ജിദ്ദ: നഗര വികസനത്തിന്റെ ഭാഗമായി കെട്ടിടം പൊളിച്ചു മാറ്റൽ പുനരാരംഭിച്ചതോടെ മുനിസിപ്പാലിറ്റി താമസക്കാർക്ക് അറിയിപ്പ് നൽകാൻ തുടങ്ങി. പുതുതായി 12 ഡിസ്ട്രിക്ടുകളിലെ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതോടെയാണ് ഈ പ്രദേശങ്ങളിലെ താമസക്കാർക്ക് താമസം മാറാനുള്ള അറിയിപ്പ് നൽകുന്നത്. ആദ്യം ബനീമാലിക്, വുറൂദ് ഡിസ്ട്രിക്ടിലെ പൊളിച്ചു മാറ്റാൻ പോകുന്ന കെട്ടിട താമസക്കാർക്കാണ് അറിയിപ്പ് നൽകാൻ ആരംഭിച്ചത്. വരും ദിവസങ്ങളിൽ മറ്റ് പ്രദേശങ്ങളിലെ കെട്ടിട താമസക്കാർക്ക് നൽകിത്തുടങ്ങും. പുതുതായി 12 ഡിസ്ട്രിക്ടുകളിലെ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളും നേരത്തെ പൊളിച്ചുമാറ്റിയ മറ്റ് ഡിസ്ട്രിക്ടുകളിലെ കെട്ടിട അവശിഷ്ടങ്ങൾ നീക്കം ചെയ്യലും കഴിഞ്ഞ ശനിയാഴ്ചയാണ് ഇതിനായുള്ള സമിതി പുനരാരംഭിച്ചത്. റമദാനിന് മുമ്പ് 22 ഡിസ്ട്രിക്ടുകളിലെ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്ന ജോലികൾ ഇതിനായുള്ള സമിതി പൂർത്തിയാക്കിയിട്ടുണ്ട്. റമദാനായതോടെ പൊളിക്കുന്ന ജോലികൾ നിർത്തിവെച്ചിരിക്കുകയായിരുന്നു.
12 ഡിസ്ട്രിക്ടുകളിലെ കെട്ടിടങ്ങളിലെ താമസക്കാർക്ക് അറിയിപ്പ് നൽകുന്നതിന് പ്രത്യേക തീയതികളും തീരുമാനിച്ചിട്ടുണ്ട്. ബാനി മാലിക്, വുറൂദ് മേയ് 7, ജാമിഅ, മുശ്രിഫ മേയ് 14, അസീസിയ, റിഹാബ് മേയ് 21, അൽ റവാബി മേയ് 28, റബ്വ, മുൻതസഹാത്, ഖുവൈസ (1) ജൂൺ 11, ഖുവൈസ (2) ജൂൺ 25, അൽഅദ്ൽ വൽഫദ്ൽ ജൂൺ 16, കിലോ 14 നോർത്ത് ജൂൺ 30 എന്നിങ്ങനെയാണ് നിശ്ചയിച്ച തീയതികൾ. നീക്കം ചെയ്യേണ്ട ബാക്കിയുള്ള 12 ചേരിപ്രദേശങ്ങളുള്ള ഡിസ്ട്രിക്ടുകളിലെ കെട്ടിടങ്ങൾ പൊളിച്ചു മാറ്റലും അവശിഷ്ടങ്ങൾ നീക്കം ചെയ്യലും നിശ്ചിത സമയത്തിനകം പൂർത്തിയാക്കുമെന്ന് മുനിസിപ്പാലിറ്റി ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. 2022 നവംബർ 17 ന് ജിദ്ദയിലെ ലക്ഷ്യമിട്ട എല്ലാ ചേരിപ്രദേശങ്ങളിലെ കെട്ടിടം പൊളിയും അവശിഷ്ടങ്ങൾ നീക്കം ചെയ്യലും പൂർത്തിയാകും. മൊത്തം 18.5 ദശലക്ഷം ചതുരശ്രമീറ്റർ വിസ്തീർണമുള്ള 26 ചേരി പ്രദേശങ്ങൾ നീക്കം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
'അൽഐൻ അൽ അസീസിയ'ക്കായുള്ള കിങ് അബ്ദുൽ അസീസ് വഖഫ് ഭൂമിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന മൊത്തം 13.9 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണമുള്ള എട്ട് ചേരിപ്രദേശങ്ങളും നീക്കം ചെയ്യുന്നതിലുൾപ്പെടും. ചേരികളുള്ള ഡിസ്ട്രിക്ടുകളുടെ മൊത്തം എണ്ണം 64 ആണ്. അവയിൽ 43 എണ്ണം പൂർണമായും നീക്കം ചെയ്യുമെന്നാണ് റിപ്പോർട്ട്. ശേഷിക്കുന്ന 30 എണ്ണം വികസിപ്പിക്കും. നീക്കം ചെയ്യപ്പെടില്ല. ഇങ്ങനെയുള്ള ഡിസ്ട്രിക്ടുകളിൽ ഏറ്റവും പ്രമുഖമായത് ജിദ്ദയുടെ കിഴക്കുള്ള ബുറൈമാനും അൽ അജ്‌വാദുമാണ്. അവ നീക്കം ചെയ്യാതെ വികസിപ്പിക്കാനാണ് പദ്ധതിയെന്ന് മുനിസിപ്പൽ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. അൽഖുംറ, അൽസർവാത്ത്, അൽ ദാഹിയ, അൽ വാദി, അൽ ഖൗസൈൻ, അൽ ഫാദില, അൽ ഖുറൈനിയ തുടങ്ങിയ ജിദ്ദയുടെ തെക്ക് പ്രദേശങ്ങളും വികസിപ്പിക്കുന്നതിലുൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.