റിയാദ് : പ്രവാസലോകത്തെത്തി വിവിധ കാരണങ്ങളാൽ നാട്ടിൽ പോകാനാവാതെ ഒന്നരപ്പതിറ്റാണ്ട് പിന്നിട്ട തിരുവനന്തപുരം സ്വദേശി മടങ്ങിയത് ജീവനറ്റ ശരീരമായി. 2010ൽ ഹൗസ് ഡ്രൈവർ വിസയിൽ റിയാദിലെത്തിയ തിരുവനന്തപുരം ആശ്രമം സ്വദേശി ബ്രൂണോ സെബാസ്റ്റ്യൻ പീറ്റർ (65) രണ്ടുമാസങ്ങൾക്ക് മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. നിയമക്കുരുക്കുണ്ടായിരുന്നതിനാൽ ഇന്ത്യൻ എംബസിയും കേളി പ്രവർത്തകരും ഏറെ പരിശ്രമിച്ചാണ് മൃതദേഹം നാട്ടിലെത്തിച്ചത്.
റിയാദിലെ അൽഖർജിലെ സാബയിലെത്തിയ പീറ്റർ ആദ്യ ഒരു വർഷം ഡ്രൈവറായി ജോലി ചെയ്യുകയും പിന്നീട് സ്പോൺസർഷിപ് മാറി സ്പെയർപാർട്സ് കച്ചവടം ആരംഭിക്കുകയായിരുന്നു. കച്ചവടം മെച്ചപ്പെടാത്ത അവസ്ഥയിൽ വായ്പ വാങ്ങി മുന്നോട്ടു കൊണ്ടുപോവുകയുമായിരുന്നു. ഈ ബാധ്യത ഉള്ളതിനാൽ പീറ്റർ നാട്ടിലും പോയിരുന്നില്ല. പന്ത്രണ്ട് വർഷത്തോളം ഇത്തരത്തിൽ തുടർന്നു. പിന്നീട് കഴിയാത്ത അവസ്ഥയിലെത്തുകയും സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്തു. പീറ്ററിന് മേൽ പങ്കാളി 51,000 റിയാൽ ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തു. തുടർന്ന് വീണ്ടും ഡ്രൈവറായി ജോലി ആരംഭിച്ചെങ്കിലും നിയമപ്രകാരമുള്ള രേഖകൾ ഉണ്ടായിരുന്നില്ല. 14 വർഷം പിന്നിട്ടപ്പോഴാണ് നാട്ടിൽ പോകാനാഗ്രഹിച്ചതും സാമൂഹിക പ്രവർത്തകർ വഴി ഇന്ത്യൻ എംബസിയെ സമീപിക്കുന്നതും. പങ്കാളി നൽകിയ കേസ് പിൻവലിക്കാതെ എക്സിറ്റ് ലഭിക്കില്ലെന്ന തിരിച്ചറിവിൽ നാടണയാനുള്ള ശ്രമം ഉപേക്ഷിക്കുകയും മറ്റ് ജോലികളിലേക്ക് പ്രവേശിക്കുകയും ചെയ്തു. മൂന്ന് പെണ്മക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ കാര്യത്തിൽ ഒരു കുറവും പീറ്റർ വരുത്തിയിരുന്നില്ല. മൂന്നാമത്തെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും നല്ലരീതിയിൽവിവാഹം നടത്തിയതായി ബന്ധുക്കൾ പറഞ്ഞു.
അൽഖർജ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതശരീരത്തെ കുറിച്ച് ആശുപത്രി അധികൃതർ ഖർജ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കേളി ജീവകാരുണ്യ വിഭാഗം വൈസ് ചെയർമാൻ നാസർ പൊന്നാനി മുഖേന ഇന്ത്യൻ എംബസിയിൽ വിവരം അറിയിച്ചു. ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നതിന് എംബസി നാസർ പൊന്നാനിയെ ചുമതലപ്പെടുത്തി. മൃതശരീരം നാട്ടിലെത്തിക്കുന്ന നടപടിക്രമങ്ങൾ ആരംഭിച്ചപ്പോഴാണ് കേസുള്ള വിവരമറിയുന്നത്. കേസ് നൽകിയ സ്വദേശിയുമായി എംബസിയും അൽഖർജ് പൊലീസ് മേധാവിയും ബന്ധപ്പെട്ടെങ്കിലും അദ്ദേഹം വിട്ടുവീഴ്ചക്ക് തയാറായില്ല. തുടർന്ന് നാസർ പൊന്നാനി അമീർ കോർട്ടിനെയും, ഉയർന്ന കോടതിയെയും സമീപിച്ചു. കോടതി സ്വദേശിയെ വിളിച്ചു വരുത്തിയെങ്കിലും 35,000 റിയാൽ നൽകിയാൽ മാത്രം കേസ് പിൻവലിക്കാമെന്നായി. ഇത്രയും തുക നൽകാൻ വീട്ടുകാർക്ക് കഴിയില്ലെന്ന് അറിയിച്ചു. ഇതിനിടയിൽ നിയമക്കുരുക്കിൽ പെട്ട് രണ്ടു മാസം പിന്നിട്ടിരിന്നു.
തുടർന്ന് അൽഖർജ് പൊലീസ് മേധാവി അറിയിച്ചതിനെ തുടർന്ന് എയർപോർട്ടിൽ നിന്നും മൃതശരീരങ്ങൾക്ക് എക്സിറ്റ് നൽകുന്ന സംവിധാനത്തിൽ എക്സിറ്റ് വാങ്ങിയെടുക്കുകയും പീറ്ററിന്റെ മൃതശരീരം നാട്ടിലേക്ക് അയക്കുകയും ചെയ്തു. നാട്ടിലെത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു. പ്രതിബന്ധങ്ങളെ തരണം ചെയ്ത് പീറ്ററുടെ മൃതശരീരം നാട്ടിലെത്തിക്കാൻ ശ്രമങ്ങൾ നടത്തിയ ഇന്ത്യൻ എംബസിക്കും കേളി വളൻറിയർ നാസർ പൊന്നാനിക്കും പീറ്ററുടെ മകൾ പ്രസന്നകുമാരി കുടുംബത്തിന്റെ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.