ജിദ്ദ: കവയിത്രി സുഗതകുമാരി ടീച്ചറുടെ സ്മരണാർഥം മലയാളം മിഷൻ നടത്തിവരുന്ന ‘സുഗതാഞ്ജലി’ ആഗോള കാവ്യാലാപന മത്സരത്തിൽ സൗപർണിക അനിൽ (ദമ്മാം) സബ് ജൂനിയർ വിഭാഗത്തിലും നേഹ പുഷ്പരാജ് (റിയാദ്) സീനിയർ വിഭാഗത്തിലും വിജയികളായി ഗ്രാൻഡ് ഫിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
70 ഓളം രാജ്യങ്ങളിൽനിന്നും 26 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ചാപ്റ്റർ തല വിജയികളിൽനിന്നാണ് ഇവർ ഗ്രാൻഡ് ഫിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ലോക മാതൃഭാഷാ ദിനമായ ഫെബ്രുവരി 21 ന് തിരുവനന്തപുരത്ത് വെച്ച് ‘സുഗതാഞ്ജലി’ ഗ്രാൻഡ് ഫിനാലെ നടക്കുമെന്ന് മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട അറിയിച്ചു. ഗ്രാൻഡ് ഫിനാലെയിലെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന വിജയികൾക്ക് മലയാളം മിഷൻ കാഷ് അവാർഡും സർട്ടിഫിക്കറ്റുകളും സമ്മാനിക്കും.
അൽ ജുബൈൽ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ സൗപണിക വെസ്റ്റ്ലൈൻ കോർപറേറ്റ് കമ്പനിയിലെ ബിസിനസ് ഡെവലപ്മെൻറ് ഓഫിസറായ അനിൽ കുമാറിന്റെയും അധ്യാപിക രഹ്ന അനിലിന്റെയും മകളാണ്. റിയാദ് ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥനായ പുഷ്പരാജിന്റെയും സന്ധ്യയുടെയും മകളായ നേഹ റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. ഇരുവരും മലയാളം മിഷൻ സൗദിഅറേബ്യ ചാപ്റ്ററിനു കീഴിലുള്ള പഠനകേന്ദ്രങ്ങളിലെ കണിക്കൊന്ന സർട്ടിഫിക്കറ്റ് കോഴ്സ് പഠിതാക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.