സോഷ്യൽ മീഡിയയിലെ
ഇരുട്ടിലൂടെ നടക്കുകയാണ്.
വഴിയിൽ വിഷജീവികളാണ് കൂടുതലും.
ഉഗ്രവിഷമുള്ളവ.
ചിലത് പേടിപ്പെടുത്തുന്നവ
ചിലത് അറപ്പുളവാക്കുന്നവ
മാളത്തിൽ ഒളിച്ചിരുന്ന് വിഷം ചീറ്റുന്നവ
കാലുകളിൽ ചുറ്റിവരിഞ്ഞ്
നമ്മളെ ശ്വാസം മുട്ടിക്കുന്നവ
ചൊറിഞ്ഞുപൊട്ടി വികൃതമായ...
ചിന്തകളുള്ളവ...
വരൂ...
നമുക്ക് മനുഷ്യരുടെ ഭാഗത്തേക്ക് പോകാം
കുഞ്ഞുവാവയുമായി ഒരു പെങ്ങൾ
ഒരുപാട് കുഞ്ഞുങ്ങൾക്ക് സ്നേഹമൂട്ടാൻ
വീണുപോയവരെ തിരഞ്ഞ് ഒരുപാടു പേർ
ചെളിയിൽ പൂണ്ടുപോയ ജീവനെ
തിരിച്ചെടുക്കുന്ന ദൈവങ്ങൾ
നമ്മുടെ സൈന്യം...
ഫയർ ഫോഴ്സ്... പൊലീസ്...
പിന്നെ മെലിഞ്ഞൊട്ടിയ മുഖവുമായി
നൗഷാദ്ക്ക
ഒരുപാട് കുഞ്ഞുടുപ്പുകൾ...
പേരറിയാത്ത
ഒരുപാട് നന്മയുള്ളവർ
വീണുപോയവരുടെ മുകളിൽ
ഇനിയൊരു മണൽത്തരി പോലും
വീഴാനനുവദിക്കാതെ
മതിലായി ഒരുപാട് മനുഷ്യർ
വീണുപോയവർക്കായി
നെഞ്ചുപൊട്ടി കരയുന്ന
എത്രയോ മനുഷ്യർ...
മുലപ്പാൽ, ഭക്ഷണം, വസ്ത്രം...
പണം... രക്തം... സ്നേഹം...
വിലമതിക്കാനാവാത്ത ജീവൻ...
ഇതൊക്കെ തരാൻ തയാറായി
ഒരുപാട് മനുഷ്യരിങ്ങനെ നിൽക്കുമ്പോൾ
നമ്മൾ തോൽക്കുന്നതെങ്ങനെ!
വിഷ ജന്തുക്കളെ
അറപ്പോടെ മാറ്റിനിർത്തുക.
നമുക്ക് നമ്മൾ മതി.
സ്വയം ദൈവങ്ങളായി മാറിയ
ഒരുപാട് മനുഷ്യരുള്ളപ്പോൾ
നമ്മൾ പേടിക്കുന്നതെന്തിന്?
നമ്മൾ തന്നെ ജയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.