ജിദ്ദ: സൽമാൻ രാജാവിന്റെ നിർദേശങ്ങൾക്കനുസൃതമായി രാജ്യത്തിന്റെ പദവിക്ക് അനുയോജ്യമായ മെച്ചപ്പെട്ട ഭാവിയിലേക്കാണ് ഞങ്ങൾ നീങ്ങുന്നതെന്ന് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. 2024ലെ പൊതുബജറ്റിന് സൗദി മന്ത്രിസഭ അംഗീകാരം നൽകിയ അവസരത്തിലാണ് കിരീടാവകാശി ഇക്കാര്യം പറഞ്ഞത്. 2024 ബജറ്റ് വിഷൻ 2030 ന്റെ ചട്ടക്കൂടിനുള്ളിൽ രാജ്യം ആസ്വദിക്കുന്ന മഹത്തായ വികസന ശേഷികളുടെയും അവസരങ്ങളുടെയും വെളിച്ചത്തിൽ സുസ്ഥിര സാമ്പത്തിക വളർച്ചയുടെ നിരക്ക് ഉയർത്താൻ സഹായിക്കുന്നതാണ്. സർക്കാർ ചെലവ് വിപുലീകരിക്കുന്നതിലൂടെ സാമ്പത്തിക വളർച്ച വർധിപ്പിക്കാനുള്ള സർക്കാറിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നതാണെന്നും കിരീടാവകാശി പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താനുള്ള നിക്ഷേപങ്ങളടക്കമുള്ള നിരവധി സംരംഭങ്ങളെയും പരിപാടികളെയും പിന്തുണക്കുന്നതാണ് പുതുവർഷ ബജറ്റ്. പൗരന്മാർക്കും പ്രവാസികൾക്കും സന്ദർശകർക്കും നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനുള്ള നടപടിയുണ്ടാവും. സാമ്പത്തിക മേഖലകൾ വികസിപ്പിക്കുകയും നിക്ഷേപ ആകർഷണം വർധിപ്പിക്കുകയും വ്യവസായങ്ങളെ ഉത്തേജിപ്പിക്കുകയും ചെയ്യുക ബജറ്റ് ലക്ഷ്യങ്ങളാണ്. ആഭ്യന്തര ഉൽപാദനത്തിന്റെയും എണ്ണയിതര കയറ്റുമതിയുടെയും ശതമാനം വർധിപ്പിക്കാനും ബജറ്റ് നിർദേശങ്ങൾ സഹായിക്കുമെന്നും കിരീടാവകാശി സൂചിപ്പിച്ചു. പൊതുനിക്ഷേപ ഫണ്ടിന്റെയും ദേശീയ വികസന ഫണ്ടിന്റെയും ഫലപ്രദവും സുപ്രധാനവുമായ പങ്കിനെ കിരീടാവകാശി പ്രശംസിച്ചു. സാമ്പത്തിക ശേഷി വർധിപ്പിക്കുന്നതിലൂടെയും സർക്കാർ കരുതൽ ധനം കെട്ടിപ്പടുക്കുന്നതിലൂടെയും രാജ്യത്തിന്റെ പൊതു സാമ്പത്തിക പ്രകടനം വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരും. സമ്പദ്വ്യവസ്ഥയുടെ ശേഷി വർധിപ്പിക്കുന്നതിനും പൊതുകടത്തിന്റെ സുസ്ഥിര തലങ്ങൾ നിലനിർത്തുന്നതിനും ഭാവിയിൽ ഉണ്ടാകാവുന്ന ഏതെങ്കിലും സംഭവവികാസങ്ങളെയും പ്രതിസന്ധികളെയും നേരിടാൻ രാജ്യത്തെ പ്രാപ്തമാക്കുന്നതാണിതെന്നും കിരീടാവകാശി പറഞ്ഞു.
പൗരന്മാർക്കും വിദേശികൾക്കും നൽകുന്ന പൊതുസേവനങ്ങളുടെ നിലവാരം വികസിപ്പിക്കാനും അവർക്ക് ഗുണകരമായ നിരവധി പദ്ധതികൾ നടപ്പാക്കാനും ഗവൺമെൻറിനുള്ള താൽപര്യമാണ് ആയിനത്തിൽ ബജറ്റ് വിഹിതം നീക്കിവെക്കുന്നതിൽ പ്രതിഫലിക്കുന്നതെന്ന് കിരീടാവകാശി വിശദീകരിച്ചു.
സാമ്പത്തികാടിത്തറ വിപുലീകരിക്കുന്നതിനും വൈവിധ്യവത്കരിക്കുന്നതിനും ഗുണപരവും ഘടനാപരവുമായ മാറ്റങ്ങൾ ഇത് കൈവരിക്കും. സാമ്പത്തിക വൈവിധ്യവത്കരണം കൈവരിക്കുന്നതിൽ സ്വകാര്യമേഖലയെ പ്രാപ്തമാക്കുന്നതിനുള്ള നടപടികൾ തുടരും. സൗദി മാനവ വിഭവശേഷിയെ കൂടുതൽ ഉൾക്കൊള്ളാൻ കഴിയുംവിധം തൊഴിൽ വിപണിയെ വിപുലീകരിക്കുന്നതിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സ്വന്തം പൗരന്മാർക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറക്കുന്നതിനും ഇത് സഹായിക്കും. തൊഴിൽ വിപണിയിലെ സ്വദേശി പൗരന്മാരുടെ ആകെ എണ്ണം ഈ വർഷം 23 ലക്ഷമായി ഉയർന്നു. നിക്ഷേപാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് പുറമെയാണിത്. ഭാവി മേഖലകളെ പിന്തുണച്ചുകൊണ്ട് സാമ്പത്തിക വൈവിധ്യവത്കരണത്തിന്റെ യാത്ര തുടരുകയാണെന്നും കിരീടാവാശി പറഞ്ഞു.
വ്യവസായിക മേഖല വികസിപ്പിക്കാനുള്ള രാജ്യത്തിന്റെ ദൃഢനിശ്ചയം കിരീടാവകാശി ചൂണ്ടിക്കാട്ടി. 2020നെ അപേക്ഷിച്ച് വ്യവസായിക സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനും വ്യവസായിക ആഭ്യന്തര ഉൽപാദനം ഏകദേശം മൂന്നിരട്ടി ഉയർത്തുന്നതിനുമായി 12 ഉപമേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണിപ്പോൾ രാജ്യം. ആഭ്യന്തര ഉൽപാദനം 2030ൽ 895 ശതകോടി റിയാലായി ഉയർത്താനാണ് ശ്രമിക്കുന്നത്. പ്രാദേശികമായും അന്തർദേശീയമായും രാജ്യത്തിന്റെ പങ്ക് കിരീടാവകാശി ഊന്നിപ്പറഞ്ഞു. ലോകരാജ്യങ്ങൾ സുരക്ഷിതത്വവും സുസ്ഥിരതയും ആസ്വദിക്കാനാണ് സൗദിയുടെ ശ്രമം. എല്ലാ രാജ്യങ്ങളുടെയും വികസനത്തിനും സാമ്പത്തിക അഭിവൃദ്ധിക്കും സഹായകമാകുന്ന വിധത്തിൽ വിതരണ, മൂല്യ ശൃംഖലകൾ വികസിപ്പിക്കുന്നതിനും സുസ്ഥിരമാക്കുന്നതിനുമുള്ള രാജ്യത്തിന്റെ താൽപര്യവും കിരീടാവകാശി ചൂട്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.