റിയാദ്: ജർമനിയിലെ മാഗ്ഡെബർഗ് നഗരത്തിലെ ഒരു മാർക്കറ്റിൽ കാറിടിച്ചുകയറ്റി നിരവധിപേരുടെ ജീവനപഹരിച്ച സംഭവത്തെ സൗദി അപലപിച്ചു.ഇത്തരം അക്രമങ്ങളെ നിരാകരിക്കുന്നതിൽ സൗദി അറേബ്യ അതിന്റെ നിലപാട് ആവർത്തിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
മരിച്ചവരുടെ കുടുംബങ്ങളോടും ജർമൻ ഗവൺമെന്റിനോടും ജനങ്ങളോടും ആത്മാർഥമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർഥിക്കുകയും ചെയ്യുന്നതായും പ്രസ്താവനയിൽ പറഞ്ഞു.
സംഭവത്തിൽ മുസ്ലിം വേൾഡ് ലീഗും അപലപിച്ചു. അക്രമത്തെയും ഭീകരതയെയും അതിന്റെ എല്ലാ രൂപത്തിലും തള്ളിക്കളയുകയും അപലപിക്കുകയും ചെയ്യുന്നതാണ് മുസ്ലിം വേൾഡ് ലീഗിന്റെ നിലപാടെന്ന് സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയിൽ പറഞ്ഞു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളോടും മുഴുവൻ ജർമൻ ജനതയോടും മുസ്ലിം വേൾഡ് ലീഗ് ആത്മാർഥമായ ഐക്യദാർഢ്യവും അനുശോചനവും സഹതാപവും അറിയിക്കുന്നുവെന്നും വ്യക്തമാക്കി.
വെള്ളിയാഴ്ച വൈകുന്നേരമാണ് ജർമനിയിലെ മാഗ്ഡെബർഗ് നഗരത്തിലെ തിരക്കേറിയ ക്രിസ്മസ് മാർക്കറ്റിൽ ഒരു കാർ ജനക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി നിരവധിപേരുടെ മരണത്തിനും അനേകം പേർക്ക് പരിക്കേൽക്കാനും ഇടയാക്കിയ സംഭവമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.