡ്രൈവറായ ഷാജു തിരുവനന്തപുരം ആർ.സി.സിയാണ് ലക്ഷ്യം വെച്ചാണ് പോകുന്നതെങ്കിലും കോഴിക്കോട്ട് ഇറങ്ങിയ ശേഷം അവിടെ നിന്ന് തിരുവനന്തപുരത്ത് എത്താനുള്ള താൽക്കാലികമായ സാേങ്കതിക ബുദ്ധിമുട്ട് പരിഗണിച്ച് ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഇടപെട്ട് കോഴിക്കോട് എം.വി.ആർ കാൻസർ സെൻററിൽ താൽക്കാലികമായി തങ്ങാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. രാത്രി 11മണിയോടെ കരിപ്പൂരിലെത്തുന്ന ഷാജു രാജൻ അവിടേക്കാവും പോവുക. റിയാദിൽ നിന്ന് 600 കിലോമീറ്ററകലെ അൽഅഹ്സയിലെ കിങ് ഫൈസൽ ആശുപത്രിയിലെ സ്തനാർബുദ വിഭാഗത്തിൽ സ്റ്റാഫ് നഴ്സായ കൊല്ലം ശാസ്താം കോട്ട മുതുപിലാക്കോട് സ്വദേശി പ്രീതി തോമസും റിയാദിലെത്തി യാത്രക്കായി ടെർമിനലിൽ കാത്തിരിപ്പുണ്ട്. ഒമ്പത് മാസം ഗർഭിണിയായ അവരെ സൗദി ആരോഗ്യവകുപ്പിെൻറ വാഹനത്തിലാണ് വ്യാഴാഴ്ച റിയാദ് എയർപ്പോർട്ടിൽ എത്തിച്ചത്. മാധ്യമപ്രവർത്തകൻ ഷക്കീബ് കൊളക്കാടനും ഭാര്യയും കൂടി എയർപ്പോർട്ടിൽ എത്തി അവരെ സ്വീകരിച്ച് റിയാദിലെ എയർ ഇന്ത്യ ഒാഫീസിൽ കൊണ്ടുവരികയും ടിക്കറ്റ് കൈപ്പറ്റുകയുമായിരുന്നു. ഷക്കീബിെൻറ വീട്ടിൽ താമസിച്ച അവർ ഇന്ന് രാവിലെ തന്നെ എയർപ്പോർട്ടിലെത്തിയിരുന്നു.
പ്രീതിയുടെ ഭർത്താവ് ദുബൈയിലാണ് ജോലി ചെയ്യുന്നത്. കോഴിക്കോെട്ടത്തുന്ന പ്രീതിയെ സംസ്ഥാന ആരോഗ്യവകുപ്പ് ഏർപ്പെടുത്ത ആംബുലൻസിൽ കൊല്ലത്തെ വീട്ടിലെത്തിക്കും. റിയാദ് ശുമൈസി കിങ് സഉൗദ് മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായ മഞ്ജു തോമസ് എട്ട് മാസം ഗർഭിണിയാണ്. വേൾഡ് മലയാളി ഫെഡറേഷൻ പ്രവർത്തകരാണ് അവരെ രാവിലെ തന്നെ എയർപ്പോർട്ടിൽ എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.