മ​ദീ​ന​യി​ലെ ‘സ​ല്‍അ്’ പ​ർ​വ​ത​ത്തി​ലെ ‘ബ​നീ ഹ​റം’ ഗു​ഹ​

പ്രവാചക സ്മരണ ഉണർത്തുന്ന ബനീ ഹറം ഗുഹ

മദീന: മുഹമ്മദ് നബിയുടെ ചരിത്ര സ്മരണ ഉണർത്തുന്നതാണ് മദീനയിലെ ബനീ ഹറം ഗുഹ. മസ്‌ജിദുന്നബവിയുടെ വടക്കുപടിഞ്ഞാറ് ഭാഗത്തുള്ള ‘സല്‍അ്’ പർവതത്തിന്റെ ചരിവിലാണ് ഈ ഗുഹ. 80 മീറ്റർ ഉയരവും 300 മുതൽ 800 വരെ മീറ്റർ വീതിയുമാണ് ഗുഹക്കുള്ളത്. കടും തവിട്ടുനിറവും ചിലയിടങ്ങളിൽ കറുപ്പുനിറവും ചേർന്നുള്ള മലയുടെ രൂപഭംഗി ഏറെ ആകർഷണീയമാണ്. മുമ്പ് സല്‍അ് പർവതത്തെ ‘സൂഖ് അൽ മദീന പർവതം’ എന്നും വിളിച്ചിരുന്നു. പർവതത്തിന്റെ പടിഞ്ഞാറൻ ചരിവിലുള്ള ബനീ ഹറം ഗുഹയെ ‘കഹ്ഫ് സജദ’ (പ്രവാചകൻ സാഷ്ടാംഗം ചെയ്ത ഗുഹ) എന്ന പേരിലും ചരിത്രത്തിൽ അറിയപ്പെടുന്നു.

ഈ ഗുഹ നിലനിന്നിരുന്ന പ്രദേശം ബനീ ഹറം ഗോത്രത്തിന്റെ കീഴിലായിരുന്നു. ഇന്നും ‘ശിഹ്ബ് ബനീ ഹറം’ എന്ന പേരിൽ പ്രദേശം അറിയപ്പെടുന്നു. പ്രവാചകന്റെ പ്രമുഖ സഹചാരികളിലൊരാളായ ജാബിർ ബിൻ അബ്ദുല്ല താമസിച്ചിരുന്നത് ബനീ ഹറം താഴ്വരയിലായിരുന്നു.

മുഹമ്മദ് നബി മക്കയിൽനിന്ന് മദീനയിലേക്ക് പലായനം ചെയ്ത ഹിജ്റയുടെ അഞ്ചാം വർഷം നടന്ന ഖന്ദഖ് യുദ്ധവേളയിൽ (കിടങ്ങ് യുദ്ധം) പ്രവാചകൻ ഈ ഗുഹയിൽ നിരവധി രാത്രികൾ കഴിച്ചുകൂട്ടിയിരുന്നു. യുദ്ധവേളയിൽ മദീനയിൽ അന്നുണ്ടായിരുന്ന കഠിനമായ ശീതക്കാറ്റിനെ പ്രതിരോധിക്കാൻ കൂടിയായിരുന്നു ഗുഹയിൽ രാവുകളിൽ അഭയം തേടിയിരുന്നത്. അദ്ദേഹം നീണ്ട നേരം സുജൂദ് ചെയ്ത് ഈ ഗുഹയിൽ നമസ്‌കാരം നിർവഹിച്ചിരുന്നതായും ചരിത്രരേഖകളിൽ കാണാം.

സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ സ​ഞ്ചാ​രി​ക​ൾ

 

ദീർഘനേരം ഗുഹയിൽ പ്രാർഥനയിൽ കഴിഞ്ഞിരുന്നതായി സന്തത സഹചാരിയായിരുന്ന മുആദ് ഇബ്‌നു ജബൽ പറഞ്ഞതായി ചരിത്ര രേഖയിലുണ്ട്. പ്രവാചകൻ യുദ്ധം നിയന്ത്രിക്കുകയും പ്രാർഥനനിമഗ്നനാവുകയും ചെയ്ത സ്ഥലമാണിത് എന്നതാണ് ചരിത്രത്തിൽ ഈ പ്രദേശത്തിന്റെ സ്ഥാനം. പ്രവാചക ചരിതത്തിൽ അടയാളപ്പെടുത്തിയ മസ്ജിദുൽ ഫത്ഹ്, ബനീ ഹറം ഗുഹയുടെ അടുത്താണ് സ്ഥിതി ചെയ്യുന്നത്.

ഏകദേശം രണ്ടു കിലോമീറ്റർ നീളത്തിലും നാലു മുതൽ അഞ്ചു വരെ മീറ്റർ വീതിയിലും മൂന്നു മീറ്റർ ആഴത്തിലും കിടങ്ങ് കുഴിച്ച് ശത്രുക്കളെ പ്രതിരോധിച്ച യുദ്ധമായിരുന്നു ഖന്ദഖ് യുദ്ധം. ഇതിന് ഖുർആനിൽ ‘അഹ്സാബ്’ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ഇന്ന് കിടങ്ങിന്റെ അവശിഷ്ടങ്ങളൊന്നും പ്രദേശത്ത് കാണാൻ കഴിയില്ല. ഒന്നുകിൽ കിടങ്ങ് സ്വാഭാവികമായി നിവർന്നുപോവുകയോ പിൽക്കാലത്ത് റോഡിനും കെട്ടിടങ്ങൾക്കും വേണ്ടി നികത്തിയതോ ആകാം. ഖന്ദഖിലെ മെയിൻ റോഡ് പോകുന്ന ഭാഗത്തുകൂടി തൊട്ടടുത്ത സല്‍അ് മലയോട് ചേർന്ന് വില്ല് ആകൃതിയിലാണ് കിടങ്ങുണ്ടായിരുന്നതെന്നാണ് ചരിത്രം.

ഇന്ന് ഈ പ്രദേശം ‘സബ്അ മസാജിദ്’ (ഏഴു പള്ളികളുള്ള സ്ഥലം) എന്നാണ് അറിയപ്പെടുന്നത്. ഖന്ദഖ് യുദ്ധവേളയിൽ നബിയുടെ പ്രമുഖ അനുചരന്മാർ അണിനിരന്ന സ്ഥലങ്ങളിൽ അതിന്റെ സ്മരണാർഥം പിൽക്കാലത്ത് നിർമിക്കപ്പെട്ടതാണ് ഈ പള്ളികൾ. കുറച്ചു വർഷം മുമ്പ് ഖന്ദഖിൽ നിർമിച്ച പ്രധാനപ്പെട്ട വലിയ പള്ളിയിൽ ഇപ്പോൾ 4,000 പേർക്ക് നമസ്കരിക്കാൻ സൗകര്യമുണ്ട്. സല്‍അ് പർവതവും താഴ്വരകളും ബനീ ഹറം ഗുഹയും പരിസരപ്രദേശങ്ങളിലുള്ള മറ്റു ചരിത്ര പള്ളികളും സന്ദർശിക്കാൻ ധാരാളം പേർ ഇവിടെ എത്തുന്നുണ്ട്. ഇവിടത്തെ ശാന്തമായ അന്തരീക്ഷവും പ്രകൃതിയൊരുക്കിയ ചാരുതയും സഞ്ചാരികളെ ഇങ്ങോട്ടെത്തിക്കുന്ന പ്രധാന ആകർഷണങ്ങളിലൊന്നാണ്.

Tags:    
News Summary - Bani Haram Cave

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.