ജിദ്ദ: പ്രവാസികളെ ഗൗരവപൂർവം പരിഗണിച്ചാണ് കേരള സർക്കാർ പുതിയ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നതെന്ന് ജിദ്ദ നവോദയ അഭിപ്രായപ്പെട്ടു. ഏറെക്കാലത്തെ പ്രവാസികളുടെ ആവശ്യമായ പെൻഷൻ വർധനയാണ് ഇതിൽ ഏറ്റവും പ്രധാനം. ഇടതുസർക്കാർ അധികാരത്തിൽ വരുമ്പോൾ കേവലം 600 രൂപയായിരുന്നു പെൻഷൻ തുക. അത് ആദ്യഘട്ടത്തിൽതന്നെ 2,000 രൂപയായി വർധിപ്പിച്ചിരുന്നു.
ഇപ്പോള്‍ അത് 3,500 രൂപയായി വീണ്ടും വർധിപ്പിച്ചിരിക്കുന്നു. എല്ലാ പ്രവാസികളെയും ക്ഷേമനിധിയുടെ ഭാഗമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ പ്രവാസി സംഘടനകളുടെ സഹായത്തോടെ നടപ്പാക്കും. മടങ്ങിവരുന്ന പ്രവാസികൾക്ക് നൈപുണ്യ പരിശീലനം, ഏകോപിത പ്രവാസി തൊഴിൽ പദ്ധതികൾ എന്നിവക്കായി 100 കോടി രൂപ വകയിരുത്തി. പ്രവാസി പുനരധിവാസ പദ്ധതികൾക്ക് പ്രത്യേക പരിഗണന, മടങ്ങിവന്ന പ്രവാസികൾക്ക് തിരിച്ചുപോകണമെങ്കിൽ അതിനുള്ള സംവിധാനം, പ്രവാസി ചിട്ടി കൂടുതൽ ആകർഷണീയവും കാര്യക്ഷമവും ആക്കും, നൂറിന പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവാസികൾക്കും കുടുംബത്തിനുമുള്ള ആരോഗ്യ ഇൻഷുറൻസ് നടപ്പിൽ വരുത്തും തുടങ്ങിയ പ്രഖ്യാപനങ്ങൾ പ്രത്യേകം ശ്രദ്ധേയമാണ്. പ്രവാസികളെ ഇത്രയുമധികം പരിഗണിച്ച ഒരു സർക്കാർ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല.
നിലവിൽ നാട്ടിലെത്തിയിട്ടുള്ള പ്രവാസികൾക്കുള്ള വായ്പാപദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കും, ജൂലൈ മാസത്തിൽ പ്രവാസി തദ്ദേശ സംഗമം സംഘടിപ്പിക്കും തുടങ്ങിയവയെല്ലാം ബജറ്റ് പ്രവാസി സൗഹൃദമാണെന്ന് തെളിയിക്കുന്നതായി നവോദയ കേന്ദ്ര കമ്മിറ്റി വിലയിരുത്തി. കേരളത്തിെൻറ മുഖച്ഛായ തന്നെ മാറ്റുന്ന രീതിയിൽ ഓരോ വ്യക്തിയുടെയും ജീവിതത്തെ നേരിട്ട് സ്പർശിച്ചിട്ടുള്ള പദ്ധതികൾ നിരവധിയാണ്. ഇത്തരത്തിൽ ഈ ബജറ്റിനെ ജനകീയ ബജറ്റ് ആയാണ് നോക്കിക്കാണുന്നത് എന്ന് കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ വി.കെ.എ. റഊഫ്, ഷിബു തിരുവനന്തപുരം, ശ്രീകുമാർ മാവേലിക്കര എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.