റിയാദ്: രാജ്യത്ത് 15ാമതൊരു അറേബ്യൻ മാൻ (ഒറിക്സ്) കൂടി ജനിച്ചു. അമീർ മുഹമ്മദ് ബിൻ സൽമാൻ റോയൽ റിസർവിലെ അറേബ്യൻ മാനിന്റെ ജനനം അധികൃതർ ആഘോഷമാക്കുകയാണ്. 2022 അവസാനത്തോടെയാണ് റിസർവിൽ അറേബ്യൻ മാനിനെ സംരക്ഷിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചത്. കിരീടാവകാശിയും റിസർവ് ഡെവലപ്മെന്റ് അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ മേൽനോട്ടത്തിൽ ആരംഭിച്ച സംയോജിത വികസന പദ്ധതിയുടെ ഭാഗമാണ് ഈ പരിപാടി.
വന്യജീവികളെ സംരക്ഷിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങളിലെ സുപ്രധാന നേട്ടമായാണ് 15ാമത് അറേബ്യൻ ഒറിക്സിന്റെ പിറവിയെന്ന് റിസർവ് സി.ഇ.ഒ ആൻഡ്രൂ സലൂമിസ് പറഞ്ഞു.
ഈ അപൂർവ ഇനത്തിന്റെ സുസ്ഥിര വന്യ ജനസംഖ്യ കെട്ടിപ്പടുക്കാൻ ലക്ഷ്യമിട്ടുള്ള പ്രാദേശിക സംരംഭങ്ങളെ പിന്തുണക്കുന്നതിന് ഇത് സംഭാവന ചെയ്യുന്നുവെന്നും സി.ഇ.ഒ പറഞ്ഞു. 1970ലാണ് വേട്ടയാടലും പ്രകൃതിദത്ത ആവാസവ്യവസ്ഥയുടെ നഷ്ടവും കാരണം അറേബ്യൻ ഉപഭൂഖണ്ഡത്തിലുടനീളം അറേബ്യൻ മാനുകൾക്ക് വംശനാശം സംഭവിച്ചതായി പ്രഖ്യാപിക്കപ്പെട്ടത്.
ഇന്റർ നാഷനൽ യൂനിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്വർ പുറത്തിറക്കിയ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ റെഡ് ലിസ്റ്റ് പ്രകാരം അതിനെ സംരക്ഷിക്കാൻ നടന്നുകൊണ്ടിരിക്കുന്ന പ്രോഗ്രാമുകൾ അതിനെ ‘വംശനാശ അപകടസാധ്യതയുള്ള’ വിഭാഗത്തിൽനിന്ന് പിൽക്കാലത്ത് രക്ഷിക്കാൻ കാരണമായി. അത് അറേബ്യൻ മാനിന്റെ വീണ്ടെടുക്കലിലെ വ്യക്തമായ പുരോഗതിയെ പ്രതിഫലിപ്പിക്കുന്നു.
പരിസ്ഥിതി വൈവിധ്യം സംരക്ഷിക്കുന്നതിനും ‘സൗദി വിഷൻ 2030’ന്റെയും സൗദി ഗ്രീൻ ഇനീഷ്യേറ്റിവിന്റെയും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള റിസർവിന്റെ പ്രതിബദ്ധതയും ഉൾക്കൊള്ളുന്നു. വംശനാശ ഭീഷണി നേരിടുന്ന ജീവികളെ പിന്തുണക്കുന്നതിനും അവയുടെ പാരിസ്ഥിതിക പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുമായി പ്രകൃതിദത്ത ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിനുള്ള പരിപാടികൾ റിസർവ് തുടരുന്നതായും സി.ഇ.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.