ചൈനീസ്​ പ്രധാനമന്ത്രി ലീ ക്വിയാങ്ങും സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനും റിയാദിലെ അൽ യമാമ കൊട്ടാരത്തിൽ

ചൈനീസ്​ പ്രധാനമന്ത്രി റിയാദിൽ, കിരീടാവകാശിയുമായി കൂടിക്കാഴ്​ച

റിയാദ്​: ചൈനീസ്​ പ്രധാനമന്ത്രി ലീ ക്വിയാങ്ങി​െൻറ ഔദ്യോഗിക സൗദി സന്ദ​ർശന പരിപാടികൾ തുടരുന്നു. ബുധനാഴ്​ചയിലെ നാലാമത്​ സൗദി-ചൈനീസ്​ ഉന്നതതല സംയുക്തസമിതി യോഗത്തിനായി ചൊവ്വാഴ്​ച വൈകീട്ടാണ്​ അദ്ദേഹം റിയാദിലെത്തിയത്. വിമാനത്താവളത്തിൽനിന്നേ ഊഷ്​മളവും രാജകീയവുമായ വരവേൽപാണ്​ ലഭിച്ചത്​. റിയാദ്​ ഡെപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ്​ ബിൻ അബ്​ദുൽറഹ്​മാൻ ബിൻ അബ്​ദുൽ അസീസ്​, വാണിജ്യ മന്ത്രി ഡോ. മാജിദ്​ ബിൻ അബ്​ദുല്ല അൽ ഖസബി, റിയാദ്​ മേയർ അമീർ ഡോ. ഫൈസൽ ബിൻ അബ്​ദുൽ അസീസ്​ ബിൻ അയ്യാഫ്​ എന്നിവർ ചേർന്നാണ്​​ ചൈനീസ്​ പ്രധാനമന്ത്രിയെ സ്വീകരിച്ചത്​.

തിങ്കളാഴ്​ച രാവിലെ റിയാദിലെ അൽയമാമ കൊട്ടാരത്തിൽ വെച്ച്​ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ്​ ബിൻ സൽമാനുമായി കൂടിക്കാഴ്​ച നടത്തി. തുടർന്ന്​ ഇരുവരും സൈനിക പരേഡിൽ പ​ങ്കെടുത്തു. അതിന്​ ശേഷം ഇരുവരുടെയും അധ്യക്ഷതയിൽ നാലാമത്​ സൗദി-ചൈനീസ്​ ഉന്നതതല സംയുക്തസമിതി യോഗം ചേർന്നു. സൗദി അറേബ്യയും ചൈനയും തമ്മിൽ വിവിധ രംഗങ്ങളിൽ ഒരുമിച്ച്​ നീങ്ങുന്നതിനുള്ള മാസ്​റ്റർ പ്ലാനുകൾ ചർച്ച ചെയ്​തു. ധാരണാപത്രങ്ങൾ ഒപ്പുവെച്ചു. 

നാലാമത്​ സൗദി-ചൈനീസ്​ ഉന്നതതല സംയുക്തസമിതി യോഗം ചേർന്നപ്പോൾ

 

വികസന പ്രവർത്തനങ്ങളിലടക്കം ചൈനയെ പ്രധാന പങ്കാളിയായി കാണുന്നതിനുള്ള പുതിയ നീക്കത്തിലാണ്​ സൗദി അറേബ്യ. വ്യവസായ വാണിജ്യ രംഗങ്ങളിൽ കൈകോർത്തുള്ള മുന്നേറ്റത്തിനാണ്​ ഒരുങ്ങുന്നത്​. സൗദി പൗരന്മാരിൽ ചൈനീസ്​ ഭാഷാപ്രാവീണ്യമുണ്ടാക്കുന്നതിനുള്ള ദേശീയ പദ്ധതിയും ആരംഭിച്ചു. രാജ്യത്തെ പൊതുവിദ്യാലയങ്ങളിൽ ഈ അധ്യയനവർഷം മുതൽ ചൈനീസ്​ ഭാഷാപഠനത്തിന്​ തുടക്കമായി. ഇതിനായി നിരവധി ചൈനീസ്​ ഭാഷാധ്യാപകർ കഴിഞ്ഞമാസം ചൈനയിൽ നിന്ന്​ സൗദിയിലെത്തിയിരുന്നു.

ഗൾഫിൽ നടത്തുന്ന ത്രിദിന ഔദ്യോഗിക പര്യടനത്തിന്​ തുടക്കം കുറിച്ചാണ്​ ലീ ക്വിയാങ്ങ്​ റിയാദിലെത്തിയത്​. നാളെ​ യു.എ.ഇയിലേക്ക്​ പോകും.

Tags:    
News Summary - Chinese Prime Minister met with the Crown Prince in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.