സൗദിയിൽ ബസപകടം; അറബ് വംശജരായ 14 പേർ മരിച്ചു

യാംബു: സൗദിയിലുണ്ടായ ബസ് അപകടത്തിൽ അറബ് വംശജരായ 14 പേർ മരിച്ചു. സൗദിയിലെ യാംബുവിൽ നിന്നും സന്ദർശക വിസ പുതുക്കുന്നതിനായി ഈജിപ്ഷ്യൻ പൗരന്മാരെയും മറ്റ് ചില അറബ് രാജ്യങ്ങളിലെ പൗരന്മാരെയും കൊണ്ട് ജോർദാനിലേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്. ശനിയാഴ്ച അർധരാത്രി ഉംലജിന്റെയും അൽ വജ്ഹിന്റെയും ഇടയിലുള്ള സ്ഥലത്തുവെച്ച് ഇവർ സഞ്ചരിച്ച ബസ് മറിഞ്ഞാണ് അപകടം.

ശനിയാഴ്ച വൈകീട്ടോടെയാണ് യാംബുവിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും മറ്റുമുള്ള യാത്രക്കാരെയും കൂട്ടി ബസ് പുറപ്പെട്ടത്. യാംബുവിൽ ജോലി ചെയ്തിരുന്ന നിരവധി ഈജിപ്ഷ്യൻ കുടുംബങ്ങളും കുട്ടികളും വാഹനത്തിലുണ്ടായിരുന്നുവെന്നാണ് അറിയുന്നത്. യാംബു അൽ ശിഫ ആശുപത്രിയിൽ ജോലിചെയ്യുന്ന ഈജിപ്ത് സ്വദേശിനിയുടെ രണ്ടു മക്കളും അപകടത്തിൽ മരിച്ചതായി വിവരമുണ്ട്. മരിച്ചവരിൽ കൂടുതലും ഈജിപ്ത് സ്വദേശികളാണെന്നുള്ള വിവരം മാത്രമാണ് അറിയുന്നത്. അപകടം നടന്ന ഉടനെ സിവിൽ ഡിഫൻസ്, റെഡ് ക്രസന്റ് സന്നദ്ധ പ്രവർത്തകർ സ്ഥലത്തെത്തിയിരുന്നു. ബസ് ഡ്രൈവർ ഉറങ്ങിയതാവാം ബസ് അപകടത്തിന് കാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് അധികൃതർ. പരിക്ക് പറ്റിയവരെ ഉംലജിലേയും അൽ വജ്ഹിലെയും ആശുപത്രികളിലേക്ക് ഉടൻ മാറ്റിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. മരിച്ചവരിൽ ഏറെയും വിദ്യാർഥികളും കുട്ടികളുമാണെന്നും പരിക്കേറ്റവരിൽ അധികപേരും ഗുരുതരാവസ്ഥയിലായിരുന്നുവെന്നും അപകട സ്ഥലത്തുണ്ടായിരുന്ന ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.

Tags:    
News Summary - Bus accident in Saudi; 14 people of Arab origin died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.