റിയാദ്: രാജ്യത്ത് വാണിജ്യ, വ്യവസായ സംരംഭങ്ങൾ തുടങ്ങുന്ന നിക്ഷേപകരെ പിന്തുണക്കാൻ സൗദി അറേബ്യയിൽ പ്രത്യേക കോടതികൾ സ്ഥാപിക്കുന്നു. നിക്ഷേപവുമായി ബന്ധപ്പെട്ട തർക്കങ്ങൾ തീർപ്പാക്കുന്നതിനാണ് പ്രത്യേക കോടതികൾ ആരംഭിക്കുന്നത്.
നിക്ഷേപ മന്ത്രാലയം ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്സിന് അയച്ച കത്തിലാണ് ഈ വിവരമുള്ളത്. ഇത്തരത്തിലുള്ള കോടതി സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത എത്രത്തോളം ഉണ്ടെന്നറിയാൻ നിരവധി പ്രധാന മേഖലകളിൽ പ്രവർത്തിക്കുന്ന സർക്കാർ ഏജൻസികളോടും അഭിപ്രായം ആരാഞ്ഞിട്ടുണ്ട്.
രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ നിക്ഷേപകരുടെ വിശ്വാസം വർധിപ്പിക്കാനും പ്രാദേശിക, ആഗോള തലങ്ങളിൽ ഒരു നിക്ഷേപകേന്ദ്രമാക്കി മാറ്റാനാണ് പ്രത്യേക നിക്ഷേപ കോടതികൾ ലക്ഷ്യമിടുന്നത്. രാജ്യത്ത് നടക്കുന്ന ദ്രുതഗതിയിലുള്ള നിയമ നിർമാണ, ജുഡീഷ്യൽ സംഭവവികാസങ്ങളുടെ ചട്ടക്കൂടിനുള്ളിലാണ് ഈ നടപടിയെന്നും നിക്ഷേപ മന്ത്രാലയം സൂചിപ്പിച്ചു.
‘വിഷൻ 2030’ന്റെയും ദേശീയ നിക്ഷേപ പദ്ധതിയുടെയും ലക്ഷ്യങ്ങൾക്ക് അനുസൃതമായി വികസന ചക്രത്തെ പിന്തുണക്കുന്നതിന് കൂടിയാണെന്നും മന്ത്രാലയം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.