ജിദ്ദ: സൗദി ശൂറാ കൗൺസിൽ എട്ടാം സെഷെൻറ ആദ്യവർഷ പ്രവർത്തനങ്ങൾ ബുധനാഴ്ച സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തു. സൗദി അറേബ്യയുടെ പാർലമെൻറായ ശൂറയുടെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുന്നതിൽ ഏറെ ആഹ്ലാദമുണ്ടെന്ന് രാജാവ് പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ സമൂഹ അകലം പാലിച്ചാണ് അംഗങ്ങൾ സമ്മേളനത്തിൽ പെങ്കടുക്കുന്നത്. രാജാവ് വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം നിർവഹിച്ചു. രാജ്യത്തിനും ജനങ്ങൾക്കും പൊതുവികസനത്തിനും ശൂറ കൗൺസിലിെൻറ പ്രവർത്തനങ്ങൾ ഏറെ വിലമതിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യസ്ഥാപകൻ അബ്ദുൽ അസീസ് രാജാവിെൻറ കാലം മുതൽ ശൂറ സംവിധാനം നിലവിലുണ്ട്. രാജ്യത്തിെൻറ സുരക്ഷ, അഭിവൃദ്ധി എന്നിവ നേടുന്നതിനും മുന്നോട്ടുള്ള പ്രയാണം ശക്തിപ്പെടുത്തുന്നതിനും ശൂറ വലിയ സഹായമാണ് നൽകുന്നത്. മക്ക, മദീന വിശുദ്ധ ഗേഹങ്ങളെ സേവിക്കാൻ ദൈവം അനുഗ്രഹിച്ചതിൽ അഭിമാനിക്കുന്നു.
പകർച്ചവ്യാധിയെ നേരിട്ടു
ലോകത്തെ ഭീഷണിയിലാഴ്ത്തിയ കോവിഡ് പകർച്ചവ്യാധിയെ രാജ്യത്തിന് ശക്തമായി നേരിടാനായെന്നും രാജാവ് പറഞ്ഞു. പകർച്ചവ്യാധി പടരാതിരിക്കാൻ കൂടുതൽ പ്രതിരോധ മുൻകരുതൽ എടുത്തു. രോഗപ്രതിരോധത്തിനുള്ള ആഗോള ശ്രമങ്ങൾക്ക് സംഭാവനകൾ നൽകി. സജീവമായ മുൻകരുതൽ നടപടികളിലൂടെ രാജ്യത്തെ പൗരന്മാർക്കും പ്രവാസികൾക്കും ഉണ്ടാകുന്ന സാമ്പത്തികവും ആരോഗ്യപരവുമായ ആഘാതം കുറയ്ക്കുന്നതിനും രോഗത്തെ സാധ്യമായ രീതിയിൽ ഉപരോധിക്കാനും കഴിഞ്ഞു.
ആരോഗ്യമുൻകരുതൽ നടപടികൾ പാലിക്കുന്നതിൽ സഹകരിച്ച രാജ്യത്തെ എല്ലാ പൗരന്മാർക്കും വിദേശി സമൂഹത്തിനും പകർച്ചവ്യാധിയെ നേരിടാൻ ശ്രമിച്ച എല്ലാ വകുപ്പുകൾക്കും നന്ദി പറയുന്നു. കോവിഡ് ലോകത്തെ ഗുരുതര പ്രതിസന്ധിയിലാഴ്ത്തിയ ഘട്ടത്തിലും ഹജ്ജ് കർമം നടത്താൻ സാധിച്ചു.
സാമ്പത്തികപ്രതിസന്ധി മറികടന്നു
കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങളും സമ്പദ്വ്യവസ്ഥയുടെ പ്രതിസന്ധികളും കനത്ത നഷ്ടമാണുണ്ടാക്കിയത്. ആഭ്യന്തര സാമ്പത്തികരംഗത്തും സ്വകാര്യമേഖലയിലുമുണ്ടായ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാൻ ഗവൺമെൻറ് വിവിധ സംരംഭങ്ങളുമായി രംഗത്തിറങ്ങി. സ്വകാര്യമേഖലയെ പിന്തുണക്കാനും സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കാനും 219 ശതകോടി റിയാൽ വകയിരുത്തി. ചെറുകിട, ഇടത്തരം സംരംഭങ്ങളെ സഹായിച്ചു. കോവിഡിനെ പ്രതിരോധിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണക്കുകയും അടിയന്തര സഹായങ്ങൾ നൽകുകയും ചെയ്തു. പകർച്ച വ്യാധിയെ നേരിടാൻ രാജ്യത്തെ ആരോഗ്യമേഖലക്ക് 47 ശതകോടി റിയാൽ നൽകുകയുണ്ടായെന്നും സൽമാൻ രാജാവ് പറഞ്ഞു. ജി20 ഉച്ചകോടിയുടെ അധ്യക്ഷ പദവിയിലൂടെ ഗൾഫ് മേഖലക്കും ലോകത്തിനും സാമ്പത്തികവും സാമൂഹികവുമായ സുസ്ഥിര വികസനം സാധ്യമാക്കാനുള്ള അവസരം കൂടിയായി മാറുകയാണ്.
ജി20 അധ്യക്ഷസ്ഥാനത്ത് നിന്നുകൊണ്ട് കോവിഡ് പ്രത്യാഘാതങ്ങൾ ലഘൂകരിക്കാൻ യോഗം വിളിച്ചുകൂട്ടി വലിയ സംഭാവന നൽകാൻ ശ്രദ്ധചെലുത്തി. വിഷൻ 2030 രാജ്യത്ത് ഭാവിയിലേക്കുള്ള റോഡ് മാപ്പാണ്. അഴിമതി ഉന്മൂലനം ചെയ്യലും അതിെൻറ വേരുകൾ ഇല്ലാതാക്കലും ദേശീയമായ വലിയ കടമയാണ്. ലോക രാജ്യങ്ങൾക്കിടയിൽ പല രംഗത്തും നമ്മുടെ രാജ്യത്തിന് പ്രധാന സ്ഥാനം ലഭിച്ചത് എല്ലാവർക്കും അഭിമാനിക്കാവുന്നതാണ്.
ഡിജിറ്റൽ രംഗത്ത് വൻ പുരോഗതി
കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ഡിജിറ്റൽ രംഗത്തും രാജ്യത്തിന് വൻ പുരോഗതി കൈവരിക്കാനായി. മേഖലയിൽ തീവ്രവാദ ചിന്തകൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇറാനിയൻ ഭരണകൂടത്തിെൻറ പദ്ധതിയെ രാജ്യം ഗൗരവത്തോടെയാണ് കാണുന്നത്. രാജ്യങ്ങളിലെ ഇടപെടലും തീവ്രവാദത്തിനുള്ള സഹായവും ആയുധങ്ങൾ നൽകലും ഇറാൻ തുടരുകയാണ്. അന്താരാഷ്ട്ര സമൂഹം ഇതിനെതിരെ ഉറച്ച നിലപാട് സ്വീകരിക്കേണ്ടതിെൻറ ആവശ്യകത ഉൗന്നിപ്പറയുന്നു. ഇറാനിയൻ പിന്തുണയോടെ യമൻ വിമത സായുധസംഘമായ ഹൂതികൾ സൗദി ജനതക്കുനേെര ഡ്രോണുകളും മിസൈലുകളും അയച്ചു നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നതായും രാജാവ് പ്രസംഗത്തിൽ എടുത്തുപറഞ്ഞു.
യമൻ ജനതക്ക് സഹായം തുടരും
ആഭ്യന്തര സംഘർഷത്തിൽ ദുരിതം അനുഭവിക്കുന്ന യമൻ ജനതക്ക് സഹായം നൽകുന്നത് സൗദി അറേബ്യ തുടരുമെന്ന് സൽമാൻ രാജാവ് പറഞ്ഞു. യമൻ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് ശക്തമായ പിന്തുണ തുടരുകയും ചെയ്യും. ഫലസ്തീൻ ജനതക്ക് സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള എല്ലാ സഹായവും പിന്തുണയും തുടരും. അതോടൊപ്പം ഫലസ്തീൻ-ഇസ്രായേൽ പക്ഷങ്ങൾ തമ്മിൽ ചർച്ച നടത്തി നീതിപൂർവവും ശാശ്വതവുമായ ഒരു സമാധാന കരാറിലെത്താനും മധ്യപൗരസ്ത്യ മേഖലയിൽ സമാധാനം സ്ഥാപിക്കാനുമുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണക്കും. സിറിയൻ പ്രശ്നത്തിൽ സുരക്ഷാ കൗൺസിലിെൻറ പ്രമേയത്തിനും ജനീവ നടപടികൾക്കും അനുസൃതമായി സമാധാനപരമായ പരിഹാരത്തിനുവേണ്ടിയുള്ള ശ്രമങ്ങളെയും പിന്തുണക്കും. എല്ലാത്തരം ആക്രമണങ്ങളെയും അപലപിക്കുന്നു. സമാധാനവും സുരക്ഷയും ദുർബലപ്പെടുത്തുകയും ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാനുള്ള ഏതൊരു ശ്രമത്തെയും നിരാകരിക്കുകയും ചെയ്യുന്നു.
തീവ്രവാദത്തെ പിഴുതെറിയാനും പ്രതിരോധിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും രാജ്യം കലവറയില്ലാത്ത പിന്തുണയാണ് നൽകുന്നത്. െഎക്യരാഷ്ട്ര സഭക്കു കീഴിലെ തീവ്രവാദവിരുദ്ധ കേന്ദ്രത്തിന് 110 ദശലക്ഷം ഡോളറാണ് സംഭാവന നൽകിയത്. തീവ്രവാദ ചിന്തയെ നേരിടുന്നതിനായി അന്താരാഷ്ട്ര കേന്ദ്രം സ്ഥാപിക്കാൻ സൗദി അറേബ്യ മുൻകൈയെടുത്തു. ജീവകാരുണ്യ സഹായ രംഗത്ത് മൂന്നു പതിറ്റാണ്ടിനിടയിൽ 86 ശതകോടി ഡോളറിലധികം സഹായം നൽകുകയും 81 രാജ്യങ്ങൾക്ക് ഇതിെൻറ പ്രയോജനം ലഭിക്കുകയും ചെയ്തിട്ടുണ്ടെന്നും രാജാവ് കൂട്ടിച്ചേർത്തു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ഉദ്ഘാടന വേളയിൽ സന്നിഹിതനായിരുന്നു. പുതിയ ശൂറ കൗൺസിൽ അംഗങ്ങൾ ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.