വരുന്നു, സൗദി-യു.എ.ഇ സംയുക്ത ഡിജിറ്റല്‍ കറന്‍സി

ജിദ്ദ: യു.എ.ഇയും സൗദി അറേബ്യയും സംയുക്തമായി പുറത്തിറക്കുന്ന ഡിജിറ്റല്‍ കറന്‍സിയുമായി ബന്ധപ്പെട്ട പദ്ധതിയുടെ സാധ്യതാപഠനം പൂർത്തിയായി. 'ആബെർ' എന്ന് പേരിട്ടിരിക്കുന്ന കറൻസി സൗദി സെൻ‌ട്രൽ ബാങ്കും (സാമ) സെൻ‌ട്രൽ ബാങ്ക് ഓഫ് യുനൈറ്റഡ് അറബ് എമിറേറ്റ്‌സും (സി.ബി.‌യു.‌എ) സംയുക്തമായാണ് പുറത്തിറക്കുന്നത്. പദ്ധതിയുടെ സാധ്യത പഠനഫലങ്ങളുടെ അന്തിമ റിപ്പോർട്ട് ഇരു ബാങ്കുകളുടെയും വെബ്‌സൈറ്റുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. പദ്ധതിയെക്കുറിച്ചു നടന്നുകൊണ്ടിരിക്കുന്ന പരീക്ഷണങ്ങളുടെയും ഗവേഷണങ്ങളുടെയും വെളിച്ചത്തിൽ രണ്ട് സെൻ‌ട്രൽ ബാങ്കുകളും 'ആബെർ' പദ്ധതി ഒരു നൂതനസംരംഭമായി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്.

രണ്ടു രാജ്യങ്ങളുടെ സെൻ‌ട്രൽ ബാങ്ക് തലത്തിൽ നിലവിൽവരുന്ന ഒരൊറ്റ കറൻസി എന്ന ആശയം അന്തർ‌ദേശീയ തലത്തിൽതന്നെ ഇത് ആദ്യത്തേതാണ്. രാജ്യാതിർത്തി കടന്നുള്ള പണമടക്കൽ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും ബാങ്കുകൾ തമ്മിലുള്ള കൈമാറ്റ സമയവും ചെലവും കുറക്കുന്നതിനുമായി കേന്ദ്ര ബാങ്കുകൾ തമ്മിലുള്ള ഡിജിറ്റൽ കറൻസി വിതരണ പദ്ധതി ഏറെ ഉപകാരപ്പെടുമെന്നാണ് കരുതുന്നത്. അതിനൂതന സാ​േങ്കതിക വിദ്യയുടെ സഹായത്തോടെ പൂർണ സുരക്ഷയുറപ്പാക്കിക്കൊണ്ടായിരിക്കും 'ആബെർ' കറൻസി പ്രാവര്‍ത്തികമാക്കുക. ഇരു രാജ്യങ്ങളുടെയും ബാങ്കുകള്‍ക്കിടയിൽ നിയമപരമായിത്തന്നെ നേരിട്ട് ഇടപാടുകള്‍ കൃത്യമായി നടത്താന്‍ സഹായിക്കുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുക.

പദ്ധതിയുടെ സാധ്യതാപഠന റിപ്പോർട്ടിൽ ഇരു ബാങ്കുകളും സംതൃപ്തി പ്രകടിപ്പിച്ചു. ഡിജിറ്റല്‍ കറന്‍സി സമൂഹത്തിനും പൊതുവേ സാമ്പത്തിക വ്യവസ്ഥക്കും ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. യു.എ.ഇ, സൗദി ചുവടുപിടിച്ച് മറ്റുപല രാജ്യങ്ങളുടെയും സെന്‍ട്രല്‍ ബാങ്കുകള്‍ സംയുക്തമായി ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കാൻ തയാറാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

Tags:    
News Summary - Coming up, Saudi-UAE joint digital currency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.