റിയാദ്: ന്യൂ ഇൻഡസ്ട്രിയൽ സിറ്റിയിൽ നടന്ന അർകാൻ സ്പോർട്സ് യു.ആർ പേ വോളിബാൾ ടൂർണമെന്റിൽ അൽ ഹംറയെ പരാജയപ്പെടുത്തി സ്റ്റാർ വോളി റിയാദ് കിരീടം ചൂടി. ഫെബ്രുവരി ആദ്യവാരം ആരംഭിച്ച ടൂർണമെന്റിൽ 10 ടീമുകൾ ലീഗ് അടിസ്ഥാനത്തിൽ മത്സരിച്ചു. രണ്ടു ഗ്രൂപ് ജേതാക്കളും രണ്ടാം സ്ഥാനക്കാരുമാണ് സെമി ഫൈനലിൽ എത്തിയത്. സൗദി, പാകിസ്താൻ, ഫിലിപ്പീൻസ്, ഇന്ത്യൻ ടീമുകളാണ് പങ്കെടുത്തത്. മേരി, ദേശൻ 11, ശാഖരാക്, പെർഫെക്ട് അവഞ്ചേഴ്സ്, ഡീർ 11, ബാറ്റഗ്രാം എന്നീ ക്ലബുകൾ ആദ്യ റൗണ്ടിൽ പുറത്തായി.
അർകാൻ ഇൻഡോർ സ്പോർട്സ് കോംപ്ലക്സിലാണ് ഫൈനൽ മത്സരം അരങ്ങേറിയത്. സെമിയിൽ ഫിലിപ്പീൻസ് ഗ്ലാം വോളി ക്ലബിനെ പരാജയപ്പെടുത്തിയ അൽ ഹംറയും സൗദി ടീമായ ലെജന്റ്സിനെ തോൽപിച്ച സ്റ്റാറുമാണ് കലാശക്കളിയിൽ മാറ്റുരച്ചത്. വാശിയേറിയ ബെസ്റ്റ് ഓഫ് ഫൈവ് മത്സരത്തിൽ മുന്നേറ്റം കാഴ്ചവെച്ച സ്റ്റാർ വോളി ആദ്യ രണ്ടു സെറ്റുകളിലും അൽ ഹംറയെ മറികടന്നു (25-17, 25-19). ഉണർന്നു കളിച്ച അൽ ഹംറ മികച്ച പോരാട്ടം കാഴ്ചവെച്ച് (21- 25) മൂന്നാമത്തെ സെറ്റ് തിരിച്ചുപിടിച്ചെങ്കിലും നാലാമത്തെ കളിയിൽ പൊരുതിത്തോൽക്കുകയാണുണ്ടായത്. 25-21-ന് നാലാം സെറ്റ് കരസ്ഥമാക്കി 3-1ന് ടൂർണമെന്റിലുടനീളം മികച്ച കളി പുറത്തെടുത്ത സ്റ്റാർ റിയാദ് കിരീടം ഉറപ്പാക്കി. അൽ ഹംറയുടെ അബ്ദുൽ മജീദ്, യാസിർ എന്നിവർ ബെസ്റ്റ് ലിബറോ, ബെസ്റ്റ് അറ്റാക്കർ ബഹുമതികൾ കരസ്ഥമാക്കി.
മികച്ച സെറ്ററായി സ്റ്റാർ വോളിയുടെ ദിനേഷിനെയും തെരഞ്ഞെടുത്തു. അൽ ഹംറ ക്ലബിൽ സൗദി കളിക്കാരും സ്റ്റാർ റിയാദിൽ ഇന്ത്യൻ താരങ്ങളുമാണ് അണിനിരന്നത്. വിജയികളായ സ്റ്റാർ വോളി 3,000 റിയാലിന്റെ കാഷ് അവാർഡും ട്രോഫിയും റണ്ണറപ്പായ അൽ ഹംറ (1500 റിയാൽ) കാഷ് അവാർഡും റണ്ണേഴ്സ് ട്രോഫിയും ഏറ്റുവാങ്ങി. ഇതോടെ രണ്ടു മാസം നീണ്ടുനിന്ന അർകാൻ സ്പോർട്സ് വോളിബാൾ ടൂർണമെന്റിന് അവസാന വിസിൽ മുഴങ്ങി. സൗദി അറേബ്യയിലെ കായിക രംഗത്തെ മാറ്റത്തിന്റെ പാതയിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് അർകാൻ സ്പോർട്സ്. ക്രിക്കറ്റ്, ബാസ്കറ്റ്ബാൾ, ഫുട്ബാൾ, വോളിബാൾ, ഹാൻഡ്ബാൾ, ബാഡ്മിൻറൺ, ടേബ്ൾ ടെന്നിസ് തുടങ്ങി എല്ലാ കായിക മേഖലയെയും പരിപോഷിപ്പിക്കുകയാണ് പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.