ജിദ്ദ: ജിദ്ദയിൽ പ്രവാസിയായ അലി അരിക്കത്ത് സംവിധാനം ചെയ്ത ‘ജീവിതം (ദ ലൈഫ്)’ എന്ന ഡോക്യുമെന്ററി പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പി.എം. ഷാഹ് ഫൗണ്ടേഷന് കീഴിൽ ഓൾ ഇന്ത്യ തലത്തിൽ നടത്തപ്പെടുന്ന 13ാമത് ഫിലിം ഫെസ്റ്റിവലിൽ ഡോക്യുമെന്ററി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. വിവിധ കാരണങ്ങളാൽ സമൂഹം പുറംതിരിഞ്ഞു നിൽക്കുന്ന അധസ്ഥിതരുടെയും നിരാലംബരുടെയും കണ്ണീരണിഞ്ഞ കഥകളും അവരും സമൂഹത്തിലെ ഉന്നതരും ഉത്തമരുമാണെന്ന പൊതുബോധം പ്രേക്ഷകരിലുണ്ടാക്കാൻ ഏറെ പരിശ്രമിച്ച ഡോക്യുമെന്ററിയാണ് ‘ജീവിതം’.
2018ൽ നാസർ തിരുനിലത്തിന്റെ നിർമാണത്തിലാണ് ഈ ഡോക്യുമെന്ററി പുറത്തിറങ്ങിയത്. നാല് വിദേശ ഫിലിം ഫെസ്റ്റിവലുകളിൽ ‘ജീവിതം’ ഡോക്യുമെന്ററി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പുണെയിൽ നടന്ന ചടങ്ങിൽ അലി അരിക്കത്ത് അവാർഡും പ്രശസ്തിപത്രവും ഏറ്റുവാങ്ങി.
മലബാർ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ നേർസാക്ഷ്യമായ ‘ട്വിൻ ലെജൻഡ്സ് ഓഫ് മലബാർ’ എന്ന അലി അരിക്കത്തിന്റെ ഡോക്യുഫിക്ഷൻ ഫിലിമിന് 2015ൽ വിബ്ജിയോർ യങ് ഫിലിം മേക്കർ അവാർഡും ലഭിച്ചിരുന്നു. പുതിയ എ.ഐ യുഗത്തിൽ സമൂഹം തിരിച്ചറിയേണ്ട യാഥാർഥ്യങ്ങളും കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്ന ചതിക്കുഴികളെയും കൃത്യമായി സ്ക്രീനിലേക്ക് പകർത്തിയ അലി അരിക്കത്തിന്റെ ‘ഹോട്ട് എ.ഐ’ എന്ന ഷോർട്ട് ഫിലിം കഴിഞ്ഞ ദിവസം ജിദ്ദയിൽ പ്രകാശനം ചെയ്തിരുന്നു.
അദ്ദേഹം സംവിധാനം ചെയ്ത് ജിദ്ദയിൽ ചിത്രീകരണം പൂർത്തിയാക്കിയ ‘മസ്റ’ എന്ന സിനിമ ജനുവരിയിൽ റിലീസിങ്ങിനായി അവസാനഘട്ട ജോലികൾ അണിയറയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.