ജിദ്ദ: 'നിയോം' നഗരത്തിന്റെ ഹൃദയമിടിപ്പായി 'നിർമിതബുദ്ധി' (ആർടിഫിഷ്യൽ ഇന്റലിജൻസ്)യെ കണക്കാക്കുന്നുവെന്ന് സി.ഇ.ഒ നള്മി അൽനസ്ർ പറഞ്ഞു. റിയാദിലെ കിങ് അബ്ദുൽ അസീസ് ഇന്റർനാഷനൽ കോൺഫറൻസ് സെന്ററിൽ നടക്കുന്ന രണ്ടാമത് 'നിർമിത ബുദ്ധി' ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക രൂപകൽപനയും സാങ്കേതികവിദ്യകളുമായി നിയോം ഭാവിയെ നയിക്കും. കഴിഞ്ഞ അഞ്ചു വർഷമായി ഈ രംഗത്തെ നിരവധി സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് നിയോമിന്റെ സംസ്ഥാപനത്തിന് വേണ്ടി പ്രവർത്തിച്ചുവരുന്നത്. നിയോം പദ്ധതി മാത്രമല്ലെന്നും ഒരു ബിസിനസ് മോഡലാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിയോം പദ്ധതി ഒരുപാട് നേട്ടങ്ങൾ ഉണ്ടാക്കും. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ രാജ്യം സാക്ഷ്യം വഹിച്ച സാങ്കേതിക പരിവർത്തനം ഭാവിയിൽ നിയോമിന്റെ വിജയത്തിന് വലിയ സംഭാവന നൽകുമെന്നും സി.ഇ.ഒ ചൂണ്ടിക്കാട്ടി. 'ദി ലൈൻ' പദ്ധതി പൂർണമായും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയാണ് നടപ്പാക്കുന്നത്. ഭാവി നഗരങ്ങൾ എങ്ങനെയായിരിക്കുമെന്ന് ഇത് നിശ്ചയിക്കും.
നഗര രൂപകൽപന, നഗര പരിപാലനത്തിനായുള്ള ആസൂത്രണം, ജീവിതശൈലി എന്നിവയൊക്കെ ഇനി നിർമിത ബുദ്ധിയാണ് നിർണയിക്കുക. അത് ലോകത്ത് വിപ്ലവം സൃഷ്ടിക്കും. ദി ലൈനിലെ ഏറ്റവും വലിയ വെല്ലുവിളി ജനങ്ങൾക്ക് ജീവിക്കാൻ കുറച്ച് ഭൂമി എങ്ങനെ ഉപയോഗിക്കാം എന്നതിന് ഉത്തരം കാണലാണ്. നിയോമിലെ മറ്റു പദ്ധതികൾക്കുള്ള എൻജിനായി ദി ലൈൻ പദ്ധതി പ്രവർത്തിക്കുമെന്നും സി.ഇ.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.