ജിദ്ദ: ഇന്തോനേഷ്യൻ ഹജ്ജ് തീർത്ഥാടകർക്ക് സേവനമൊരുക്കാൻ സൗദി അറേബ്യയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റുകൾ. ഇതുസംബന്ധിച്ച് ഇന്തോനേഷ്യൻ ഹജ്ജ് ബോർഡുമായി സുപ്രധാന കരാറിൽ ഒപ്പുവച്ചു. തീർഥാടകർക്ക് മികച്ച സേവനവും പരിചരണവും നൽകുന്നതിനായി ഉയർന്ന നിലവാരത്തിലുള്ള ഉത്പന്നങ്ങളും സേവനങ്ങളും പ്രദാനം ചെയ്യുകയാണ് ലക്ഷ്യം.
സൗദി ലുലു ഹൈപ്പർമാർക്കറ്റ് ഡയറക്ടർ ഷെഹിം മുഹമ്മദ്, ഇന്തോനേഷ്യൻ ഹജ്ജ് ഫണ്ട് മാനേജ്‌മെൻറ് ഏജൻസി എക്‌സിക്യൂട്ടീവ് ബോർഡ് അംഗം ഹാരി അലക്‌സാണ്ടർ എന്നിവരാണ് ധാരണാപത്രത്തിൽ ഔദ്യോഗികമായി ഒപ്പുവച്ചത്. ചടങ്ങിൽ ലുലു ഗ്രൂപ്പ് ഇൻറർനാഷനൽ ചീഫ് ഓപ്പറേറ്റിങ് ആൻഡ് സ്ട്രാറ്റജി ഓഫീസറും ലുലു ഹൈപ്പർമാർക്കറ്റ് വെസ്റ്റേൺ പ്രൊവിൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ വി.ഐ. സലീം, റീജനൽ ഡയറക്ടർ റഫീക് മുഹമ്മദ് അലി, ജിദ്ദയിലെ ഇന്തോനേഷ്യൻ ട്രേഡ് കൗൺസിൽ ഡയറക്ടർ ബാഗാസ് എന്നിവരും പങ്കെടുത്തു.
ഈ പുതിയ സഹകരണം ഹജ്ജ് തീർത്ഥാടകർക്ക് അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് ഉൽപ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിന് ലുലു ഹൈപ്പർമാർക്കറ്റുകൾ സഹായിക്കും. സൗദി അറേബ്യയിലുടനീളം വ്യാപിച്ചുകിടക്കുന്ന ലുലു ഹൈപ്പർമാർക്കറ്റുകൾ മിതമായ വിലയ്ക്ക് ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾക്കും ഉന്നത നിലവാരമുള്ള സേവനങ്ങൾക്കും അറിയപ്പെടുന്ന റീട്ടെയ്ൽ ശൃംഖലയാണ്.
ഇന്തോനേഷ്യൻ ഹജ്ജ് ബോർഡുമായി കൈകോർത്ത്, തീർത്ഥാടകർക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട യാത്രയിൽ സേവനങ്ങൾ നൽകുന്നതിൽ പങ്കുചേരാൻ ഞങ്ങൾക്ക് ആഹ്ലാദമാണെന്നും ഈ കരാർ ഞങ്ങളുടെ ഉന്നത നിലവാരത്തിലുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുകയും ലോകമെമ്പാടുമുള്ള റീട്ടെയിൽ വ്യവസായത്തിൽ ലുലുവിെൻറ വിശ്വാസ്യതയുള്ള പങ്കാളിയായി നിലനിൽക്കുന്നതിനെ സൂചിപ്പിക്കുകയും ചെയ്യുമെന്നും ഇന്തോനേഷ്യൻ ഹജ്ജ് തീർത്ഥാടകർക്ക് മികച്ച സേവനവും പരിചരണവും നൽകാൻ ഞങ്ങൾ പ്രവർത്തിക്കുമെന്നും വി.ഐ. സലീം പറഞ്ഞു.
ഗുണമേന്മയുടെയും വിശ്വാസ്യതയുടെയും ചിഹ്നമായ ലുലു ഹൈപ്പർമാർക്കറ്റുകൾ ഇന്തോനേഷ്യൻ തീർത്ഥാടകർക്ക് അവരുടെ ഹജ്ജ് യാത്രയ്ക്കിടെ മികച്ച സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള സുപ്രധാന കേന്ദ്രങ്ങളായിരിക്കുമെന്നും ഈ സഹകരണം നമ്മുടെ തീർത്ഥാടകരുടെ ആവശ്യങ്ങൾ ഏറ്റവും ഉന്നതനിലവാരത്തോടെ നിർവഹിക്കപ്പെടുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്നും ഇന്തോനേഷ്യൻ ഹജ്ജ് ബോർഡിനെ പ്രതിനിധീകരിച്ച് ഹാരി അലക്‌സാണ്ടർ പറഞ്ഞു. ഈ സഹകരണം ഇരു കക്ഷികൾക്കും ഗുണകരമായിത്തീരുകയും തീർത്ഥാടകർക്ക് സുഗമവും സുഖപ്രദവുമായ സൗകര്യങ്ങൾ ഉറപ്പുവരുത്തുമെന്നും പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.