റിയാദ്: സഹോദര രാജ്യമായ സുഡാനിൽ ആഭ്യന്തര സംഘർഷം വീണ്ടും രൂക്ഷമായതിൽ ആശങ്ക പ്രകടിപ്പിച്ച് സൗദി അറേബ്യ. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സാധാരണക്കാർ ഇരകളായി മാറുന്ന അക്രമണം വർധിക്കുന്നതിൽ കടുത്ത ഉത്കണ്ഠയുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
സുഡാനിലെ ജസീറ സംസ്ഥാനത്തിന്റെ കിഴക്കൻ ഭാഗത്ത് നിരവധി സിവിലിയന്മാർ കൊല്ലപ്പെട്ട സംഭവത്തെ സൗദി അപലപിക്കുന്നു. നിരവധി സാധാരണക്കാരാണ് മരിച്ചത്.
അതിലുമേറെ ആളുകൾക്ക് ഗുരതര പരിക്കേറ്റു. ഇത് സിവിലിയന്മാരെ സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. ബന്ധപ്പെട്ട കക്ഷികൾ ഇത്തരം ആക്രമണങ്ങളിൽനിന്ന് പിന്തിരിയണം. 2023 മേയ് 11-ന് ഒപ്പുവെച്ച ജിദ്ദ ഉടമ്പടിയിൽ പരസ്പരം അംഗീകരിച്ച കാര്യങ്ങൾ പാലിക്കാൻ എല്ലാ കക്ഷികളും തയാറാവണമെന്നും വെടിനിർത്തണമെന്നും സൗദി ആവശ്യപ്പെട്ടു.
യുദ്ധം ചെയ്യുന്ന കക്ഷികളോട് തീക്കളി നിർത്താനും സംഘർഷം അവസാനിപ്പിക്കാനും ദുരിതബാധിതർക്ക് മാനുഷിക സഹായം ലഭ്യമാക്കാനും അഭ്യർഥിക്കുന്നു.
സുഡാന്റെ സ്ഥിരതയെ പിന്തുണക്കുന്നതിലും അതിലെ നിയമാനുസൃത സ്ഥാപനങ്ങളുടെ ഐക്യം, പരമാധികാരം, സ്വാതന്ത്ര്യം എന്നിവ സംരക്ഷിക്കുന്നതിലും തങ്ങളുടെ ഉറച്ച നിലപാട് ആവർത്തിക്കുകയാണെന്നും പ്രതിസന്ധി അവസാനിപ്പിക്കാനുള്ള ഏക മാർഗം രാഷ്ട്രീയ പരിഹാരമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.