തബൂക്ക്: അൽഉല റോയൽ കമീഷനും ബ്രിട്ടീഷ് നാഷനൽ ആർകൈവ്സും കൈകോർക്കുന്നു. ചരിത്രമേലഖയിൽ വിവിധ തലങ്ങളിലെ സഹകരണത്തിനും സംയുക്ത ഗവേഷണത്തിനുമായി ഇരുകൂട്ടരും കരാറിൽ ഒപ്പുവെച്ചു. ‘വിഷൻ 2030’ന്റെയും അൽഉലയുടെയും കാഴ്ചപ്പാടിന് അനുസൃതമായി ഗവേഷണവും ചരിത്രരേഖകളുടെ ശേഖരണവും വികസിപ്പിക്കുന്നതിന് വിവിധ അനുബന്ധ മേഖലകളിൽ പങ്കാളികളാകുക എന്ന ലക്ഷ്യത്തോടെയാണിത്.
പരിശീലനവും ശാസ്ത്രീയ കൈമാറ്റവും, ആർകൈവൽ ശേഖരങ്ങളുടെ ഡിജിറ്റലൈസേഷനും വ്യാപനവും, എക്സിബിഷനുകളുടെയും ഇവന്റുകളുടെയും വികസനം, ആർകൈവൽ ഉള്ളടക്കത്തിൽ ഒരു ഗവേഷണ പരിപാടി എന്നീ അഞ്ച് പ്രധാന വിഷയങ്ങളിലെ സഹകരണമാണ് കരാറിന്റെ കാതൽ.
കൂടാതെ ഡിജിറ്റലൈസേഷൻ മേഖലയിലെ സഹകരണം, സംയുക്ത ഗവേഷണ പദ്ധതികൾ, ഡിജിറ്റൽ ആർകൈവിങ് സംരംഭങ്ങൾ, സാംസ്കാരിക പ്രദർശനങ്ങൾ, അൽഉലയുടെയും മനുഷ്യത്വത്തിന്റെയും ചരിത്രത്തിലേക്ക് ഒരു ജാലകം നൽകുന്നതിന് അൽഉലയിലെ ആളുകളിൽനിന്ന് പ്രമാണങ്ങളും ഫോട്ടോകളും വിഡിയോകളും ശേഖരിക്കാനും സംരക്ഷിക്കാനും സഹായിക്കുന്ന സംരംഭങ്ങളും പങ്കാളിത്തത്തിൽ ഉൾപ്പെടും.
യു.കെയിലെ ഔദ്യോഗിക ആർകൈവാണ് ബ്രിട്ടീഷ് നാഷനൽ ആർകൈവ്സ്. ആയിരം വർഷത്തിലേറെ പഴക്കമുള്ള പ്രധാനപ്പെട്ട ദേശീയ രേഖകൾ അവിടെ സംരക്ഷിക്കുന്നു. 11ാം നൂറ്റാണ്ടിൽ ബുക്ക് ഓഫ് വിൻചെസ്റ്റർ എന്നറിയപ്പെടുന്ന ഇംഗ്ലണ്ടിൽ ആദ്യമായി നടത്തിയ ഭൂമിശാസ്ത്ര സർവേയും ആധുനിക രേഖകളും ഉൾപ്പെടെ നിരവധി ചരിത്രരേഖകളുടെ സൂക്ഷിപ്പുകൾ ഇവിടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.