ഇന്ത്യ എന്ന ജനാധിപത്യരാജ്യം ബ്രിട്ടീഷ് ആധിപത്യത്തിൽനിന്ന് സ്വതന്ത്രമായിട്ട് 73 വർഷങ്ങൾ കടന്നുപോയിരിക്കുന്നു. ഒരു കൊളോണിയൽ സംസ്കാരത്തിൽനിന്ന് സ്വതന്ത്ര രാഷ്ട്രത്തിലേക്കുള്ള മാറ്റം അത്ര എളുപ്പമുള്ളതായിരുന്നില്ല. വിഭജനം മൂലം ഭ്രഷ്ടരാക്കപ്പെട്ട അഭയാർഥികളുടെ പുനരധിവാസം മുതൽ അതിർത്തിത്തർക്കങ്ങളും, അതിനെ തുടർന്നുണ്ടായ കലാപങ്ങളും നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളികൾതന്നെയായിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ പുരോഗതി വിദ്യാഭ്യാസത്തിലൂടെയായിരുന്നു എന്ന് പറയാം. നിരക്ഷരത ശാപമായിരുന്ന ഒരു കാലഘട്ടത്തിനു ശേഷം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന നിലയിലേക്ക് സാക്ഷരത നിരക്ക് ഉയർത്തപ്പെട്ടിരിക്കുന്നു. നിർബന്ധിത പ്രാഥമിക വിദ്യാഭ്യാസവും ഗ്രാമീണമേഖലയിൽ കൂടുതൽ സ്കൂളുകൾ നിർമിക്കപ്പെട്ടതും വിദ്യാഭ്യാസ പുരോഗതിക്ക് ആക്കംകൂട്ടി. ഇന്ത്യൻ സമ്പദ്വ്യവസ്ഥതയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്ന കാർഷികരംഗം 1950ന് ശേഷം വളർച്ചയുടെ പാതയിലായിരുന്നു.
ഭൂപരിഷ്കരണ നിയമങ്ങൾ, ഈ മേഖലയിൽ നടത്തിയ പരീക്ഷണങ്ങൾ, ഗ്രാമങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ കൃഷിഭൂമി വികസനം, അടിസ്ഥനസൗകര്യ ലഭ്യത എന്നീ ഘടകങ്ങൾ ഭക്ഷ്യവിളകളുടെയും നാണ്യവിളകളുടെയും ഉൽപാദനത്തിലും കയറ്റുമതിയിലും ഇന്ത്യയെ ലോകനിലവാരത്തിലേക്കുയർത്തി. വിവരസാങ്കേതിക മേഖലയിലുണ്ടായ സമൂലമാറ്റം സ്വതന്ത്ര ഭാരതത്തിൻെറ ഏറ്റവും വലിയ നേട്ടമാണ്. മെട്രോപൊളിറ്റൻ നഗരങ്ങളിൽ നിന്ന് ആരംഭിച്ച ഐ.ടി വിപ്ലവം ഇന്ത്യൻ സമൂഹത്തിലെ എല്ലാതട്ടിലുള്ള ജനങ്ങളും ഏറ്റെടുത്തുകഴിഞ്ഞു. ലോകത്തിൻെറ ഏതു കോണിൽ നോക്കിയാലും ഐ.ടി രംഗത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ പൗരന്മാർ രാജ്യത്തിന് അഭിമാനവും മുതൽക്കൂട്ടുമാണ്. ലോകത്തിലെ പ്രമുഖ സോഫ്റ്റ്‌വെയർ നിർമാതാക്കളൊക്കെത്തന്നെയും ഇന്ത്യയിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്തുന്നതും നേട്ടങ്ങൾക്ക് മാറ്റു കൂട്ടുന്നു.
ശാസ്ത്ര ബഹിരാകാശ പരീക്ഷണ രംഗത്തിലെ പുരോഗതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യക്ക് ലോകത്തിൽ അഞ്ചാം സ്ഥാനമാണ്. ആദ്യത്തെ സ്വതന്ത്ര ഉപഗ്രഹമായ ആര്യഭട്ടയുടെ ചരിത്ര വിക്ഷേപണത്തിനു ശേഷം ഒട്ടനവധി ബഹിരാകാശദൗത്യങ്ങൾ ഏറ്റെടുത്തു വിജയിപ്പിക്കാൻ നമ്മുടെ ശാസ്ത്രജ്ഞന്മാർക്കായിട്ടുണ്ട്. ശാസ്ത്ര പാരമ്പര്യം അവകാശപ്പെടാമെങ്കിലും വിദ്യാർഥികൾക്കിടയിൽ ശാസ്ത്ര അവബോധം വളർത്തേണ്ടത് അത്യാവശ്യമാണ്. വിദ്യാർഥികളിൽ കൂടുതൽ നിരീക്ഷണപാടവം വർധിപ്പിക്കാൻ സഹായകമാകുന്ന കോഴ്സുകൾ വാഗ്ദാനം ചെയ്യുന്ന ലോകനിലവാരത്തിലുള്ള സ്ഥാപനങ്ങൾ ഇന്ത്യയുടെ ഭാവി നിർണയിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുമെന്ന് നിസ്സംശയം പറയാം. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ത്വരിതഗതിയിൽ വർധിച്ചുകൊണ്ടിരിക്കുന്നു. 2025 ആകുമ്പോഴേക്കും നമ്മുടെ രാജ്യം അമേരിക്കക്കും ചൈനക്കും ശേഷം മൂന്നാം സ്ഥാനത്തെത്തുമെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. ശക്തമായ സമ്പദ്‌വ്യവസ്ഥ ഉണ്ടെങ്കിലും മാനവ വികസന സൂചിക പ്രകാരം 25 ശതമാനം ജനങ്ങൾ ദാരിദ്ര്യ രേഖക്ക് താഴെയാണ്.
അവർക്ക് പ്രാപ്യമായ അടിസ്ഥാന സൗകര്യങ്ങളും തൊഴിൽ വാഗ്ദാനങ്ങളും കൃഷിക്കാവശ്യമായ നിക്ഷേപങ്ങളും നൽകി ഒരു പരിധിവരെ ഈ അവസ്ഥയിൽ നിന്നും അവരെ മോചിപ്പിക്കാം. ആതുരസേവന രംഗത്ത് ഇന്ത്യ നടത്തിയ ശ്രദ്ധേയമായ ഇടപെടലുകൾ മൂലം പോളിയോ മുക്ത രാജ്യമായി മാറാൻ നമുക്കായി. പാവപ്പെട്ടവർക്ക് നൽകുന്ന സൗജന്യ മരുന്ന് വിതരണ സമ്പ്രദായവും വിവിധതരം ആരോഗ്യ പോളിസികളും സാധാരണക്കാർക്ക് ആശ്വാസമാണ്. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള മരുന്നിനായുള്ള തീവ്രശ്രമത്തിൽ പങ്കാളികളായിട്ടുള്ള ശാസ്ത്രജ്ഞരുടെയും ആതുരരംഗത്തു പ്രവർത്തിക്കുന്നവരുടെയും സേവനം നിസ്തുലമാണ്. എല്ലാവർക്കും ലഭ്യമാകുന്ന ഗുണമേന്മയുള്ള മരുന്നുകൾ എത്രയും പെട്ടെന്നു ലോകവിപണിയിലെത്തിക്കാൻ അവർക്കാകട്ടെ എന്ന് പ്രത്യാശിക്കാം.
ഊർജവിതരണ മേഖലയിലും ഇന്ത്യ സ്തുത്യർഹമായ നേട്ടം കൈവരിച്ചു. വൈദ്യുതോൽപാദന രംഗത്ത് ഏഷ്യയിൽ മൂന്നാം സ്ഥാനമാണ് ഇന്ത്യക്ക്. എല്ലാ ഭവനങ്ങളിലും വൈദ്യുതി എന്ന ലക്ഷ്യം വേഗംതന്നെ സാക്ഷാത്കരിക്കപ്പെടുമെന്നു നമുക്ക് പ്രതീക്ഷിക്കാം. 'നാനാത്വത്തിൽ ഏകത്വം' എന്ന തത്ത്വത്തിൽ അധിഷ്ഠിതമായ ഭാരതസങ്കൽപം വേറൊരു രാഷ്ട്രത്തിനും അവകാശപ്പെടാൻ കഴിയാത്തതാണ്. വ്യത്യസ്ത ജാതി മത വിശ്വാസങ്ങൾ, വിവിധതരം ഭാഷകൾ, നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാര അനുഷ്ഠാനങ്ങൾ, എണ്ണമറ്റ ഉത്സവാഘോഷങ്ങൾ, രുചികരങ്ങളായ ഭക്ഷണ വൈവിധ്യങ്ങൾ എന്നിവയാൽ സമ്പന്നമായ ഭാരതം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രമായി നിലകൊള്ളുന്നതിൽ അതിശയോക്തിയില്ല. ഭരണഘടന അനുശാസിക്കുന്ന നിയമങ്ങൾ അനുസരിക്കുന്ന ഉത്തരവാദിത്തമുള്ള ഇന്ത്യൻ പൗരന്മാരാണ് രാജ്യത്തിൻെറ മുഖമുദ്ര. രാഷ്ട്രീയ താൽപര്യങ്ങൾക്കും വ്യക്തിചിന്തകൾക്കും അതീതമായി നമ്മുടെ രാജ്യത്തിൻെറ യശസ്സും സുരക്ഷയും കാത്തുസൂക്ഷിക്കാൻ അധികാരത്തിൽ ഇരിക്കുന്നവരും അതോടൊപ്പം നമ്മളോരോരുത്തരും ബാധ്യസ്ഥരാണ്. മഹാമാരിയുടെ പിടിയിലകപ്പെട്ട് ആഘോഷങ്ങളില്ലാതെ കടന്നുപോകുന്ന ഈ വർഷത്തെ സ്വാതന്ത്ര്യദിനം ഇന്ത്യയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ശുഭസൂചനകൾക്കുള്ള തുടക്കമാകട്ടെ. ലോകത്തിൻെറ ഏതു കോണിലായാലും ഭാരതീയർ മാനവിക ഐക്യത്തോടെ രാഷ്ട്രപുരോഗതിക്ക് വേണ്ടി നിലകൊള്ളട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.